അയർലണ്ടിലെ ഏറ്റവും വില കുറഞ്ഞ വീട് ചുളുവിലയ്ക്ക് ലിമറിക്കിൽ വിറ്റുപോയി; വില അറിയേണ്ടേ?

അയര്‍ലണ്ടിലെ ഏറ്റവും വിലകുറഞ്ഞ വീട് ചുളുവിലയ്ക്ക് വിറ്റുപോയി. കൗണ്ടി ലിമറിക്കിലെ Glin ഗ്രാമത്തിലെ ഒരു വീടാണ് വെറും 25,000 യൂറോയ്ക്ക് Daft.ie വഴി വില്‍പ്പന നടന്നത്.

വില കുറവാണെന്നതിനാല്‍ തന്നെ ഒരാള്‍ക്ക് അല്ലെങ്കില്‍ ഒരു കുഞ്ഞ് കുടുംബത്തിന് മാത്രമാണ് ഇവിടെ താമസിക്കാന്‍ സൗകര്യമുള്ളത്. ഒരു ബെഡ്‌റൂം, ഒരു ബാത്‌റൂം എന്നിവയടക്കം ആകെ 352 ചതുരശ്ര അടി വലിപ്പമാണ് ഷാനണ്‍ നദിക്ക് സമീപത്തായി സ്ഥിതി ചെയ്യുന്ന ഈ വീടിന് ഉള്ളത്. ലിമറിക്ക് സിറ്റിയില്‍ നിന്നും 40 മിനിറ്റ് അകലെയാണ് വീട്.

അറ്റകുറ്റപ്പണികള്‍ ചെയ്താല്‍ വളരെ മികച്ച സൗകര്യം ഇവിടെയുണ്ടാകുമെന്നാണ് ഏജന്റുമാരായ O’Donovan and Associates പറയുന്നത്. മുറ്റമോ, പാര്‍ക്കിങ് സ്‌പേസോ ഇല്ലെങ്കിലും വെള്ളം, വൈദ്യുതി, മലിനജലം പോകാനുള്ള സൗകര്യം എന്നിവയുണ്ട്. അഞ്ച് വര്‍ഷം മുമ്പാണ് ഇവിടെ ആളുകള്‍ താമസിച്ചിരുന്നത്.

വില്‍പ്പനയ്ക്ക് വച്ച സമയത്ത് ഏജന്റുമാര്‍ ടിക്ടോക്കില്‍ ഈ വീടിന്റെ ഒരു ടൂര്‍ വീഡിയോ ചെയ്യുകയും, 2 ലക്ഷത്തിലധികം പേര്‍ ഈ വീഡിയോ കണ്ട് വൈറലാകുകയും ചെയ്തിരുന്നു. ഇത്രയും സൗകര്യം കുറഞ്ഞ വീട് സൗജന്യമായി പോലും വേണ്ടെന്നും, ഇത് വീടല്ല റൂമാണ് എന്നുമെല്ലാം പലരും കമന്റ് ചെയ്തിരുന്നെങ്കിലും വീട് നിലവില്‍ വിറ്റുപോയതായാണ് Daft.ie-യില്‍ നിന്നും വ്യക്തമാകുന്നത്.

Share this news

Leave a Reply