യു.കെയില്‍ നിന്നും അയര്‍ലണ്ടിലെത്തിയ ഒരു വിമാനത്തിലെ യാത്രക്കാര്‍ മീസില്‍സ് വൈറസുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നേക്കാമെന്ന മുന്നറിയിപ്പുമായി HSE. മെയ് 16 വ്യാഴാഴ്ച രാത്രി 8.10-ഓടെ ലണ്ടന്‍ ഗാറ്റ്‌വിക്കില്‍ നിന്നും ഡബ്ലിനില്‍ എത്തിയ Ryanair FR123 വിമാനത്തില്‍ ഉണ്ടായിരുന്നവര്‍ക്കാണ് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
അടുത്ത 21 ദിവസത്തേയ്ക്ക് മീസില്‍സ് രോഗലക്ഷണങ്ങള്‍ കാണുന്നുണ്ടോ എന്ന് ഇവര്‍ പ്രത്യേകം നിരീക്ഷിക്കണമെന്ന് HSE പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. രോഗലക്ഷണങ്ങള്‍ കണ്ടില്ലെങ്കില്‍ പോലും ഇവര്‍ ജൂണ്‍ 7 വരെയുള്ള മൂന്നാഴ്ചത്തേയ്ക്ക് പ്രായമായവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, രോഗപ്രതിരോധശേഷി കുറവുള്ളവര്‍ എന്നിവരുമായി സമ്പര്‍ക്കം നടത്തരുത്.
അതേസമയം രണ്ട് MMR വാക്‌സിനുകളും എടുത്തവര്‍, നേരത്തെ മീസില്‍സ് വന്ന് ഭേദമായവര്‍, 1978-ന് മുമ്പ് അയര്‍ലണ്ടില്‍ ജനിച്ചവര്‍ എന്നിവര്‍ രോഗപ്രതിരോധശേഷി ഉള്ളവരായിരിക്കുമെന്നും അറിയിപ്പ് വ്യക്തമാക്കുന്നു.
ജലദോഷം, തുമ്മല്‍, കഫക്കെട്ട് മുതലായവയാണ് സാധാരണ മീസില്‍സ് രോഗലക്ഷണങ്ങള്‍. കണ്ണുകള്‍ ചുവക്കുക, പനി, ദേഹത്ത് ചുവന്ന പാടുകളുണ്ടാകുക മുതലായവയും കണ്ടേക്കാം.