‘പലസ്തീൻ വിഷയത്തിൽ ദുർവ്യാഖ്യാനം വേണ്ട’; ഇസ്രയേലിന് ശക്തമായ മറുപടിയുമായി അയർലണ്ട് പ്രധാനമന്ത്രി

അയര്‍ലണ്ട് ഭീകരവാദത്തിന് വളം വയ്ക്കുകയാണെന്ന ഇസ്രായേലി മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ ശക്തമായ മറുപടിയുമായി പ്രധാനമന്ത്രി സൈമണ്‍ ഹാരിസ്. പലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ച അയര്‍ലണ്ട് നടപടിയെ വിമര്‍ശിച്ചുകൊണ്ടായിരുന്നു ഇസ്രായേലി വിദേശകാര്യമന്ത്രിയായ ഇസ്രായേല്‍ കാറ്റ്‌സ്, ‘ഹമാസ് നിങ്ങളുടെ സേവനത്തിന് നന്ദിയറിയിക്കുന്നു’ എന്ന് എക്‌സില്‍ കുറിച്ചത്. ‘പലസ്തീനെ അംഗീകരിക്കുക വഴി ഭീകരവാദത്തിന് വളം വയ്ക്കുകയാണ് അയര്‍ലണ്ട് ഉദ്ദേശിക്കുന്നതെങ്കില്‍, നിങ്ങള്‍ ആ ലക്ഷ്യം നേടിയിരിക്കുന്നു’ എന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്നാല്‍ ഇതിനെതിരെ ശക്തമായ പ്രതികരണവുമായി ഹാരിസ് രംഗത്തുവന്നു. അയര്‍ലണ്ടിലെ ജനങ്ങളുടെ നിലപാടിനെ ദുര്‍വ്യാഖ്യാനിക്കാന്‍ ഏതൊരു രാജ്യം ശ്രമിച്ചാലും അത് അനുവദിച്ച് കൊടുക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇസ്രായേലിന് നേരെ ഒക്ടോബര്‍ 7-ന് ഹമാസ് നടത്തിയ ആക്രമണത്തെ കൃത്യമായി അപലപിച്ച രാജ്യമാണ് അയര്‍ലണ്ട് എന്ന് പറഞ്ഞ ഹാരിസ്, ഗാസയില്‍ തടവിലാക്കിയിരുന്നവരെ നിരുപാധികം വിട്ടയയ്ക്കണമെന്ന് അയര്‍ലണ്ട് നിലപാടെടുത്തിരുന്ന കാര്യവും ചൂണ്ടിക്കാട്ടി.

മറുവശത്ത് പലസ്തീനിലും, ഗാസയിലും സംഭവിക്കുന്നത് മാനുഷികമായ ദുരന്തമാണെന്നും, കുട്ടികള്‍ പട്ടിണിക്കിടപ്പെടുകയാണെന്നും ഹാരിസ് പറഞ്ഞു. ‘നാളെ ഉണരുമോ എന്ന് പോലും ഉറപ്പില്ലാതെ ഉറങ്ങാന്‍ പോകുന്ന കുട്ടികളുണ്ട് ഗാസയില്‍. ഇത് തുടരാന്‍ പാടില്ല. ഇത് അവസാനിപ്പിക്കണം.’ ഹാരിസ് വ്യക്തമാക്കി.

ഇസ്രായേലിനെ തങ്ങള്‍ ഒരു സ്വതന്ത്ര്യ രാജ്യമായി അംഗീകരിക്കുകയും, അവിടുത്തെ ജനങ്ങള്‍ സമാധാനപൂര്‍ണ്ണമായ ജീവിതം നയിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നുവെന്ന് പറഞ്ഞ ഹാരിസ്, സമാനമായ അവകാശം പലസ്തീനും ഉണ്ട് എന്ന് വിശദീകരിച്ചു.

അയര്‍ലണ്ട്, നോര്‍വേ, സ്‌പെയിന്‍ എന്നീ രാജ്യങ്ങള്‍ പലസ്തീന്റെ സ്വതന്ത്ര രാഷ്ട്രപദവി ഔദ്യോഗികമായി അംഗീകരിച്ചതാണ് ഇസ്രായേലിനെ ചൊടിപ്പിച്ചത്. തുടര്‍ന്ന് അയര്‍ലണ്ടിലെയും, നോര്‍വേയിലെയും തങ്ങളുടെ അംബാസഡര്‍മാരെ ഇസ്രായേല്‍ തിരികെ വിളിച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: