യൂറോപ്പിൽ ക്രിക്കറ്റ് പൂരമൊരുക്കാൻ യൂറോപ്യൻ ടി20 ലീഗ്; ഡബ്ലിൻ ഗാർഡിയൻസിന്റെ ഉടമയായി രാഹുൽ ദ്രാവിഡ്

By Rose Malayalam Desk

യൂറോപ്യന്‍ ടി20 പ്രീമിയര്‍ ലീഗ് ടീമായ ഡബ്ലിന്‍ ഗാര്‍ഡിയന്‍സിന്റെ ഉടമയായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ്. ഓഗസ്റ്റില്‍ ആരംഭിക്കാനിരിക്കുന്ന ലീഗിലെ ആറ് ടീമുകളിലൊന്നാണ് ഡബ്ലിന്‍ ഗാര്‍ഡയന്‍സ്. ഇന്ത്യന്‍ താരമായ രവിചന്ദ്രന്‍ അശ്വിനാണ് ഡബ്ലിന്‍ ഗാര്‍ഡിയന്‍സിനെ നയിക്കുക.

ക്രിക്കറ്റ് അയര്‍ലണ്ട്, ക്രിക്കറ്റ് സ്‌കോട്‌ലണ്ട്, റോയല്‍ ഡച്ച് ക്രിക്കറ്റ് അസോസിയേഷന്‍ എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ലീഗില്‍ ഡബ്ലിന് പുറമെ ബെല്‍ഫാസ്റ്റ്, എഡിന്‍ബറോ, ഗ്ലാസ്‌ഗോ, റോട്ടര്‍ഡാം, ആംസ്റ്റര്‍ഡാം എന്നിവിടങ്ങളില്‍ നിന്നുള്ള ടീമുകളാണ് കളിക്കുന്നത്. യൂറോപ്പില്‍ ഐസിസി അംഗീകാരമുള്ള ആദ്യ ബഹുരാഷ്ട്ര ടി20 ഫ്രാഞ്ചൈസ് ലീഗുമാണ് യൂറോപ്യന്‍ ടി20 പ്രീമിയര്‍ ലീഗ്.

യൂറോപ്പില്‍ ക്രിക്കറ്റിന് കൂടുതല്‍ വേരോട്ടം നല്‍കുമെന്നതാണ് ലീഗിന്റെ ഭാഗമാകാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് രാഹുല്‍ ദ്രാവിഡ് പറഞ്ഞു. അയര്‍ലണ്ടിലെയും, യൂറോപ്പിലെയും ചെറുപ്പക്കാര്‍ക്ക് ക്രിക്കറ്റില്‍ മികച്ച അവസരങ്ങളൊരുക്കാന്‍ ലീഗിന് സാധിക്കുമെന്ന് പറഞ്ഞ ദ്രാവിഡ്, അടുത്ത തലമുറയെ വാര്‍ത്തെടുക്കുക എന്നത് തന്നെ സംബന്ധിച്ചിടത്തോളം എപ്പോഴും പ്രധാനപ്പെട്ടതാണെന്നും കൂട്ടിച്ചേര്‍ത്തു.

ലീഗിന്റെ സഹ ഉടമയായി ഉള്ളത് ബോളിവുഡ് താരമായ അഭിഷേക് ബച്ചനാണ്. ക്രിക്കറ്റ് താരങ്ങളായ ഗ്ലെന്‍ മാക്‌സ്‌വെല്‍, സ്റ്റീവ് വോ, നഥാന്‍ മക്കല്ലം, കൈല്‍ മില്‍സ്, ക്രിസ് ഗെയ്ല്‍, ജോണ്ടി റോഡ്‌സ്, ഫാഫ് ഡ്യുപ്ലെസി, ഹെന്റിച്ച് ക്ലാസന്‍ എന്നിവരും ലീഗിലെ വിവിധ ടീമുകളുടെ ഉടമകളില്‍ പെടുന്നു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments