ചില്ല് കഷ്ണങ്ങളുടെ സാന്നിദ്ധ്യമുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് സ്വന്തം ബ്രാന്‍ഡ് ഉല്‍പ്പന്നമായ Tesco Sandwich Pickle-ന്റെ ഒരു ബാച്ച് തിരിച്ചെടുക്കുന്നതായി അറിയിച്ച് Tesco. ഇത് സംബന്ധിച്ച് ഭക്ഷ്യസുരക്ഷാവകുപ്പ് നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് നടപടി.
സാന്‍ഡ്‌വിച്ചുകള്‍, ചീസ്, മീറ്റ് എന്നിവയ്ക്ക് രുചി വര്‍ദ്ധിപ്പിക്കാനായി ചേര്‍ക്കുന്ന ഈ ഉല്‍പ്പന്നം അയര്‍ലണ്ടിലെങ്ങും ജനകീയമാണ്. തീര്‍ത്തും പച്ചക്കറികള്‍ ഉപയോഗിച്ചാണ് ഇവ നിര്‍മ്മിക്കുന്നത്.
3254 ബാച്ച് കോഡും, 11/09/2025 എക്‌സ്പയറി ഡേറ്റുമുള്ള Tesco Sandwich Pickle-ന്റെ 295 ഗ്രാം പാക്കുകളാണ് തിരികെ വിളിച്ചിരിക്കുന്നത്. നിര്‍മ്മാണവേളയില്‍ ഇവയില്‍ അബദ്ധത്തില്‍ കുപ്പിച്ചില്ലിന്റെ കഷണങ്ങള്‍ പെട്ടിരിക്കാമെന്നാണ് സംശയം.
ഇവ വാങ്ങരുതെന്നും, വാങ്ങിയവര്‍ ഉപയോഗിക്കരുതെന്നും ഭക്ഷ്യസുരക്ഷാവകുപ്പ് മുന്നറിയിപ്പ് നല്‍കി. കൂടുതല്‍ വിവരങ്ങള്‍ക്ക് Tesco-യുടെ കസ്റ്റമര്‍ സര്‍വീസില്‍ ബന്ധപ്പെടാം (ടോള്‍ഫ്രീ): 1800 248 123
മറ്റൊരു അറിയിപ്പില്‍ വൃത്തിയില്ലായ്മ കാരണം For Gut Sake Lovely Leitrim Farm Fresh Raw Milk-ന്റെ എല്ലാ ബാച്ചുകളുടെയും വില്‍പ്പന നിര്‍ത്തി, അവ വിപണിയില്‍ നിന്ന് പിന്‍വലിക്കാനും ഭക്ഷ്യസുരക്ഷാ വകുപ്പ് കമ്പനിക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇവ വാങ്ങിയ ഉപഭോക്താക്കള്‍ ഉപയോഗിക്കുകയുമരുത്.
