ഡബ്ലിനില്‍ George Nkencho-യെ വെടിവച്ചുകൊന്ന ഗാര്‍ഡ ഉദ്യോഗസ്ഥനെ വിചാരണ ചെയ്യില്ലെന്ന് ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍സ് (DPP). 2020 ഡിസംബര്‍ 30-നാണ് Clonlee-യിലെ കുടുംബവീടിന് മുന്നില്‍ വച്ച് 27-കാരനായ Nkencho-യെ ഗാര്‍ഡ വെടിവച്ച് കൊന്നത്. ഇദ്ദേഹത്തിന്റെ കൈയില്‍ കത്തി ഉണ്ടായിരുന്നുവെന്നും, അക്രമകാരിയാണെന്നുമായിരുന്നു ഗാര്‍ഡ കാരണമായി പറഞ്ഞത്.
സംഭവം വിവാദമായതോടെ അയര്‍ലണ്ടിലുടനീളം പ്രതിഷേധമുയരുകയും, കറുത്ത വര്‍ക്കാര്‍ അടക്കമുള്ള ന്യൂനപക്ഷങ്ങള്‍ക്ക് നേരെ ഗാര്‍ഡ അനാവശ്യ അധികാരം പ്രയോഗിക്കുകയാണെന്നും ആക്ഷേപമുയര്‍ന്നു. യുഎസില്‍ കറുത്ത വര്‍ഗ്ഗക്കാരനായ ജോര്‍ജ്ജ് ഫ്‌ളോയ്ഡിനെ പൊലീസ് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെയായിരുന്നു ഈ സംഭവം.
വന്‍ വിവാദമുയര്‍ന്നതോടെ സംഭവം Garda Síochána Ombudsman Commission (Gsoc) അന്വേഷിച്ച് റിപ്പോര്‍ട്ട് DPP-ക്ക് അയച്ചെങ്കിലും, കേസില്‍ ഉള്‍പ്പെട്ട ഗാര്‍ഡ ഉദ്യോഗസ്ഥരെ വിചാരണ ചെയ്യേണ്ടതില്ലെന്നാണ് DPP നിലവില്‍ തീരുമാനിച്ചിരിക്കുന്നതെന്ന് കമ്മിഷന്‍ ബുധനാഴ്ച വ്യക്തമാക്കി. അതേസമയം Nkenchീ-യുടെ കേസില്‍ തുടര്‍നടപടികള്‍ക്കായി കുടുംബത്തിന് അപ്പീല്‍ പോകാവുന്നതാണ്.
Nkencho-യ്ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായി പിന്നീട് വെളിപ്പെടുത്തലുണ്ടായിരുന്നു. ഗാര്‍ഡ സായുധ വിഭാഗം ധൃതിപ്പെട്ട് ഇദ്ദേഹത്തെ പലതവണ വെടിയുതിര്‍ക്കുകയായിരുന്നുവെന്നും വാദമുയര്‍ന്നു. അഞ്ച് തവണയാണ് ഗാര്‍ഡ വെടിവച്ചത്.
അതേസമയം ഈ വിഷയം ഇന്ന് നടന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ സോളിഡാരിറ്റി ബിഫോര്‍ പ്രോഫിറ്റ് ടിഡിയായ Mick Barry ഉന്നയിച്ചു. കേസുമായി ബന്ധപ്പെട്ട് DPP എടുത്ത നിലപാടിനെ വിമര്‍ശിച്ച അദ്ദേഹം, മറ്റ് പലരെയും പോലെ Nkencho-യുടെ കുടുംബവും നീതിക്കായി ഇനി കാലങ്ങളോളം പോരാടേണ്ടി വരുമെന്നും കൂട്ടിച്ചേര്‍ത്തു. 1981-ലെ സ്റ്റാര്‍ഡസ്റ്റ് തീപിടിത്തത്തില്‍ മരിച്ചവരോട് സര്‍ക്കാര്‍ ഈയിടെ മാപ്പ് പറഞ്ഞതിനോടാണ് Nkencho-യുടെ സംഭവത്തെ Barry ഉപമിച്ചത്. ഇതേ കാര്യം ആവര്‍ത്തിക്കുകയാണ് Nkencho-യുടെ കേസിലൂടെ എന്നും അദ്ദേഹം വ്യക്തമാക്കി.
ഈ സമയം DPP-യുടെ തീരുമാനത്തെ പാര്‍ലമെന്റില്‍ ചോദ്യം ചെയ്യാന്‍ സാധിക്കില്ല എന്ന് സ്പീക്കറായ Ceann Comhairle നിലപാടെടുക്കുകും, എന്നാല്‍ Barry സംസാരം തുടരുകയും ചെയ്തതോടെ സഭ 10 മിനിറ്റോളം നിര്‍ത്തിവച്ചു.






