അയർലണ്ടിൽ വീട്ടുവാടക തുടർച്ചയായി ഉയരുന്നു; നിലവിലെ ശരാശരി 1,836 യൂറോ; ലിമറിക്കിൽ വർദ്ധിച്ചത് 17.5%

അയര്‍ലണ്ടിലെ ശരാശരി വീട്ടുവാടക ഒരു വര്‍ഷത്തിനിടെ 4.9% ഉയര്‍ന്നു. പ്രോപ്പര്‍ട്ടി വെബ്‌സൈറ്റായ Daft.ie ആണ് 2024 ആദ്യ പാദത്തിലുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ഒപ്പം ഈ വര്‍ഷത്തെ ആദ്യ മൂന്ന് മാസങ്ങളില്‍ വാടക നിരക്ക് 0.6% ഉയര്‍ന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

2024 ആദ്യ പാദത്തില്‍ രാജ്യത്തെ വീട്ടുവാടക ശരാശരി മാസം 1,836 യൂറോ എന്ന നിലയിലാണ്. തുടര്‍ച്ചയായി പതിമൂന്നാമത്തെ പാദത്തിലും മാസവാടക ഉയര്‍ന്നു.

2023-ലെ ആദ്യ പാദത്തെ അപേക്ഷിച്ച് ഡബ്ലിനില്‍ ഈ വര്‍ഷം 2.5% ആണ് വാടക വര്‍ദ്ധന. എന്നാല്‍ ഡബ്ലിന് പുറത്ത് വാടക 7.2% വര്‍ദ്ധിച്ചു. ലിമറിക്ക് ആണ് രാജ്യത്ത് ഏറ്റവുമധികം വാടക വര്‍ദ്ധ രേഖപ്പെടുത്തിയ നഗരം- 17.5%. കോര്‍ക്കില്‍ 8%, വാട്ടര്‍ഫോര്‍ഡില്‍ 6.9%, ഗോള്‍വേയില്‍ 5% എന്നിങ്ങനെയും വര്‍ദ്ധനയുണ്ടായി.

രാജ്യത്ത് വാടകവീടുകളുടെ ലഭ്യത കുറഞ്ഞതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. 2022 അവസാനവും, 2023 അവസാനവും ലഭ്യത ഇരട്ടിയോളം വര്‍ദ്ധിച്ചിരുന്നെങ്കിലും 2024 തുടക്കത്തില്‍ ലഭ്യത കുത്തനെ താഴോട്ട് പോകുന്നതായാണ് കാണുന്നത്. മെയ് 1-ലെ കണക്കനുസരിച്ച് വെറും 2,000-ല്‍ താഴെ വീടുകള്‍ മാത്രമാണ് അയര്‍ലണ്ടില്‍ വാടകയ്ക്ക് നല്‍കാന്‍ വച്ചിരിക്കുന്നത്. 2015-19 കാലഘട്ടത്തില്‍ ഇത് ശരാശരി 4,400 ആയിരുന്നു എന്നത് ഓര്‍ക്കുക.

അതേസമയം രാജ്യത്തെ വാടകര്‍ദ്ധന നിരക്ക് കഴിഞ്ഞ 18 മാസമായി കുറഞ്ഞിട്ടുണ്ടെന്നാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഡബ്ലിന്‍ പ്രദേശത്ത് കെട്ടിട നിര്‍മ്മാണം വ്യാപകമായി വര്‍ദ്ധിച്ചതാണ് ഇതിന് പ്രധാന കാരണം. അതേസമയം ലഭ്യത കുറയുന്നപക്ഷം ഇനിയും വാടക വര്‍ദ്ധിക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Share this news

Leave a Reply