അയർലണ്ട് സീറോ മലബാർ സഭയുടെ നാഷണൽ നോക്ക് തീർത്ഥാടനം മെയ് 9-ന്

By Rose Malayalam Desk

ഡബ്ലിൻ: അയർലണ്ടിലെ സീറോ മലബാർ സഭയുടെ ഈ വർഷത്തെ നാഷണൽ നോക്ക് മരിയൻ തീർത്ഥാടനം മെയ് 9-ാം തീയതി ശനിയാഴ്ച ഭക്തിപൂർവ്വം നടത്തപ്പെടും. പരിശുദ്ധ അമ്മയുടെ അനുഗ്രഹസാന്നിധ്യം നിറഞ്ഞുനിൽക്കുന്ന കൗണ്ടി മയോയിലെ നോക്ക് അന്താരാഷ്ട്ര ദിവ്യകാരുണ്യ-മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ റിപ്പബ്ലിക് ഓഫ് അയർലണ്ടിലെയും നോർത്തേൺ അയർലണ്ടിലെയും സീറോ മലബാർ വിശ്വാസികൾ ഒന്നിച്ചുചേരും.

സഭയുടെ കീഴിലുള്ള 38 വിശുദ്ധ കുർബാന കേന്ദ്രങ്ങളിലുമായി തീർത്ഥാടനത്തിനായുള്ള ഒരുക്കങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. തീർത്ഥാടന ദിനമായ മെയ് 9-ന് രാവിലെ 9:45-ന് നോക്ക് ബസിലിക്കയിൽ ജപമാല ആരംഭിക്കും. തുടർന്ന് ആഘോഷപൂർവ്വമായ സീറോ മലബാർ വിശുദ്ധ കുർബാനയും ഭക്തിനിർഭരമായ പ്രദക്ഷിണവും നടക്കും.

കത്തോലിക്കാ സഭയുടെ മതാന്തര സംവാദത്തിനുള്ള ഡിക്കാസ്റ്ററിയുടെ പ്രിഫക്റ്റ് കർദ്ദിനാൾ മാർ ജോർജ്ജ് കൂവക്കാട്ട് മുഖ്യകാർമ്മികനായിരിക്കും. സീറോ മലബാർ സഭയുടെ യൂറോപ്പിലെ വിശ്വാസികൾക്കായുള്ള അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്തും, അയർലണ്ട് നാഷണൽ കോർഡിനേറ്റർ ഫാ. ജോസഫ് ഓലിയക്കാട്ടും, അയർലണ്ടിലെ മുഴുവൻ സീറോ മലബാർ വൈദികരും തീർത്ഥാടനത്തിൽ സജീവ സാന്നിധ്യമറിയിക്കും.

സീറോ മലബാർ സഭാംഗമായ കർദ്ദിനാൾ മാർ ജോർജ്ജ് കൂവക്കാട്ട്, 2006 മുതൽ 2020 വരെ പരിശുദ്ധ സിംഹാസനത്തിൻ്റെ നയതന്ത്ര വിഭാഗത്തിൻകീഴിൽ വിവിധ രാജ്യങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2020 മുതൽ പരിശുദ്ധ സിംഹാസനത്തിന്റെ സ്റ്റേറ്റ് സെക്രട്ടേറിയറ്റിലെ ജേർണീസ് ഓഫീസിൽ പ്രവർത്തിച്ചുവരുന്നു. മാർപ്പാപ്പയുടെ വിദേശയാത്രകളുടെ സംഘാടനത്തിൻ്റെ ഉത്തരവാദിത്തമുള്ള ഈ ഓഫീസിൻ്റെ മേധാവിയായി 2021 മുതൽ സേവനം ചെയ്തുവരികെ പോപ്പ് ഫ്രാൻസിസ് അദ്ദേഹത്തെ കർദ്ദിനാളായി ഉയർത്തുകയിരുന്നു. ചങ്ങനാശേരി അതിരൂപതാംഗമായ കർദ്ദിനാൾ കൂവക്കാട്ടിൻ്റെ കർദ്ദിനാൾ എന്ന നിലയിലുള്ള ആദ്യ അയർലണ്ട് സന്ദർശനമാണിത്. തീർത്ഥാടന ദിനം രാവിലെ 10 മണിക്ക് കർദ്ദിനാളിന് അയർലണ്ട് സീറോ മലബാർ സഭ ഔദ്യോഗിക സ്വീകരണം നൽകും.

കാറ്റിക്കിസം സ്കോളർഷിപ്പ് പരീക്ഷയിൽ ഉന്നതവിജയം നേടിയ കുട്ടികളെയും, ബൈബിൾ ക്വിസ് മത്സരങ്ങളിൽ ദേശീയതലത്തിൽ വിജയം കൈവരിച്ചവരേയും, 2025-ലെ ലീവിംഗ് സെർട്ട് (A Level – Northern Ireland) പരീക്ഷയിൽ മികച്ച നേട്ടം കൈവരിച്ച വിദ്യാർത്ഥികളേയും തദ്ദവസരത്തിൽ ആദരിക്കും. അഞ്ചോ അതിലധികമോ മക്കളുള്ള വലിയ കുടുംബങ്ങളെയും ഈയവസരത്തിൽ പ്രത്യേകമായി ആദരിക്കും.

1879 ഓഗസ്റ്റ് 21-ന് കൗണ്ടി മയോയിലെ നോക്ക് ഗ്രാമത്തിൽ സ്നാപക യോഹന്നാന്റെ പേരിലുള്ള ദേവാലയത്തിന് സമീപം നടന്ന മരിയൻ പ്രത്യക്ഷീകരണം അയർലണ്ടിലെ വിശ്വാസചരിത്രത്തിലെ സുപ്രധാന സംഭവങ്ങളിലൊന്നാണ്. പരിശുദ്ധ കന്യകാമാതാവിനൊപ്പം യൗസേപ്പിതാവും യോഹന്നാൻ ശ്ലീഹായും പ്രത്യക്ഷപ്പെട്ടതായി ദൃക്സാക്ഷികൾ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഏകദേശം രണ്ട് മണിക്കൂറോളം നീണ്ടുനിന്ന ഈ ദർശനത്തിൽ ബലിപീഠം, കുരിശ്, ദിവ്യആട്ടിൻകുട്ടി, ദൂതന്മാർ എന്നിവയും ദർശിക്കപ്പെട്ടുവെന്ന് വിശ്വസിക്കുന്നു. സഭ നിയോഗിച്ച കമ്മീഷനുകൾ ഈ സംഭവത്തെ വിശ്വാസയോഗ്യമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയും ഫ്രാൻസിസ് മാർപ്പാപ്പയും നോക്ക് ദേവാലയം സന്ദർശിച്ചിട്ടുള്ളതും, വിശുദ്ധ മദർ തെരേസ ഇവിടെ പ്രാർത്ഥിച്ചിട്ടുള്ളതും ഈ തീർത്ഥാടനകേന്ദ്രത്തിന്റെ മഹത്വം വർദ്ധിപ്പിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി വർഷംതോറും ആയിരക്കണക്കിന് തീർത്ഥാടകർ നോക്ക് സന്ദർശിക്കുന്നു.

അയർലണ്ടിലെ മലയാളി കുടുംബങ്ങൾ പതിവായി നോക്ക് സന്ദർശിച്ച് പ്രാർത്ഥനയിൽ പങ്കുചേരുകയും അനുഗ്രഹം പ്രാപിക്കുകയും ചെയ്യുന്നു. എല്ലാ രണ്ടാം ശനിയാഴ്ചകളിലും രാവിലെ 10 മണിമുതൽ മലയാളത്തിൽ കുമ്പസാരത്തിനുള്ള സൗകര്യവും തുടർന്ന് 12 മണിമുതൽ ആരാധനയും സീറോ മലബാർ വിശുദ്ധ കുർബാനയും ഇവിടെ നടന്നുവരുന്നു. സീറോ മലബാർ സഭയുടെ വൈദികരുടെ സ്ഥിരസേവനവും ഈ തീർത്ഥാടനകേന്ദ്രത്തിൽ ലഭ്യമാണ്.

സീറോ മലബാർ സഭയുടെ നാഷണൽ പാസ്റ്ററൽ കൗൺസിലിന്റെ നേതൃത്വത്തിൽ തീർത്ഥാടനത്തിനായുള്ള ക്രമീകരണങ്ങൾ പുരോഗമിക്കുന്നു. നോക്ക് മരിയൻ തീർത്ഥാടനത്തിൽ പങ്കുചേരുവാൻ അയർലണ്ടിലെ മുഴുവൻ വിശ്വാസികളേയും സഭാനേതൃത്വം പ്രാർത്ഥനാപൂർവ്വം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments