പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച് അയർലണ്ട്; പ്രഖ്യാപനം ഇസ്രായേൽ ഭീഷണി വകവയ്ക്കാതെ

പലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിച്ച് അയര്‍ലണ്ട്. അയര്‍ലണ്ടിന് പുറമെ സ്‌പെയിന്‍, നോര്‍വേ എന്നീ രാജ്യങ്ങളും പലസ്തീനെ അംഗീകരിക്കുന്നതായി ഐറിഷ് പ്രധാനമന്ത്രി സൈമണ്‍ ഹാരിസ് ഇന്ന് രാവിലെ 8 മണിയോടെ നടത്തിയ പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. ഇന്ന് അയര്‍ലണ്ടിനും, പലസ്തീനും വളരെ പ്രധാനപ്പെട്ടതും, ചരിത്രപരവുമായ ദിവസമാണെന്നും ഹാരിസ് കൂട്ടിച്ചേര്‍ത്തു.

കഷ്ടപ്പാടല്ല, പകരം പലസ്തീന്‍ ജനത സമാധാനപൂര്‍ണ്ണമായ ഒരു ഭാവിയാണ് അര്‍ഹിക്കുന്നതെന്ന് ഹാരിസ് വ്യക്തമാക്കി. മറുവശത്ത് ഇസ്രായേല്‍ ജനതയും സമാനമായ അന്തരീക്ഷം അര്‍ഹിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നൂറു വര്‍ഷങ്ങള്‍ക്ക് മുമ്പ് 1919 ജനുവരി 21-ന് സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കപ്പെടാന്‍ അയര്‍ലണ്ട് ലോകരാജ്യങ്ങള്‍ക്ക് മുമ്പില്‍ സ്വയം നടത്തിയ പരിശ്രമങ്ങളെ പത്രസമ്മേളനത്തില്‍ ഹാരിസ് അനുസ്മരിച്ചു. സമാനമായ ആഹ്വാനമാണ് ഇന്ന് തങ്ങള്‍ പലസ്തീന് വേണ്ടി ഉയര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. പലസ്തീന് ഒരു രാഷ്ട്രം എന്ന നിലയില്‍ പൂര്‍ണ്ണമായ അവകാശങ്ങളും, ഭരണവും, സുരക്ഷയും ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം അയര്‍ലണ്ടും, നോര്‍വേയും പലസ്തീനെ അംഗീകരിക്കുമെന്ന് വ്യക്തമാക്കിയതിന് പിന്നാലെ, ഇരുരാജ്യങ്ങളിലെയും തങ്ങളുടെ അംബാസഡര്‍മാരെ ഇസ്രായേല്‍ തിരികെ വിളിച്ചിരുന്നു. പലസ്തീനെ അംഗീകരിക്കാനുള്ള നടപടികള്‍ക്കെതിരെ മൗനം പാലിക്കില്ലെന്നായിരുന്നു അയര്‍ലണ്ടിനും, നോര്‍വേയ്ക്കും മുന്നറിയിപ്പ് നല്‍കിക്കൊണ്ട് ഇസ്രായേലി വിദേശകാര്യമന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് പ്രസ്താവനയിറക്കിയത്. എന്നാല്‍ ഈ ഭീഷണി വകവയ്ക്കാതെയാണ് ഇന്ന് ഐറിഷ് സര്‍ക്കാര്‍ പലസ്തീനെ അംഗീകരിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഹാരിസിനൊപ്പം സര്‍ക്കാര്‍ കൂട്ടുകക്ഷികളായ ഗ്രീന്‍ പാര്‍ട്ടിയുടെ നേതാവ് ഈമണ്‍ റയാന്‍, Fianna Fail നേതാവ് മീഹോള്‍ മാര്‍ട്ടിന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

നോര്‍വേയും ഇന്ന് രാവിലെ സമാനമായ പ്രഖ്യാപനം നടത്തി. മെയ് 28-ന് തങ്ങളും പലസ്തീനെ അംഗീകരിക്കുമെന്ന് സ്‌പെയിന്‍ അറിയിച്ചിട്ടുണ്ട്.

അതേസമയം പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുന്ന ബില്‍ 2014-ല്‍ അയര്‍ലണ്ടിലെ ഇരു സഭകളും പാസാക്കിയിരുന്നെങ്കിലും ഔദ്യോഗികമായ പ്രഖ്യാപനം ഇന്നാണ് നടന്നത്. യൂറോപ്യന്‍ യൂണിയന്‍ കൂട്ടായി പലസ്തീനെ അംഗീകരിക്കുന്നത് കാത്തിരിക്കുകയായിരുന്നു ഇത്രയും കാലം അയര്‍ലണ്ട്.

മാര്‍ച്ചിലാണ് പലസ്തീന്റെ സ്വാതന്ത്ര്യം അംഗീകരിക്കുമെന്ന് അന്നത്തെ ഐറിഷ് പ്രസിഡന്റായ ലിയോ വരദ്കര്‍ വ്യക്തമാക്കിയത്. മാള്‍ട്ട, സ്ലൊവേനിയ, സ്‌പെയിന്‍ എന്നീ രാജ്യങ്ങളുമായി ചേര്‍ന്ന് സംയുക്ത പ്രസ്താവനയായിരുന്നു അന്ന് അയര്‍ലണ്ട് നടത്തിയത്.

Share this news

Leave a Reply

%d bloggers like this: