ടിപ്പററി സെന്റ് കുറിയാക്കോസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ വാർഷിക പെരുന്നാളും പൈതൽ നേർച്ചയും ജൂലൈ 17, 18 തീയതികളിൽ

By Rose Malayalam Desk

കാരിക് ഓൺ സ്യൂർ (അയർലണ്ട്): മലങ്കര ഓർത്തഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന് കീഴിലുള്ള അയർലണ്ടിലെ പ്രഥമ സ്വന്തം ദേവാലയമായ കാരിക് ഓൺ സ്യൂരിലെ (Carrick-on-Suir) സെന്റ് കുറിയാക്കോസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിൽ (ടിപ്പററി പള്ളി) ഈ വർഷത്തെ പ്രധാന വാർഷിക പെരുന്നാളും വി. മൂന്നിന്മേൽ കുർബാനയും പൈതൽ നേർച്ചയും ജൂലൈ 17, 18 (വെള്ളി, ശനി) തീയതികളിൽ ഭക്തിപൂർവ്വം കൊണ്ടാടുന്നു.

അത്ഭുതങ്ങൾ കൊണ്ട് വിശ്വാസികൾക്ക് ആശ്വാസമേകുന്ന സ്വർഗീയ മധ്യസ്ഥൻ വിശുദ്ധ മാർ കുറിയാക്കോസ് സഹദായുടെയും മാതാവ് വിശുദ്ധ യൂലിത്തിയുടെയും ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് വിപുലമായ ക്രമീകരണങ്ങളാണ് പള്ളിയിൽ ഒരുക്കിയിരിക്കുന്നത്. പെരുന്നാൾ ചടങ്ങുകൾക്ക് ഭദ്രാസനാധിപൻ അഭിവന്ദ്യ എബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത മുഖ്യ കാർമ്മികത്വം വഹിക്കും

.പ്രധാന ആകർഷണം: മൂന്നിന്മേൽ കുർബാനയും ‘പൈതൽ നേർച്ചയും’പെരുന്നാളിന്റെ പ്രധാന ദിവസമായ ജൂലൈ 18 ശനിയാഴ്ച ഭക്തിനിർഭരമായ മൂന്നിന്മേൽ കുർബാന ഉണ്ടായിരിക്കുന്നതാണ്. അഭിവന്ദ്യ എബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്തയോടൊപ്പം ഇടവകയുടെ മുൻ വികാരിയും ഭദ്രാസനത്തിലെ സീനിയർ വൈദീകനുമായ ഫാ. നൈനാൻ പി. കുറിയാക്കോസ്, ഫാ. ജിജോ പുതുപ്പള്ളി എന്നിവർ സഹകാർമികത്വം വഹിക്കും.

കൂടാതെ പെരുന്നാളിനോടനുബന്ധിച്ച് നടത്തുന്ന ‘പൈതൽ നേർച്ച’ ഏറെ അനുഗ്രഹീതമായ ചടങ്ങായിരിക്കും. 12 വയസ്സിൽ താഴെയുള്ള കുട്ടികളുടെ നല്ല ഭാവിക്കായും ആയുസിനും ആരോഗ്യത്തിനുമായി അവരെ ദൈവ സന്നിധിയിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്ന ഈ വിശുദ്ധ ചടങ്ങിലേക്ക് എല്ലാ മാതാപിതാക്കളെയും മക്കളെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി ഇടവക ഭാരവാഹികൾ അറിയിച്ചു.പെരുന്നാൾ പ്രോഗ്രാം വിവരങ്ങൾ :ജൂലൈ 17 (വെള്ളിയാഴ്ച): വൈകുന്നേരം 5.30: കൊടിയേറ്റ്, തുടർന്ന് സന്ധ്യാ നമസ്കാരം (Flag Hoisting followed by Evening Prayer) 6.30: മധ്യസ്ഥ പ്രാർത്ഥന (Intercessory Prayer) 6.45: ധ്യാനം (Retreat) തുടർന്ന് ഭക്തിനിർഭരമായ ഗാനസന്ധ്യയും സ്നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്.

ജൂലൈ 18 (ശനിയാഴ്ച): രാവിലെ 8.30: പ്രഭാത നമസ്കാരം (Morning Prayer) 9.30: വിശുദ്ധ മൂന്നിന്മേൽ കുർബാന (Holy Tri Mass) തുടർന്ന് ഭക്തിനിർഭരമായ റാസ (Procession), ആശീർവാദം (Benediction), പൈതൽ നേർച്ച, നേർച്ച വിളമ്പ്, പൊതുസമ്മേളനം (Public Meeting) എന്നിവ ഉണ്ടായിരിക്കുന്നതാണ്.

വിശ്വാസവഴിയിലെ ചരിത്ര നാഴികക്കല്ല്2024-ന്റെ തുടക്കത്തിൽ ക്ലോൺമലിൽ (Clonmel) ഏതാനും കുടുംബങ്ങൾ ചേർന്ന് രൂപീകരിച്ച പ്രാർത്ഥനാ കൂട്ടായ്മയാണ് ഇന്ന് അയർലണ്ടിലെ ഓർത്തഡോക്സ് സമൂഹത്തിന്റെ അഭിമാനമായി വളർന്നു പന്തലിച്ചിരിക്കുന്നത്.

ഭദ്രാസനാധിപൻ അഭിവന്ദ്യ എബ്രഹാം മാർ സ്റ്റേഫാനോസ് മെത്രാപ്പോലീത്തായുടെ അപ്പസ്തോലിക അനുഗ്രഹത്തോടെയും, സ്ഥാപക വികാരി ഫാ. മാത്യു കെ. മാത്യുവിന്റെ ആത്മീയ നേതൃത്വത്തിലുമായിരുന്നു ഈ കൂട്ടായ്മയുടെ തുടക്കം.

തുടർന്ന് കാരിക് ഓൺ സ്യൂരിലെ ചരിത്രപ്രസിദ്ധമായ മുൻ ഫ്രാൻസിസ്കൻ ഫ്രയറി ചർച്ച് (Franciscan Friary) സ്വന്തമാക്കാൻ സാധിച്ചത് ഇടവകയുടെ ചരിത്രത്തിലെ വലിയൊരു വഴിത്തിരിവായി. 1.59 ഏക്കർ ഭൂമിയും, 4,200 ചതുരശ്ര അടി വിസ്തീർണ്ണവുമുള്ള മനോഹരമായ പള്ളിയും സ്വന്തം സെമിത്തേരിയുമടങ്ങുന്ന ഈ ദേവാലയം, അയർലണ്ടിൽ മലങ്കര ഓർത്തഡോക്സ് സഭ പൂർണ്ണമായി സ്വന്തമാക്കിയ ആദ്യത്തെ പള്ളി പ്രോപ്പർട്ടിയാണ്.

2024 നവംബർ 22, 23 തീയതികളിൽ നിരണം ഭദ്രാസനാധിപനും മലങ്കര സഭയുടെ ഹോളി എപ്പിസ്കോപ്പൽ സിനഡ് സെക്രട്ടറിയുമായ അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത, യുകെ-യൂറോപ്പ് ഭദ്രാസനാധിപൻ അഭിവന്ദ്യ എബ്രഹാം മാർ സ്റ്റേഫാനോസ് മെത്രാപ്പോലീത്ത എന്നിവരുടെ മുഖ്യകാർമികത്വത്തിലാണ് പള്ളിയുടെ ചരിത്രപ്രസിദ്ധമായ കൂദാശ നടന്നത്.

പ്രധാന മദ്ബഹ വിശുദ്ധ മാർ കുറിയാക്കോസിന്റെയും മാതാവ് വിശുദ്ധ യൂലിത്തിയുടെയും നാമത്തിലും, വടക്കേ മദ്ബഹ ദൈവമാതാവായ വിശുദ്ധ മറിയാമിന്റെ നാമത്തിലും, തെക്കേ മദ്ബഹ പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തിലും കൂദാശ ചെയ്യപ്പെട്ടു.ആത്മീയ പ്രയാണവും പെരുന്നാൾ ക്ഷണവും സ്ഥാപക വികാരി ഫാ. മാത്യു കെ. മാത്യു, മുൻ വികാരി ഫാ. നൈനാൻ പി. കുറിയാക്കോസ് എന്നിവരുടെ മാതൃകാപരമായ ആത്മീയ നേതൃത്വത്തിന് ശേഷം, നിലവിൽ വികാരി ഫാ. ജിത്തു വർഗീസിന്റെ നേതൃത്വത്തിൽ ഇടവക കൂടുതൽ ആത്മീയ ഉണർവോടെ വളർന്നുകൊണ്ടിരിക്കുന്നു.

ഭാരപ്പെടുന്ന മനസ്സുകൾക്ക് ആശ്വാസവും രോഗികൾക്ക് സൗഖ്യവും നൽകുന്ന വിശുദ്ധന്റെ സന്നിധിയിലേക്ക് പ്രാർത്ഥനയോടെയും പ്രത്യാശയോടെയും ഒത്തുചേരാൻ എല്ലാ ഭക്തജനങ്ങളെയും സ്വാഗതം ചെയ്യുന്നു. പെരുന്നാൾ ചടങ്ങുകളുടെ വിജയത്തിനായി വികാരി ഫാ. ജിത്തു വർഗീസ്, ട്രസ്റ്റി സ്റ്റീവൻ എബ്രഹാം, സെക്രട്ടറി രഞ്ജിനി സി. കുര്യൻ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മറ്റി പ്രവർത്തിച്ചുവരുന്നു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: ഫാ. ജിത്തു വർഗീസ് (വികാരി): 089 497 0023

സ്റ്റീവൻ എബ്രഹാം (ട്രസ്റ്റി): 087 913 5186

രഞ്ജിനി സി. കുര്യൻ (സെക്രട്ടറി): 089 262 9682

ഇമെയിൽ: stkuriakoseioctipperary@gmail.com

വെബ്‌സൈറ്റ്: www.stkuriakosetipperaryioc.ie

ഫേസ്ബുക്ക് & ഇൻസ്റ്റാഗ്രാം: St Kuriakose Ioc Tipperary സ്ഥലം: St. Kuriakose Indian Orthodox Church, Carrick-on-Suir, Co. Tipperary.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments