യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ വീണ്ടും സ്വർണ്ണം നേടി അയർലണ്ട്; ഇത്തവണ വനിതകളുടെ 1,500 മീറ്റർ ഓട്ടത്തിൽ

യൂറോപ്യന്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ അയര്‍ലണ്ടിന് വീണ്ടും സ്വര്‍ണ്ണനേട്ടം. റോമില്‍ നടക്കുന്ന ചാംപ്യന്‍ഷിപ്പില്‍ വനിതകളുടെ 1,500 മീറ്റര്‍ ഓട്ടത്തിലാണ് അയര്‍ലണ്ടിന്റെ Ciara Mageean സ്വര്‍ണ്ണം ചൂടിയത്. 4:04.66 എന്ന സമയത്തില്‍ എതിരാളികളെ പിന്നിലാക്കിയ Mageean ഈ വട്ടത്തെ ചാംപ്യന്‍ഷിപ്പില്‍ അയര്‍ലണ്ടിന്റെ സ്വര്‍ണ്ണനേട്ടം രണ്ടാക്കി ഉയര്‍ത്തി.

യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പിന്റെ 2016 എഡിഷനില്‍ വെങ്കലവും, 2022-ല്‍ വെള്ളിയും നേടിയ Mageean, ഇത്തവണ സ്വര്‍ണ്ണവുമായേ മടങ്ങൂ എന്ന വാശിയിലെന്ന പോലെയാണ് മത്സരിച്ചത്. മത്സരത്തില്‍ ഫ്രാന്‍സ് രണ്ടാം സ്ഥാനവും, സ്‌പെയിന്‍ മൂന്നാം സ്ഥാനവും നേടി. 1,500 മീറ്റര്‍ ഫൈനലില്‍ അയര്‍ലണ്ടിന്റെ തന്നെ മറ്റൊരു മത്സരാര്‍ത്ഥിയായ Sarah Healy-യും മത്സരിച്ചെങ്കിലും ഏഴാമതായാണ് ഫിനിഷ് ചെയ്തത്.

വടക്കന്‍ അയര്‍ലണ്ടിലെ Portaferry സ്വദേശിയാണ് 32-കാരിയായ Mageean.

ഇതോടെ ചാംപ്യന്‍ഷിപ്പില്‍ അയര്‍ലണ്ടിന്റ സ്വര്‍ണ്ണനേട്ടം രണ്ട് ആയിരിക്കുകയാണ്. നേരത്തെ അയര്‍ലണ്ടിനായി 4X400 മീറ്റര്‍ മിക്‌സഡ് റിലേ ടീമും സ്വര്‍ണ്ണത്തില്‍ മുത്തമിട്ടിരുന്നു.

Share this news

Leave a Reply

%d bloggers like this: