ലോകത്ത് സുഖകരമായി ജീവിക്കാവുന്ന നഗരങ്ങളുടെ പട്ടികയിൽ പിന്നോട്ട് പോയി ഡബ്ലിൻ; ഒന്നാം സ്ഥാനം ഈ നഗരത്തിന്…

ഏറ്റവും സുഖകരമായി ജീവിക്കാവുന്ന ലോകനഗരങ്ങളില്‍ ഡബ്ലിന് തിരിച്ചടി. ഏഴ് സ്ഥാനം പുറകോട്ട് മാറി പട്ടികയില്‍ 39-ആം സ്ഥാനത്തേയ്ക്കാണ് അയര്‍ലണ്ടിന്റെ തലസ്ഥാനം വീണത്. പട്ടികയില്‍ ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്ന ആണ് ഒന്നാം സ്ഥാനത്ത്.

സുസ്ഥിരത, ആരോഗ്യസംരക്ഷണം, സംസ്‌കാരവും പരിസ്ഥിതിയും, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിങ്ങനെ അഞ്ച് മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി ലോകപ്രശസ്ത മാഗസിനായ ‘ദി എക്കണോമിസ്റ്റ്’ ആണ് 173 നഗരങ്ങളുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

പട്ടികയില്‍ ഡെന്മാര്‍ക്കിന്റെ തലസ്ഥാനമായ കോപ്പന്‍ഹേഗന്‍ രണ്ടാമത് എത്തിയപ്പോള്‍, സ്വിറ്റ്‌സര്‍ലണ്ടിലെ സൂറിച്ച് ആണ് മൂന്നാമത്. ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍, കാനഡയിലെ കാല്‍ഗറി എന്നിവയാണ് നാലും അഞ്ചും സ്ഥാനങ്ങളിലെത്തി.

മുന്‍ പട്ടികയെ അപേക്ഷിച്ച് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് ഇസ്രായേലിന്റെ തലസ്ഥനമായ ടെല്‍ അവീവ് ആണ്. 20 സ്ഥാനങ്ങള്‍ പിന്നോട്ടുപോയി 112-ആമതാണ് നഗരം ഇത്തവണ. ഹമാസുമായുള്ള യുദ്ധമാണ് ഇതിന് കാരണമായത്.

വടക്കന്‍ യൂറോപ്പാണ് ലോകത്തെ ഏറ്റവും നല്ല രീതിയില്‍ ജീവിക്കാന്‍ പറ്റിയ ഇടമെങ്കിലും ഈയിടെയായി വര്‍ദ്ധിച്ചുവരുന്ന തീവ്രവലതുപക്ഷവാദം, ഇയു കാര്‍ഷിക നയങ്ങള്‍, കുടിയേറ്റവിരുദ്ധ വികാരം എന്നിവ ഈ പ്രദേശത്തെ കാര്യമായി ബാധിക്കുന്നുണ്ടെന്ന് ദി എക്കണോമിസ്റ്റ് വ്യക്തമാക്കുന്നു. സിറിയയുടെ തലസ്ഥാനമായ ഡമാസ്‌കസാണ് പട്ടികയില്‍ ഏറ്റവും പിന്നില്‍.

Share this news

Leave a Reply