പ്രഭാസ് നായകനാകുന്ന ‘കൽക്കി’ റിലീസ് ഡേറ്റ് പുറത്ത്; ബജറ്റ് 600 കോടി

പ്രഭാസ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ‘കല്‍ക്കി 2898 എഡി’ മെയ് 9-ന് തിയറ്ററിലെത്തും. ചിത്രത്തിന്റെ റിലീസ് ഡേറ്റ് അറിയിച്ചുകൊണ്ടുള്ള അനൗണ്‍സ്‌മെന്റ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടു.

അമിതാഭ് ബച്ചന്‍, കമല്‍ഹാസന്‍, ദീപിക പദുക്കോണ്‍, ദിഷാ പഠാനി തുടങ്ങിയ വന്‍താരനിരയുമായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നാഗ് അശ്വിന്‍ ആണ്.

സയന്‍സ് ഫിക്ഷന്‍ ത്രില്ലറായി ഒരുങ്ങുന്ന കല്‍ക്കി 2898 എഡി, ഇതുവരെയുള്ളതില്‍ ഇന്ത്യയിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രം കൂടിയാണ്. 600 കോടി രൂപയാണ് വൈജയന്തി മൂവീസിന്റെ ബാനറില്‍ സി. അശ്വിനി ദത്ത് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ബജറ്റ്.

സന്തോഷ് നാരായണന്‍ സംഗീതസംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ക്യാമറ ജോര്‍ജ്ജെ സ്‌റ്റോജിലികോവ് കൈകാര്യം ചെയ്യുന്നു.

നേരത്തെ കീര്‍ത്തി സുരേഷ്, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരെ നായികാനായകന്മാരാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയ്ത തെലുങ്ക് ചിത്രമായ ‘മഹാനടി’ വലിയ വിജയം നേടിയിരുന്നു.

Share this news

Leave a Reply