ഐറിഷ് സേനയിൽ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട 68 പേർ; കർശന നടപടിക്ക് പ്രതിരോധ മന്ത്രി

ഐറിഷ് സേനയിലെ 68 അംഗങ്ങള്‍ ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരോ, ഇത്തരം കേസുകളില്‍ കോടതി വിചാരണ നേരിടുകയോ ചെയ്യുന്നവരാണെന്ന് റിപ്പോര്‍ട്ട്. ക്രമസമാധാനപ്രശ്‌നം, മദ്യപിച്ച് വാഹനമോടിക്കല്‍, മയക്കുമരുന്ന് ഉപയോഗം, ആക്രമണം, ലൈംഗികാതിക്രമം മുതലായ കേസുകളാണ് ഇവര്‍ക്കെതിരെ ഉള്ളത്. ഉപപ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന് സൈന്യം നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

നാതാഷ ഒബ്രിയന്‍ എന്ന യുവതിയെ സൈനികനായ കാഹാൾ ക്രോട്ടി (22) മര്‍ദ്ദിച്ച് ബോധരഹിതയാക്കിയ കേസില്‍ കുറ്റക്കാരനെന്ന് തെളിഞ്ഞിട്ടും, ക്രോട്ടി സേനയില്‍ തുടരുന്നത് വിവാദമായ സാഹചര്യത്തിലാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. വിവാദവും പ്രതിഷേധവുമുയര്‍ന്നതോടെ ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ട സൈനികരുടെ കാര്യം പരിശോധിക്കാന്‍ പ്രതിരോധ, വിദേശകാര്യമന്ത്രി കൂടിയായ മീഹോള്‍ മാര്‍ട്ടിന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

രാഷ്ട്രീയക്കാരോട് സ്വന്തം ജോലി കൃത്യമായി ചെയ്യാനും, പൗരന്മാര്‍ക്ക് സുരക്ഷ നല്‍കാനും ആക്രമണത്തിന് ഇരയായ നതാഷ ഒബ്രിയന്‍ ആവശ്യപ്പെട്ടിരുന്നു. യെ പുറത്താക്കണമെന്നും അവര്‍ പറഞ്ഞിരുന്നു. ആയിരക്കണക്കിന് പേരാണ് നതാഷയ്ക്ക് പിന്തുണയുമായി എത്തിയിരുന്നത്.

ഗൗരവമായ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട ആരും സൈന്യത്തില്‍ തുടരേണ്ടെന്ന കര്‍ശന നിലപാട് മാര്‍ട്ടിന്‍ എടുത്തതായി അദ്ദേഹത്തിന്റെ വക്താവ് പറഞ്ഞു. ഇത്തരം കേസുകളില്‍ ഉള്‍പ്പെട്ടിരിക്കുന്നവരുടെ വിവരങ്ങള്‍ കൈമാറാന്‍ അദ്ദേഹം ചീഫ് ഓഫ് സ്റ്റാഫിനോട് ആവശ്യപ്പെട്ടിരുന്നെന്നും, തുടര്‍ന്നാണ് 68 പേരുടെ വിവരങ്ങള്‍ ലഭ്യമായതെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.

7,764 പേരാണ് ഐറിഷ് സേനയിലുള്ളത് (2023 മെയ് മാസത്തിലെ കണക്ക്).

Share this news

Leave a Reply