പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ മന്ത്രിസഭ പുന:സംഘടിപ്പിച്ച് സൈമൺ ഹാരിസ്; അയർലണ്ടിലെ പുതിയ മന്ത്രിമാർ ഇവർ

ചൊവ്വാഴ്ച നടന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ അയര്‍ലണ്ടിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി 37-കാരനായ സൈമണ്‍ ഹാരിസ് തെരഞ്ഞെടുക്കപ്പെട്ടു. TD-മാരില്‍ 88 പേര്‍ ഹാരിസിനെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കുന്നതിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയപ്പോള്‍, 69 പേരാണ് എതിര്‍ത്തത്. തുടര്‍ന്ന് പ്രസിഡന്റ് മൈക്കല്‍ ഡി ഹിഗ്ഗിന്‍സിന്റെ ഔദ്യോഗിക വസതിയിലെത്തിയ ഹാരിസ്, പ്രധാനമന്ത്രി സ്ഥാനം ഔദ്യോഗികമായി ഏറ്റെടുത്തു.

തനിക്ക് മേല്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസത്തെ ബഹുമാനിക്കുന്നതിനായി തന്നാലാവുന്നതെല്ലാം ചെയ്യുമെന്ന് വോട്ടെടുപ്പിന് ശേഷം ഹാരിസ് പ്രതികരിച്ചു.

ലിയോ വരദ്കര്‍ പ്രധാനമന്ത്രി പദവും, Fine Gael പാര്‍ട്ടി നേതൃസ്ഥാനവും രാജിവച്ചതിന് പിന്നാലെയാണ് ഹാരിസ് സ്ഥാനമേറ്റെടുക്കുന്നതിലേയ്ക്ക് കാര്യങ്ങള്‍ നീങ്ങിയത്. കഴിഞ്ഞയാഴ്ച നന്ന Fine Gael-ന്റെ വാര്‍ഷികസമ്മേളനത്തില്‍ പാര്‍ട്ടി നേതാവായി ഹാരിസിനെ തെരഞ്ഞെടുത്തിരുന്നു.

പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്ത് മണിക്കൂറുകള്‍ക്ക് ശേഷം മന്ത്രിസഭാ പുനഃസംഘടനയും ഹാരിസ് നടത്തി. തന്റെ പാര്‍ട്ടിയായി Fine Gael-ന്റെ മന്ത്രിമാരുടെ സ്ഥാനമാറ്റമാണ് അദ്ദേഹം നടത്തിയത്.

സൈമണ്‍ കോവനെ രാജിവച്ച ഒഴിവില്‍ സംരരഭകത്വവകുപ്പ് മന്ത്രിയായി Peter Bruke-നെ നിയമിച്ചു. മന്ത്രിസഭയില്‍ താന്‍ കൈകാര്യം ചെയ്തിരുന്ന ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ ചുമതല Patrick O’Donovan-നെയാണ് ഹാരിസ് ഏല്‍പ്പിച്ചിരിക്കുന്നത്. നിലവില്‍ പൊതുമരാമത്ത് വകുപ്പ് സഹമന്ത്രിയാണ് ഇദ്ദേഹം.

ആരോഗ്യവകുപ്പ് സഹമന്ത്രിയായിരുന്ന Hildegarde Naughton, ഇനിമുതല്‍ സ്‌പെഷ്യല്‍ എജ്യുക്കേഷന്‍ സഹമന്ത്രിയായി പ്രവര്‍ത്തിക്കും. Josepha Madigan കഴിഞ്ഞ മാസം സ്‌പെഷ്യല്‍ എജ്യുക്കേഷന്‍ സഹമന്ത്രി സ്ഥാനം രാജിവച്ചതോടെയാണ് ഇവിടെ ഒഴിവ് വന്നത്.

Naughton-നെ സഹമന്ത്രി സ്ഥാനത്ത് നിന്നും മന്ത്രിയായി തന്നെ നിയമിക്കുമെന്ന് ഊഹാപോഹങ്ങളുണ്ടായിരുന്നെങ്കിലും, അത് സംഭവിച്ചില്ല. നിലവിലെ സര്‍ക്കാര്‍ ചീഫ് വിപ്പ് സ്ഥാനത്തും അവര്‍ തുടരും.

Peter Burke-ന് മന്ത്രിയായി സ്ഥാനക്കയറ്റം നല്‍കിയതിനെത്തുടര്‍ന്ന് ഒഴിവ് വന്ന യൂറോപ്യന്‍ അഫയേഴ്‌സ് സഹമന്ത്രി സ്ഥാനത്തേയ്ക്ക് Jennifer Carroll Mac Neill എത്തും. നേരത്തെ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സഹമന്ത്രിയായാണ് അവര്‍ പ്രവര്‍ത്തിച്ചിരുന്നത്.

അതേസമയം നീതിന്യായവകുപ്പ് മന്ത്രിയായ ഹെലന്‍ മക്കന്റീക്ക് സ്ഥാനചലനം ഉണ്ടാകുമെന്ന ഊഹാപോഹങ്ങളും വെറുതെയായി. ധനമന്ത്രി പാസ്‌കല്‍ ഡോണഹോ, സാമൂഹികസുരക്ഷാ വകുപ്പ് മന്ത്രി ഹെതര്‍ ഹംഫ്രിസ് എന്നിവരും തല്‍സ്ഥാനങ്ങളില്‍ തുടരും.

Share this news

Leave a Reply

%d bloggers like this: