അയർലണ്ടിൽ ഗാർഡയിൽ അംഗങ്ങളാകാൻ അപേക്ഷിച്ചത് 6,000-ലധികം പേർ; 2300 പേർ 35-50 പ്രായക്കാർ

അയര്‍ലണ്ടിലെ പൊലീസ് സേനയായ ഗാര്‍ഡയിലേയ്ക്ക് ഈയിടെ നടന്ന റിക്രൂട്ട്‌മെന്റില്‍ ഏകദേശം 6,381 അപേക്ഷകള്‍ ലഭിച്ചതായി മാനേജ്‌മെന്റ്. 10 മാസം മുമ്പ് നടത്തിയ മുന്‍ റിക്രൂട്ട്‌മെന്റില്‍ 5,000-ഓളം അപേക്ഷകളായിരുന്നു ലഭിച്ചിരുന്നത്.

അതേസമയം 35 വയസ് മുതല്‍ 50 വയസ് വരെ പ്രായമുള്ളവര്‍ക്കും ഗാര്‍ഡയില്‍ ചേരുന്നതിനായി അപേക്ഷ നല്‍കാമെന്ന നിയമമാറ്റത്തിന് ശേഷം നടക്കുന്ന ആദ്യ റിക്രൂട്ട്‌മെന്റ് എന്ന പ്രത്യേകത ഇത്തവണയുണ്ട്. ആകെ ലഭിച്ച അപേക്ഷകളില്‍ 2,300-ഓളം പേര്‍ ഈ പ്രായത്തിലുള്ളവരാണ്. അതായത് ആകെ അപേക്ഷകരില്‍ 36.6%.

രാജ്യത്ത് ആവശ്യത്തിന് ഗാര്‍ഡകളില്ലാത്തത് ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി വാദമുയരുന്നതിനിടെയുള്ള റിക്രൂട്ട്‌മെന്റ് ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. പുതിയ അപേക്ഷകരില്‍ മൂന്നിലൊന്ന് പേരും 35-50 പ്രായക്കാരാണ് എന്നത് റിക്രൂട്ട്‌മെന്റ് പ്രായം വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച നിയമമാറ്റം ലക്ഷ്യം കാണുന്നതിന്റെ സൂചനയുമാണ്.

ഗാര്‍ഡയ്ക്ക് വേണ്ടി പബ്ലിക് അപ്പോയിന്റ്‌മെന്റ്‌സ് സര്‍വീസ് ആണ് റിക്രൂട്ട്‌മെന്റ് നടത്തുന്നത്. ഫെബ്രുവരി 8 വൈകിട്ട് 3 മണി വരെ ആയിരുന്നു അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാന സമയം.

അപേക്ഷകര്‍ ഇനി ഓണ്‍ലൈന്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (ഒന്നാം ഘട്ടം), ഇന്റര്‍വ്യൂ (രണ്ടാം ഘട്ടം), ഫിറ്റ്‌നസ് ടെസ്റ്റ് (മൂന്നാം ഘട്ടം) എന്നിവയിലൂടെ കടന്നുപോകും. ശേഷമാണ് സേനയില്‍ ചേരുന്ന കാര്യത്തില്‍ ഉറപ്പ് ലഭിക്കുക.

2023 ഒക്ടോബറിലെ കണക്കനുസരിച്ച് രാജ്യത്ത് 13,940 ഗാര്‍ഡ ഉദ്യോഗസ്ഥരാണ് ഉള്ളത്.

Share this news

Leave a Reply

%d bloggers like this: