അയര്‍ലണ്ടില്‍ കഴിഞ്ഞ വര്‍ഷം ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ 30 വര്‍ഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്കില്‍ ആയിരുന്നുവെന്ന് പരിസ്ഥിതി സുരക്ഷാ ഏജന്‍സി. പരിസ്ഥിതിക്ക് ആഘാതം സൃഷ്ടിക്കുന്ന ഹരിതഗൃഹ വാതകങ്ങളുടെ അഥവാ ഗ്രീന്‍ ഹൗസ് ഗ്യാസുകളുടെ പുറന്തള്ളല്‍ കുറയ്ക്കാനായി കഠിന ശ്രമങ്ങളാണ് രാജ്യം ഈയിടെയായി നടത്തിവന്നത്.
2023-ല്‍ രാജ്യത്തെ ഗ്രീന്‍ ഹൗസ് ഗ്യാസ് പുറന്തള്ളല്‍ 6.8% കുറഞ്ഞതായി റിപ്പോര്‍ട്ട് പറയുന്നു. ഏതാണ്ട് എല്ലാ മേഖലയില്‍ നിന്നും ഇത്തരത്തില്‍ പുറന്തള്ളലില്‍ കുറവ് സംഭവിച്ചിട്ടുണ്ട്. കാര്‍ഷിക മേഖലയില്‍ നിന്നുള്ള എമിഷന്‍ 4.6% കുറഞ്ഞപ്പോള്‍, ഊര്‍ജ്ജനിര്‍മ്മാണ മേഖലയിലെ പുറന്തള്ളലില്‍ 21.6% കുറവ് വന്നു. വീടുകളില്‍ നിന്നുള്ള ഗ്രീന്‍ ഹൗസ് ഗ്യാസ് എമിഷന്‍ 1990-ന് ശേഷം ഏറ്റവും കുറഞ്ഞ നിരക്കിലുമാണ്. ഗതാഗതമേഖലയിലെ പുറന്തള്ളല്‍ കോവിഡിന് മുമ്പുള്ള കാലഘട്ടത്തെക്കാള്‍ കുറഞ്ഞെങ്കിലും മുന്‍ വര്‍ഷത്തെക്കാള്‍ 0.3% വര്‍ദ്ധിച്ചിട്ടുണ്ട്.
റിപ്പോര്‍ട്ട് പ്രതീക്ഷ പകരുന്നതാണെങ്കിലും 2030-ഓടെ ഗ്രീന്‍ ഹൗസ് ഗ്യാസ് എമിഷന്‍ 42% കുറയ്ക്കുക എന്ന യൂറോപ്യന്‍ യൂണിയന്‍ ലക്ഷ്യത്തിലേയ്ക്ക് ഇനിയുമേറെ ദൂരം അയര്‍ലണ്ടിന് പോകാനുണ്ടെന്നും റിപ്പോര്‍ട്ട് ഓര്‍മ്മിപ്പിക്കുന്നു. 2005-മായി താരതമ്യം ചെയ്യുമ്പോള്‍ 10.1% മാത്രമാണ് എമിഷന്‍ കുറഞ്ഞിരിക്കുന്നത്. ഇത് 42 ശതമാനത്തിലേയ്ക്ക് എത്തിക്കാന്‍ വലിയ പ്രയത്‌നം തന്നെ ആവശ്യമാണ്. അയര്‍ലണ്ടിന്റെ ദേശീയ ലക്ഷ്യമാകട്ടെ 2030-ഓടെ ഗ്രീന്‍ ഹൗസ് ഗ്യാസ് എമിഷന്‍സ് 51% കുറയ്ക്കുക എന്നതുമാണ്.