അയര്‍ലണ്ടില്‍ റോഡപകടങ്ങളില്‍ പെടുന്ന എല്ലാവരും ഇനി മുതല്‍ നിര്‍ബന്ധിത മയക്കുമരുന്ന് പരിശോധനയ്ക്ക് വിധേയരാകണം. വെള്ളിയാഴ്ച മുതല്‍ ഈ നടപടി രാജ്യമെമ്പാടും നടപ്പിലാക്കുമെന്ന് ഗതാഗത വകുപ്പ്അറിയിച്ചു നിലവില്‍ ഗുരുതരമായ റോഡപകടങ്ങളില്‍ പെട്ടവര്‍ മദ്യപിച്ചിട്ടുണ്ടോ എന്ന് മാത്രമാണ് ഗാര്‍ഡ പരിശോധിക്കുന്നത്. മാത്രമല്ല ഈ പരിശോധന നടത്തേണ്ടതുണ്ടോ എന്ന് ഗാര്‍ഡയ്ക്ക് സ്വതന്ത്രമായി തീരുമാനിക്കാവുന്നതുമാണ്.
രാജ്യത്ത് റോഡപകടങ്ങള്‍ വര്‍ദ്ധിക്കാന്‍ മയക്കുമരുന്ന് ഉപയോഗം കാരണമാകുന്നുണ്ടെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് പുതിയ നടപടിയെന്ന് ഗതാഗതവകുപ്പ് വ്യക്തമാക്കി. അപകടരമായ രീതിയില്‍ വാഹനമോടിക്കുന്നത് തടയുകയും, മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുകയുമാണ് ഇതിന്റെ ലക്ഷ്യമെന്നും വകുപ്പ് വിശദീകരിച്ചു. ഇതിന്റെ ഭാഗമായി പുതുതായി 10,000 ‘ഡ്രഗ് വൈപ്പ്’ ടെസ്റ്റ് കിറ്റുകള്‍ വാങ്ങാന്‍ Medical Bureau of Road Safety-ന് അനുമതി നല്‍കിയിട്ടുണ്ട്.
സാധാരണഗതിയില്‍ എട്ട് മിനിറ്റിനുള്ളില്‍ ടെസ്റ്റിന്റെ ഫലം ലഭ്യമാകും. എന്നാല്‍ പുതിയ നിയമപ്രകാരം ഇതിന് 30 മിനിറ്റ് വരെ എടുക്കാം. ടെസ്റ്റില്‍ കൃത്രിമത്വം കാണിക്കുന്നത് തടയാനും, അപകടത്തില്‍ പെട്ടവര്‍ക്ക് സഹായം നല്‍കുന്നതിന് സമയം ലഭിക്കാനും ഉദ്ദേശിച്ചുള്ളതാണ് ഈ മാറ്റം.
രാജ്യത്തെ റോഡപകടങ്ങളുടെ പ്രധാനപ്പെട്ട് നാല് കാരണങ്ങളില്‍ ഒന്ന് മയക്കുമരുന്നിന്റെ സ്വാധീനത്തില്‍ വാഹനമോടിക്കുന്നതാണെന്ന് ഇത് സംബന്ധിച്ച ബില്ലില്‍ ഒപ്പുവച്ച ഗതാഗതവകുപ്പ് സഹമന്ത്രി ജാക്ക് ചേംബേഴ്‌സ് പറഞ്ഞു. രാജ്യത്ത് പെരുകിക്കൊണ്ടിരിക്കുന്ന റോഡപകടങ്ങള്‍ക്ക് അറുതി വരുത്താനായി എന്ത് ചെയ്യാനും സര്‍ക്കാര്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന് പുറമെ നഗരങ്ങളിലെ റോഡുകള്‍, നാഷണല്‍ സെക്കന്‍ഡറി റോഡുകള്‍, റൂറല്‍ റോഡുകള്‍, പ്രാദേശിക റോഡുകള്‍ എന്നിവിടങ്ങളില്‍ ഡിഫോള്‍ട്ട് രീതിയില്‍ വേഗപരിധികള്‍ നിശ്ചയിക്കുന്ന ബില്ലിലും ചേംബേഴ്‌സ് ഒപ്പുവച്ചിട്ടുണ്ട്.