അയർലണ്ടിന്റെ ടാക്സ് വരുമാനത്തിൽ കുറവ്; കോർപറേഷൻ ടാക്‌സിലെ ഇടിവ് മുഖ്യ കാരണം

2024-ന്റെ ആദ്യ മൂന്ന് മാസങ്ങളില്‍ സര്‍ക്കാരിന് ലഭിച്ചത് പ്രതീക്ഷിച്ചതിലും 4.5% കുറവ് നികുതിപ്പണം. അയര്‍ലണ്ടിലെ കമ്പനികളില്‍ നിന്നും ലഭിക്കുന്ന കോര്‍പ്പറേഷന്‍ ടാക്‌സില്‍ വലിയ കുറവ് വന്നതോടെയാണ് പ്രതീക്ഷിച്ചത്രയും നികുതിപ്പണം സര്‍ക്കാര്‍ ഖജനാവിലേയ്ക്ക് ലഭിക്കാതായത്.

അതേസമയം ഇത് താല്‍ക്കാലികമായ പ്രശ്‌നമാണെന്നും, ഈ വര്‍ഷം മുന്നോട്ടുള്ള മാസങ്ങളില്‍ കൂടുതല്‍ പണം നികുതിയിനത്തില്‍ ലഭിക്കുമെന്നും ധനകാര്യമന്ത്രി മൈക്കല്‍ മക്ഗ്രാത്ത് പ്രതീക്ഷ പ്രകടിപ്പിച്ചു.

കഴിഞ്ഞ മൂന്ന് വര്‍ഷമായി സര്‍ക്കാരിന് ലഭിക്കുന്ന ടാക്‌സ് വരുമാനത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനയാണ് ഉണ്ടായിട്ടുള്ളത്. ഈ വര്‍ഷം ഇത് 5% വര്‍ദ്ധിക്കും എന്നുമാണ് പ്രതീക്ഷ. ഈ വര്‍ഷം വരുമാനം വര്‍ദ്ധിച്ചതും, VAT, കോര്‍പ്പറേഷന്‍ ടാക്‌സ് എന്നിവയും കൂടുതല്‍ നികുതിപ്പണം ഖജനാവില്‍ എത്തിക്കുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.

വര്‍ഷത്തിലെ ആദ്യ മൂന്ന് മാസങ്ങളില്‍ കാര്യമായ കോര്‍പ്പറേഷന്‍ ടാക്‌സ് വരുമാനം ലഭിക്കില്ലെന്നും, ആകെയുള്ളതിന്റെ 15% മാത്രമേ ഈ കാലയളവില്‍ ഖജനാവിലെത്തുകയുള്ളൂ എന്നുമാണ് അധികൃതര്‍ പറയുന്നത്. കാര്യമായ ടാക്‌സ് വരുമാനം മാര്‍ച്ച് മുതലാണ് ലഭ്യമാകുക.

അയര്‍ലണ്ടില്‍ സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗ്ഗങ്ങളിലൊന്നാണ് വലുതും ചെറുതുമായ കമ്പനികളില്‍ നിന്നും ലഭിക്കുന്ന കോര്‍പ്പറേഷന്‍ ടാക്‌സ്. യൂറോപ്പിലെ മറ്റ് പല രാജ്യങ്ങളെക്കാളും ടാക്‌സ് കുറവാണ് എന്നതിനാല്‍ ധാരാളം കമ്പനികള്‍ തങ്ങളുടെ പ്രധാന പ്രവര്‍ത്തനകേന്ദ്രമായി അയര്‍ലണ്ടിനെ തെരഞ്ഞെടുത്തിട്ടുമുണ്ട്. 2020-22 കാലഘട്ടത്തില്‍ ആകെ ടാക്‌സ് വരുമാനത്തിന്റെ 27 ശതമാനവും വിവിധ കമ്പനികളില്‍ നിന്നുള്ള കോര്‍പ്പറേഷന്‍ ടാക്‌സ് ആയിരുന്നു.

Share this news

Leave a Reply

%d bloggers like this: