ഗാസയിൽ കുടുങ്ങിയ ഐറിഷ്- പലസ്തീൻ പൗരൻ അയർലണ്ട് മണ്ണിൽ തിരികെയെത്തി

ഇസ്രായേല്‍- പലസ്തീന്‍ യുദ്ധത്തിനിടെ ഗാസയില്‍ കുടുങ്ങിയ ഐറിഷ്- പലസ്തീന്‍ പൗരൻ തിരികെ അയര്‍ലണ്ടിലെത്തി. ഈജ്പിതിലെ കെയ്‌റോ വഴിയാണ് സാക് ഹനിയ ശനിയാഴ്ച ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങിയത്. യുദ്ധം രൂക്ഷമായ ഗാസയില്‍ നിന്നും റാഫാ അതിര്‍ത്തി വഴിയാണ് ഇദ്ദേഹം പുറത്തെത്തിയത്.

ഹനിയയുടെ ഭാര്യയായ ബത്തൂലും, നാല് മക്കളും കഴിഞ്ഞ നവംബറില്‍ ഗാസയില്‍ നിന്നും രക്ഷപ്പെട്ട് അയര്‍ലണ്ടിലെത്തിയിരുന്നു. ഇവര്‍ ഡബ്ലിനില്‍ താമസിക്കുകയാണ്. എന്നാല്‍ ഗാസയില്‍ നിന്നും രക്ഷപ്പെടുത്തേണ്ടവരുടെ പട്ടികയില്‍ ഹനിയയുടെ പേര് ഉള്‍പ്പെടാതിരുന്നത് കാരണം ഇദ്ദേഹം ഗാസയില്‍ കുടുങ്ങിപ്പോയി.

ഭാര്യ ബത്തൂലും മക്കളും ഹനിയയെ അയര്‍ലണ്ടിലെത്തിക്കാന്‍ മാസങ്ങളായി അയര്‍ലണ്ടിലെ വിദേശകാര്യമന്ത്രാലയവുമായി ബന്ധപ്പെട്ടുവരികയായിരുന്നു. തന്റെ കുടുംബത്തെ ഇനി കാണാന്‍ കഴിഞ്ഞേക്കില്ലെന്ന് ഹനിയ ഭയപ്പെടുകയും ചെയ്തിരുന്നു.

ശനിയാഴ്ച വിമാനമിറങ്ങിയ ഹനിയ നിറകണ്ണുകളോടെ കുടുംബത്തെ കെട്ടിപ്പിടിക്കുകയും, മുട്ടുകുത്തിയിരുന്ന് നിലത്ത് ചുംബിക്കുകയും ചെയ്തു. പലസ്തീനെ പോലെ തന്നെ അയര്‍ലണ്ടും തന്റെ ഹൃദയത്തിലുണ്ടെന്നും, തനിക്ക് ഈ മണ്ണിനോട് സ്‌നേഹവും, ബഹുമാനവുമുണ്ടെന്നും ഹനിയ പറഞ്ഞു. എല്ലാവരോടും എങ്ങനെ നന്ദി പറയണമെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹമാസിന്റെ ആക്രമണത്തിന് തിരിച്ചടിയെന്ന പേരില്‍ ഇസ്രായേല്‍ ഗാസയില്‍ നടത്തിവരുന്ന യുദ്ധത്തില്‍ നിരപരാധികളായ ആയിരക്കണക്കിന് പേര്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടത്.

Share this news

Leave a Reply

%d bloggers like this: