അയർലണ്ടിലെ ട്രെയിനുകളിലും സ്റ്റേഷനുകളിലും അതിക്രമങ്ങൾ കൂടിയതായി റിപ്പോർട്ട്

അയര്‍ലണ്ടിലെ ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും നടക്കുന്ന അക്രമ സംഭവങ്ങളിലും, ക്രിമിനല്‍ കുറ്റകൃത്യങ്ങളിലും വര്‍ദ്ധന. ഐറിഷ് റെയില്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 2023-ലെ അവസാന മൂന്ന് മാസങ്ങളില്‍ ഇത്തരം 325 സംഭവങ്ങളാണ് ഉണ്ടായിട്ടുള്ളത്. 2022-ലെ അവസാന മൂന്ന് മാസങ്ങളില്‍ 209 എണ്ണമായിരുന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്.

അക്രമം, അടിപിടി, മോഷണം, സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയടക്കമാണ് 325 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ 191 എണ്ണവും അക്രമസ്വഭാവമുള്ള പെരുമാറ്റങ്ങളാണ്. 40 അതിക്രമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 37 അടിപിടികളും ഇക്കാലയളവില്‍ ട്രെയിനിനകത്തും, സ്റ്റേഷനിലുമായി നടന്നു. വാട്ടര്‍ഫോര്‍ഡില്‍ റെയില്‍വേ ജീവനക്കാരന് നേരെയും കൈയേറ്റമുണ്ടായി.

ഇവയ്ക്ക് പുറമെ റിപ്പോര്‍ട്ട് ചെയ്യേണ്ട ആവശ്യമില്ലാത്ത 382 നിസ്സാര സംഭവങ്ങളും 2023 അവസാന പാദത്തില്‍ ഉണ്ടായതായി റെയില്‍വേ പറയുന്നു.

പുകവലി, മദ്യപാനം എന്നിവ നിരോധിച്ച ഇടങ്ങളില്‍ ഇത് ലംഘിച്ച 500 സംഭവങ്ങളും ഉണ്ടായി.

അതേസമയം അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് വര്‍ദ്ധിക്കാന്‍ കാരണം കഴിഞ്ഞ വര്‍ഷം ഗാര്‍ഡ നടത്തിയ Operation Saul ആണെന്നും റെയില്‍വേ വ്യക്തമാക്കി. പൊതുഗതാഗത സംവിധാനങ്ങളിലെ അതിക്രമങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ട് ഗാര്‍ഡ നടത്തിയ പ്രത്യേക ഓപ്പറേഷനാണ് Saul. റെയില്‍വേ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ക്കൊപ്പം 70 ഗാര്‍ഡ അംഗങ്ങളും ചേര്‍ന്നാണ് ഓപ്പറേഷന്‍ നടത്തിയത്. ട്രെയിനിന് അകത്തും ഇവരുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നു. ഇക്കാരണത്താലാണ് അറിയാതെ പോകുമായിരുന്ന പല സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

Share this news

Leave a Reply

%d bloggers like this: