ഡബ്ലിനില്‍ ചെറുപ്പക്കാരന്‍ വെടിയേറ്റ് മരിച്ചു. ഇന്നലെ പുലര്‍ച്ചെ 12.15-ഓടെ ഡബ്ലിന്‍ 12-ലെ Drimnagh-യിലുള്ള Knocknarea Road-ല്‍ വച്ചാണ് ചെറുപ്പക്കാരന് വെടിയേറ്റത്.
വിവരമറിഞ്ഞതിനെത്തുടര്‍ന്ന് ഇവിടെയെത്തിയ ഗാര്‍ഡ രണ്ട് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. സമീപത്തായി 20-ലേറെ പ്രായമുള്ള ഒരു പുരുഷനെ വെടിയേറ്റ നിലയിലും കണ്ടെത്തി. ഗാര്‍ഡ പ്രഥമശുശ്രൂഷ നല്‍കിയെങ്കിലും ഇദ്ദേഹം സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ഡബ്ലിനിലെ Kylemore സ്വദേശിയായ ഇദ്ദേഹത്തിന്റെ പേര് Josh Itseli എന്നാണെന്ന് ഗാര്‍ഡ അറിയിച്ചു.
അതേസമയം സംഭവം നടന്നതിന് സമീപപ്രദേശത്ത് നിന്നായി രണ്ട് പുരുഷന്മാരെയും, ഒരു കൗമാരക്കാരനെയും ഇന്നലെ തന്നെ ഗാര്‍ഡ പിടികൂടിയിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. പിന്നീട് നടത്തിയ പരിശോധനയില്‍ ഒരു എആര്‍-15 റൈഫിളും ഗാര്‍ഡ കണ്ടെടുത്തു. കൊലപാതകത്തിന് ഉപയോഗിച്ചത് ഈ തോക്ക് ആകാമെന്നാണ് കരുതുന്നത്. ഏതാനും കാറുകളും പിടികൂടിയിട്ടുണ്ട്.
രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ പ്രശ്‌നം വെടിവെപ്പിലേയ്ക്ക് നയിച്ചതായാണ് നിലവിലെ നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും സൂചനകള്‍ ഉള്ളവര്‍ തങ്ങളെ ബന്ധപ്പെടണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു.