സ്വകാര്യ ഫോട്ടോകളുടെ ദുരുപയോഗം തടയാൻ ഇൻസ്റ്റാഗ്രാമിൽ പുതിയ സംവിധാനം; പ്രവർത്തനം ഇങ്ങനെ…

ഓണ്‍ലൈന്‍ മെസേജുകള്‍ വഴി നഗ്നത ദുരുപയോഗം (sextortion) ചെയ്യുന്നത് തടയാനായി പുതിയ ടെക്‌നോളജിയുമായി മെറ്റാ. ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്‌സാപ്പ് മുതലായ സോഷ്യല്‍ മീഡിയ ആപ്പുകളുടെ ഉടമകളായ മെറ്റാ, ഇന്‍സ്റ്റാഗ്രാം ഡയറക്ട് മെസേജിലാണ് ഇത് ആദ്യമായി പരീക്ഷിക്കാനൊരുങ്ങുന്നത്.

Nudity Protection എന്ന് പേരിട്ടിരിക്കുന്ന ഈ ടെക്‌നോളജി ഉപയോഗിച്ച്, ഇന്‍സ്റ്റാഗ്രാമിലെ 18 വയസിന് താഴെ പ്രായമുള്ള ഉപയോക്താക്കള്‍ക്ക് വരുന്ന മെസേജുകള്‍ ആപ്പ് തന്നെ ഫില്‍ട്ടര്‍ ചെയ്യുകയാണ് ചെയ്യുക. ആരെങ്കിലും മെസേജ് അയച്ചാല്‍, അതില്‍ നഗ്നതയുള്ള ഫോട്ടോ ഉണ്ടെങ്കില്‍ അത് ബ്ലര്‍ ആയാകും കാണിക്കുക. ഒപ്പം ഈ മെസേജിന് മറുപടി നല്‍കാതിരിക്കാനും, അയച്ച ആളെ ബ്ലോക്ക് ചെയ്യാനും, റിപ്പോര്‍ട്ട് ചെയ്യാനും ഓപ്ഷനുകളുണ്ടാകുകയും ചെയ്യും.

നഗ്നതയുള്ള ഫോട്ടോ ആണ് അയയ്ക്കുന്നതെങ്കില്‍, അയയ്ക്കുന്നയാള്‍ക്ക് അതിന് മുമ്പ് മുന്നറിയിപ്പ് നല്‍കുന്ന സംവിധാനവും പുതിയ ഫീച്ചറില്‍ ഉണ്ട്.

അതേസമയം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഫോട്ടോകള്‍ മാത്രമേ കമ്പനിയിലെ ഉദ്യോഗസ്ഥര്‍ കാണുകയുള്ളൂ എന്നും മെറ്റാ വ്യക്തമാക്കിയിട്ടുണ്ട്.

നഗ്ന ഫോട്ടോകള്‍ ഉപയോഗിച്ച് ഇത്തരം തട്ടിപ്പുകള്‍ നടത്തുന്ന അക്കൗണ്ടുകളെ പ്രത്യേകമായി കണ്ടെത്താനും, പ്രായപൂര്‍ത്തിയാകാത്ത ഉപയോക്താക്കളുമായി ഇവര്‍ ബന്ധപ്പെടുന്നത് ഒഴിവാക്കാനുമായി പുതിയ ടെക്‌നോളജി തങ്ങള്‍ പരീക്ഷിച്ചുവരികയാണെന്നും മെറ്റാ അറിയിച്ചു.

Share this news

Leave a Reply