അയർലണ്ടിൽ ടിവി ലൈസൻസ് ഫീസിന് പകരം ലെവി ഈടാക്കാൻ സർക്കാർ നീക്കം; മാസം 15 യൂറോ വീതം നൽകേണ്ടി വന്നേക്കും

അയര്‍ലണ്ടില്‍ നിലവിലുള്ള ടിവി ലൈസന്‍സ് ഫീസ് എടുത്തുമാറ്റി പകരം പുതിയ തരത്തില്‍ ഫീസ് ഈടാക്കാന്‍ സര്‍ക്കാര്‍ നീക്കം. നിലവില്‍ വര്‍ഷം 160 യൂറോ എന്ന നിരക്കിലാണ് ടിവി ഉപഭോക്താക്കളില്‍ നിന്നും സര്‍ക്കാര്‍ ഫീസ് ഈടാക്കുന്നത്.

ഐറിഷ് സര്‍ക്കാരിന്റെ ഔദ്യോഗിക ചാനലായ RTE-യുടെ പ്രവര്‍ത്തനത്തിനാണ് ഇത്തരത്തില്‍ ലഭിക്കുന്ന ഫണ്ടിന്റെ വലിയൊരു ഭാഗവും ഉപയോഗിക്കുന്നത്. എന്നാല്‍ ഈയിടെയായി RTE അവതാരകനായ റയാന്‍ ടബ്രിഡിക്ക് അമിതശമ്പളം നല്‍കിയെന്നതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തെത്തുടര്‍ന്ന് ജനങ്ങള്‍ ലൈസന്‍സ് ഫീസ് നല്‍കാന്‍ മടിക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. അതുപോലെ നിലവിലെ ഫീസ് ഈടാക്കുന്ന രീതി കാലഹരണപ്പെട്ടതാണെന്നും സര്‍ക്കാരില്‍ തന്നെ വാദമുണ്ട്.

ഹൗസ് ഹോള്‍ഡ് ബില്ലുകള്‍ക്കൊപ്പം തന്നെ ടിവി ലൈസന്‍സ് ഫീസ് ഈടാക്കുന്ന തരത്തില്‍ രീതിയില്‍ മാറ്റം വരുത്താനാണ് സര്‍ക്കാര്‍ നീക്കം നടത്തുന്നത്. ബ്രോഡ്ബാന്‍ഡിനൊപ്പം ലെവി രീതിയില്‍ ടിവി ലൈസന്‍സ് ഫീസ് ഈടാക്കാനുള്ള മോഡലാണ് മാദ്ധ്യമ മന്ത്രിയായ കാതറിന്‍ മാര്‍ട്ടിന്‍ മുന്നോട്ട് വയ്ക്കുന്നത്. അതേസമയം exchequer funded model ആണ് കൂടുതല്‍ ഫലപ്രദമെന്നാണ് ധനമന്ത്രി മൈക്കല്‍ മക്ഗ്രാത്തിന്റെ അഭിപ്രായം.

പക്ഷേ ഇത്തരത്തില്‍ ലെവി വഴി വീടുകളില്‍ നിന്നും അധികബില്‍ ഈടാക്കുന്നത് ചെറിയ രീതിയില്‍ വരുമാനമുള്ളവര്‍, പെന്‍ഷന്‍കാര്‍ എന്നിവരെ എത്തരത്തില്‍ ബാധിക്കും എന്നത് സംബന്ധിച്ച് സര്‍ക്കാരിന് ആശങ്കയുണ്ട്. അതുപോലെ വിവിധ ബ്രോഡ്ബാന്‍ഡുകള്‍, ഫോണ്‍ സര്‍വീസുകള്‍ എന്നിവയില്‍ ഏത് നിരക്കിലാണ് ഫീസ് ഈടാക്കേണ്ടത് എന്നത് സംബന്ധിച്ചും ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്.

ലെവി രീതിയില്‍ പദ്ധതി നടപ്പാക്കിയാലുണ്ടാകുന്ന ഗുണങ്ങളും, ദോഷങ്ങളും വിശകലനം ചെയ്യാനായി പ്രത്യേക സാങ്കേതിക സമിതിയെയും സര്‍ക്കാര്‍ ഈയിടെ നിയോഗിച്ചിരുന്നു. പദ്ധതി നടപ്പിലായാല്‍ ഓരോ വീട്ടുകാരും മാസം 10 മുതല്‍ 15 യൂറോ വരെ ടിവി ലൈസന്‍സ് ഫീസായി ബ്രോഡ്ബാന്‍ഡ്, ഫോണ്‍ ബില്ലുകള്‍ക്കൊപ്പം നല്‍കേണ്ടിവരുമെന്നാണ് സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

RTE വിവാദത്തെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം 19 മില്യണ്‍ യൂറോയാണ് ടിവി ലൈസന്‍സ് ഫീസ് ഇനത്തില്‍ RTE-ക്ക് നഷ്ടമായത്. ഈ പ്രശ്‌നം പരിഹരിക്കാനായി സര്‍ക്കാര്‍ പരിഗണിക്കുന്ന പുതിയ ഫീസ് ഈടാക്കല്‍ രീതി എന്തെന്ന് വരും ദിവസങ്ങളില്‍ വ്യക്തമാകുമെന്നാണ് പ്രതീക്ഷ.

Share this news

Leave a Reply

%d bloggers like this: