ഡോക്ടർമാരും നഴ്‌സുമാരും അധ്യാപകരും സമരത്തിലേക്ക്; അയർലൻഡിൽ ബുധനാഴ്ച ദേശീയ പണിമുടക്ക്, ജനജീവിതം സ്തംഭിച്ചേക്കും

By Rose Malayalam Desk

പുതിയ പൊതുമേഖലാ വേതന കരാർ സംബന്ധിച്ച് സർക്കാരും തൊഴിലാളി യൂണിയനുകളും തമ്മിലുള്ള തർക്കം രൂക്ഷമായതോടെ അയർലൻഡിൽ ബുധനാഴ്ച (ഒക്ടോബർ 14) ദേശീയ പണിമുടക്ക്. ഡോക്ടർമാർ, നഴ്‌സുമാർ, അധ്യാപകർ, സിവിൽ സർവീസ് ജീവനക്കാർ ഉൾപ്പെടെ മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ സമരത്തിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. സമരം രാജ്യത്തെ വിദ്യാഭ്യാസ, ആരോഗ്യ, പൊതുസേവന മേഖലകളെ സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.

നിലവിലെ പൊതുമേഖലാ വേതന കരാർ അവസാനിച്ചതിനെത്തുടർന്ന് പുതിയ കരാറിനായുള്ള ചർച്ചകളിൽ പുരോഗതിയില്ലാത്തതാണ് സമരത്തിലേക്ക് നയിച്ചത്. ജീവിതച്ചെലവ് വർധിക്കുന്ന സാഹചര്യത്തിൽ ശമ്പളവർധനയും ജീവനക്കാരുടെ വാങ്ങൽശേഷി സംരക്ഷിക്കുന്ന നടപടികളും ഉറപ്പാക്കണമെന്നാണ് യൂണിയനുകളുടെ ആവശ്യം. സർക്കാർ മുന്നോട്ടുവച്ച ബജറ്റ് വിഹിതം മതിയായ വേതന വർധനയ്ക്കുള്ള ഉറപ്പല്ലെന്നാണ് യൂണിയനുകളുടെ നിലപാട്.

സ്കൂളുകൾ അടച്ചിടാൻ സാധ്യത

അധ്യാപക സംഘടനകളായ INTO, ASTI, TUI എന്നിവയിലെ അംഗങ്ങൾ സമരത്തിൽ പങ്കെടുക്കുന്നതിനാൽ രാജ്യത്തെ ഭൂരിഭാഗം സ്കൂളുകളുടെയും പ്രവർത്തനം തടസ്സപ്പെടുകയോ പൂർണമായി നിലയ്ക്കുകയോ ചെയ്യാൻ സാധ്യതയുണ്ട്. വിദ്യാർഥികളുടെ ക്ലാസുകൾ, സ്കൂൾ അധിഷ്ഠിത സേവനങ്ങൾ, രക്ഷിതാക്കൾക്ക് കുട്ടികളുടെ പരിചരണത്തിനായി ആശ്രയിക്കേണ്ട സൗകര്യങ്ങൾ എന്നിവയെയും സമരം ബാധിച്ചേക്കും.

ആശുപത്രികളിൽ പതിവ് ചികിത്സകൾ മുടങ്ങും

ആരോഗ്യമേഖലയിലും സമരം വ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. ആശുപത്രികളിലെ പതിവ് അപ്പോയിന്റ്മെന്റുകൾ, ആസൂത്രിത ശസ്ത്രക്രിയകൾ, പതിവ് പരിശോധനകൾ, കമ്മ്യൂണിറ്റി ആരോഗ്യ സേവനങ്ങൾ എന്നിവ റദ്ദാക്കും. ബാധിക്കപ്പെടുന്ന രോഗികളെ ആശുപത്രികൾ നേരിട്ട് അറിയിച്ചുവരികയാണ്.എന്നാൽ അത്യാഹിത വിഭാഗങ്ങൾ, അടിയന്തര ആംബുലൻസ് സേവനങ്ങൾ, അടിയന്തര കാൻസർ ചികിത്സ, ഡയാലിസിസ് തുടങ്ങിയ നിർണായക ചികിത്സകൾ തുടരും. അടിയന്തര വൈദ്യസഹായം ആവശ്യമുള്ളവർ ചികിത്സ തേടുന്നത് മാറ്റിവയ്ക്കരുതെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്. ജിപി സേവനങ്ങളും ഫാർമസികളും സാധാരണ നിലയിൽ പ്രവർത്തിക്കുമെന്നാണ് നിലവിലെ അറിയിപ്പ്.

വേതന തർക്കം സമരത്തിലേക്ക്പുതിയ പൊതുസേവന വേതന കരാറിനെക്കുറിച്ച് സർക്കാർ ഗൗരവമായ ചർച്ചകൾ ആരംഭിക്കുന്നില്ലെന്നാണ് യൂണിയനുകളുടെ പ്രധാന ആരോപണം. പണപ്പെരുപ്പവും ജീവിതച്ചെലവും ഉയരുമ്പോൾ ശമ്പളവർധന അതിനനുസരിച്ച് ഉറപ്പാക്കേണ്ടതുണ്ടെന്നും തൊഴിലാളി സംഘടനകൾ വാദിക്കുന്നു.

രാജ്യവ്യാപകമായ സമരം യാഥാർഥ്യമായാൽ വിദ്യാർഥികൾ, രോഗികൾ, പൊതുസേവനങ്ങളെ ആശ്രയിക്കുന്ന കുടുംബങ്ങൾ തുടങ്ങി സമൂഹത്തിന്റെ വിവിധ വിഭാഗങ്ങൾക്ക് വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരും.

For more news please join our whatsapp group

https://chat.whatsapp.com/EYff5ESLNtXIDOjtNZ27LS?s=cl&p=a&mlu=4&ilr=4

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments