ശമ്പളവര്‍ദ്ധന ആവശ്യപ്പെട്ട് പൈലറ്റുമാര്‍ സമരം പ്രഖ്യാപിച്ചതിന് പിന്നാലെ അടുത്തയാഴ്ചത്തെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി ഐറിഷ് വിമാനക്കമ്പനിയായ എയര്‍ ലിംഗസ്. ജൂണ്‍ 26 മുതല്‍ 30 വരെയാണ് കമ്പനിയിലെ പൈലറ്റുമാര്‍ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ ഈ ദിവസങ്ങളിലെ 10 മുതല്‍ 20 ശതമാനം സര്‍വീസുകള്‍ റദ്ദാക്കുന്നതായി എയര്‍ ലിംഗസ് അറിയിച്ചു. ഏതെല്ലാം സര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നതെന്ന് രണ്ട് ദിവസത്തിനുള്ളില്‍ അറിയാന്‍ സാധിക്കുമെന്നും കമ്പനി കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
അതേസമയം സര്‍വീസുകള്‍ റദ്ദാക്കുന്നത് മൂലം നഷ്ടം സംഭവിക്കുന്ന ഉപഭോക്താക്കള്‍ക്ക് രണ്ട് ഓപ്ഷനുകള്‍ എയര്‍ ലിംഗസ് മുന്നോട്ട് വച്ചിട്ടുണ്ട്. പകരം ഫ്‌ളൈറ്റിന് ടിക്കറ്റ് ലഭിക്കുക, അല്ലെങ്കില്‍ ക്യാന്‍സല്‍ ചെയ്യുന്ന ടിക്കറ്റിന് ഫുള്‍ റീഫണ്ട്/ വൗച്ചര്‍ എന്നിവയാണ് അവ.
Irish Air Line Pilots’ Association (IALPA)-ല്‍ പ്രവര്‍ത്തിക്കുന്ന പൈലറ്റുമാരാണ് വര്‍ക്ക് ടു റൂള്‍ രീതിയില്‍ സമരം നടത്തുന്നത്. ശമ്പളത്തില്‍ 23.8% വര്‍ദ്ധന ആവശ്യമാണെന്നും, എയര്‍ ലിംഗസ് ധാരാളം ലാഭം നേടുന്നുണ്ടെന്നും IALPA പറയുന്നു.
അതേസമയം അവധിക്കാലത്താണ് സമരം വരുന്നതെന്നതിനാല്‍ ടൂറുകള്‍ പ്ലാന്‍ ചെയ്ത ധാരാളം പേരുടെ യാത്ര മുടങ്ങാന്‍ അത് കാരണമാകും. ഇതെത്തുടർന്ന് സര്‍ക്കാരടക്കം പ്രശ്‌നപരിഹാരത്തിനായി മുന്നിട്ടിറങ്ങിയിട്ടുണ്ട്. പ്രശ്‌നം വര്‍ക്ക് പ്ലേസ് റിലേഷന്‍സ് കമ്മിഷന് മുമ്പിലും എത്തിയിരിക്കുകയാണ്.