പശ്ചിമേഷ്യയിലെ അമേരിക്ക–ഇറാൻ സംഘർഷം വീണ്ടും അതീവ ഗുരുതര ഘട്ടത്തിലേക്ക് കടന്നപ്പോൾ എണ്ണവിലയും ക്രമാതീതമായി ഉയർന്നു. ജോർദാനിലെ അമേരിക്കൻ സൈനിക താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഏകദേശം എട്ട് F-15 യുദ്ധവിമാനങ്ങൾക്ക് നാശനഷ്ടമുണ്ടായി ഒരു A-10 Thunderbolt വിമാനത്തിനും ഗുരുതരമായ കേടുപാടുകൾ സംഭവിച്ചു.അമേരിക്കൻ സേനയുടെ പ്രധാന പ്രാദേശിക വ്യോമതാവളങ്ങളിലൊന്നായ Muwaffaq Salti Air Base ലക്ഷ്യമിട്ടായിരുന്നു ഇറാന്റെ ആക്രമണം. അമേരിക്കൻ സേന 30-ലധികം Patriot മിസൈലുകൾ ഉപയോഗിച്ച് ആക്രമണം പ്രതിരോധിക്കാൻ ശ്രമിച്ചിട്ടും കാര്യമായ ഫലം ഉണ്ടായില്ല.നേരത്തെ അമേരിക്ക അഞ്ച് ഇറാനിയൻ എണ്ണക്കപ്പലുകൾ ആക്രമിച്ചതിന് പിന്നാലെയാണ് ഇറാന്റെ ശക്തമായ തിരിച്ചടി ഉണ്ടായത്.
ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം കൂടുതൽ വ്യാപിക്കുമെന്ന ആശങ്കയാണ് ഉയരുന്നത്. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തെയും എണ്ണക്കപ്പലുകളെയും ചുറ്റിപ്പറ്റി ആക്രമണങ്ങൾ ശക്തമായതോടെ ആഗോള എണ്ണവിപണിയിലും വലിയ ചലനമാണ് ഉണ്ടായിരിക്കുന്നത്. ഇറാൻ നിരവധി കപ്പലുകൾക്ക് നേരെ ആക്രമണം നടത്തിയതായി അവകാശപ്പെട്ടിട്ടുണ്ട്.
എണ്ണവില 100 ഡോളർ കടന്നു; അയർലൻഡിനും തിരിച്ചടി
യുദ്ധം വീണ്ടും രൂക്ഷമായതോടെ അന്താരാഷ്ട്ര വിപണിയിൽ Brent ക്രൂഡ് ഓയിൽ വില ബാരലിന് 105 ഡോളറിന് മുകളിലേക്ക് ഉയർന്നു. സെപ്റ്റംബർ തുടക്കത്തിൽ തന്നെ എണ്ണവില 100 ഡോളർ കടന്നിരുന്നു. പുതിയ സംഭവവികാസങ്ങൾ ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കടത്ത് തടസ്സപ്പെടാനുള്ള സാധ്യതയാണ് വിപണിയിലെ ഏറ്റവും വലിയ ആശങ്ക.ഇതിന്റെ പ്രതിഫലം അയർലൻഡിലും നേരിട്ട് അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്. അന്താരാഷ്ട്ര എണ്ണവില ഉയർന്നപ്പോൾ പെട്രോൾ, ഡീസൽ, ഹോം ഹീറ്റിംഗ് ഓയിൽ തുടങ്ങിയവയുടെ വിലയും വർദ്ധിച്ചു.അയർലൻഡ് ഊർജത്തിനായി വലിയ തോതിൽ ഇറക്കുമതിയെ ആശ്രയിക്കുന്നതിനാൽ ആഗോള എണ്ണവിലയിലെ ചലനങ്ങൾ രാജ്യത്തെ ഉപഭോക്തൃ വിലകളിലേക്ക് താരതമ്യേന വേഗത്തിൽ പകരുമെന്ന് സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ട് വ്യക്തമാക്കുന്നു.
ഇതിനകം തന്നെ ചില പ്രദേശങ്ങളിൽ ഡീസൽ വില ലിറ്ററിന് €2.10 വരെ എത്തിയിട്ടുണ്ട്. ഉയർന്ന ഇന്ധനവില തുടരുകയാണെങ്കിൽ സർക്കാർ കൂടുതൽ സഹായനടപടികൾ പരിഗണിക്കേണ്ട സാഹചര്യമുണ്ടാകുമെന്ന് Taoiseach Micheál Martin സൂചന നൽകിയിട്ടുണ്ട്. നിലവിലെ ഇന്ധന നികുതി ഇളവുകൾ നവംബർ വരെ നീട്ടിയിട്ടുണ്ടെങ്കിലും വിലക്കയറ്റം തുടർന്നാൽ കൂടുതൽ ഇടപെടലുകൾ ആവശ്യമായി വരാം.
യുദ്ധം നീളുന്നത് ഇന്ധനവിലയെ മാത്രം അല്ല ബാധിക്കുന്നത് ജീവിതച്ചെലവും ഉയരുന്ന സ്ഥിതിയാണ് നിലവിലുള്ളത്.എണ്ണവില ഉയരുന്നത് പെട്രോൾ പമ്പിലെ വിലയിൽ മാത്രം ഒതുങ്ങില്ല. ഗതാഗതച്ചെലവ് ഉയരുന്നതോടെ ഭക്ഷണം, നിർമ്മാണ വസ്തുക്കൾ, റീട്ടെയിൽ ഉൽപ്പന്നങ്ങൾ, ഡെലിവറി സേവനങ്ങൾ തുടങ്ങി വിവിധ മേഖലകളിലും ചെലവ് കൂടാൻ സാധ്യതയുണ്ട്.അയർലൻഡിലെ സെൻട്രൽ ബാങ്ക് നടത്തിയ വിലയിരുത്തലിൽ, ഗുരുതരമായ എണ്ണ–വാതക വിലക്കയറ്റം പൂർണമായും ഉപഭോക്താക്കളിലേക്ക് പകരുകയാണെങ്കിൽ രാജ്യത്തെ മൊത്തത്തിലുള്ള ഉപഭോക്തൃവില നിലവാരത്തിൽ ശ്രദ്ധേയമായ വർധനവുണ്ടാകാമെന്ന് ചൂണ്ടിക്കാട്ടുന്നു. അതിന്റെ ഒരു ഭാഗം ഊർജച്ചെലവിലൂടെ നേരിട്ടും മറ്റൊരു ഭാഗം വിതരണശൃംഖലയിലൂടെ പരോക്ഷമായും എത്തും.
അതുകൊണ്ട് തന്നെ ഇറാന്റെ തിരിച്ചടിയും ഹോർമുസ് കടലിടുക്കിലെ സംഘർഷവും ഇനി പശ്ചിമേഷ്യൻ യുദ്ധത്തിന്റെ മാത്രം വിഷയമല്ല. അയർലൻഡിലെ വാഹനമോടിക്കുന്നവരുടെ ചെലവ് മുതൽ കുടുംബങ്ങളുടെ ജീവിതച്ചെലവ് വരെ ബാധിക്കാവുന്ന ആഗോള സാമ്പത്തിക പ്രതിസന്ധിയായി അയർലണ്ടിലും മാറുന്ന സ്ഥിതിയാണ് നിലവിലുള്ളത്.

Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments