നീതിന്യായവകുപ്പ് മന്ത്രി ഹെലന്‍ മക്കന്റീയുടെ വീടിന് നേരെയുണ്ടായ ബോംബ് ഭീഷണിയെത്തുടര്‍ന്ന് കുടുംബത്തെ ഒഴിപ്പിച്ചു. ഈയാഴ്ചയിലെ ഒരു ദിവസമാണ് രാത്രി വൈകി ബോംബ് ഭീഷണി ഉണ്ടായതെന്നും, സംഭവം ഗൗരവത്തിലെടുത്ത ഗാര്‍ഡ അന്വേഷണം ആരംഭിച്ചതായും ഐറിഷ് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഫോണ്‍ കോള്‍ വഴി രണ്ട് തവണയാണ് മക്കന്റീയുടെ വീട്ടില്‍ ഭീഷണി സന്ദേശം എത്തിയത്. ഭര്‍ത്താവും, രണ്ട് ചെറിയ മക്കളുമായിരുന്നു ഈ സമയം വീട്ടില്‍ ഉണ്ടായിരുന്നത്. സംഭവം നടക്കുന്ന സമയം മക്കന്റീ പാര്‍ലമെന്റില്‍ ആയിരുന്നുവെന്നാണ് വിവരം. തുടര്‍ന്ന് ഗാര്‍ഡ കുടുംബത്തെ വീട്ടില്‍ നിന്നും മാറ്റുകയായിരുന്നു.
രാജ്യത്ത് ഈയിടെ കുടിയേറ്റവിരുദ്ധ പ്രക്ഷോഭങ്ങള്‍ ശക്തമാകുകയും, പലയിടത്തും അത് അക്രമത്തിലേയ്ക്ക് കടക്കുകയും ചെയ്ത സാഹചര്യത്തില്‍ ഈ സംഭവത്തെ വളരെ ഗൗരവമായാണ് ഗാര്‍ഡ കൈകാര്യം ചെയ്യുന്നത്. മന്ത്രിമാരടക്കമുള്ള രാഷ്ട്രീയക്കാര്‍ക്ക് നേരെയും നിരവധി പ്രതിഷേധങ്ങള്‍ ഈയിടെ ഉണ്ടാകുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് ഗാര്‍ഡ അന്വേഷണം ശക്തമാക്കിയിരിക്കുന്നത്.
അതേസമയം നേരത്തെയും മക്കന്റീക്ക് നേരം ഇത്തരം ഭീഷണികള്‍ ഉണ്ടായിട്ടുണ്ട്. 2021 മാര്‍ച്ച് 7-ന് മന്ത്രിക്ക് നേരെ ഫോണ്‍ വഴി വ്യാജ ബോംബ് ഭീഷണി ഉയര്‍ത്തിയ Michael Murray (52) എന്നയാള്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. Portlaoise-ലെ Midlands Prison-ല്‍ തടവുശിക്ഷ അനുഭവിക്കുന്ന സമയത്തായിരുന്നു ഇയാള്‍ വ്യാജഭീഷണി മുഴക്കിയത്.






