അയര്‍ലണ്ടിലെ വാര്‍ഷിക പണപ്പെരുപ്പം മാറ്റമില്ലാതെ തുടരുന്നു. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസിന്റെ (CSO) മെയ് മാസത്തെ റിപ്പോര്‍ട്ടില്‍ 2.6% ആണ് രാജ്യത്തെ പണപ്പെരുപ്പം.
അതേസമയം ഒരു വര്‍ഷത്തിനിടെ ഏറ്റവുമധികം ചെലവ് വര്‍ദ്ധിച്ചത് ഗതാഗത മേഖലയിലാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 6.7% ആണ് ഒരു വര്‍ഷത്തിനിടെയുള്ള ഗതാഗതച്ചെലവ് വര്‍ദ്ധന. റസ്റ്ററന്റ്, ഹോട്ടല്‍ മേഖലയാണ് പണപ്പെരുപ്പത്തിന്റെ കാര്യത്തില്‍ തൊട്ടുപിന്നില്‍ (4.7% വിലവര്‍ദ്ധന).
പെട്രോള്‍, ഡീസല്‍ എന്നീ ഇന്ധനങ്ങളുടെ വിലവര്‍ദ്ധനയാണ് രാജ്യത്ത് ഗതാഗതച്ചെലവ് വര്‍ദ്ധിക്കാന്‍ കാരണമായിരിക്കുന്നത്. പെട്രോളിന് 14.5 ശതമാനവും, ഡീസലിന് 17.5 ശതമാനവുമാണ് ഒരു വര്‍ഷത്തിനിടെയുണ്ടായ വിലവര്‍ദ്ധന.
അതേസമയം വാര്‍ഷിക കണക്കെടുപ്പില്‍ ഏറ്റവും വലിയ വിലക്കുറവ് സംഭവിച്ചിരിക്കുന്നത് വസ്ത്രങ്ങള്‍, ചെരിപ്പുകള്‍ എന്നിവയ്ക്കാണ്. വസ്ത്രങ്ങള്‍ക്ക് 6.3% വില കുറഞ്ഞപ്പോള്‍ ചെരിപ്പുകളുടെ വില 1.4% കുറഞ്ഞു.
തുടര്‍ച്ചയായുള്ള ഏഴാം മാസവും പണപ്പെരുപ്പം 5 ശതമാനത്തില്‍ താഴെ പിടിച്ചുനിര്‍ത്താന്‍ അയര്‍ലണ്ടിനായി എന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.