മുന്‍ യുഎസ് പ്രസിഡന്റും, നിലവിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപിന് നേരെ വധശ്രമം. പെന്‍സില്‍വേനിയയിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ പ്രദേശികസമയം ശനിയാഴ്ച വൈകിട്ട് 6.13-ഓടെയാണ് വേദിയില്‍ പ്രസംഗിക്കുകയായിരുന്ന ട്രംപിന് നേരെ വെടിവെപ്പുണ്ടായത്. വെടിവെപ്പില്‍ വലത് ചെവിക്ക് പരിക്കേറ്റ ട്രംപിനെ സീക്രട്ട് സര്‍വീസ് ഉടന്‍ തന്നെ കവചമൊരുക്കി സംരക്ഷിക്കുകയും, അക്രമിയെ വെടിവച്ച് കൊല്ലുകയും ചെയ്തു.
തോമസ് മാത്യു എന്ന 20-കാരനാണ് ട്രംപിനെ വെടിവച്ചതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. പെന്‍സില്‍വേനിയയിലെ ബെഥേല്‍ പാര്‍ക്ക് സ്വദേശിയായ ഇയാള്‍ ട്രംപിനും, റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുമെതിരെ സംസാരിക്കുന്ന ഒരു വീഡിയോ പ്രചരിക്കാനാരംഭിച്ചിട്ടുണ്ട്.
അതേസമയം വെടിവെപ്പില്‍ റാലിക്കെത്തിയ ഒരു യുവാവ് കൊല്ലപ്പെടുകയും, മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
സംഭവത്തെ അപലപിച്ച യുഎസ് പ്രസിഡന്റും, ട്രംപിന്റെ എതിരാളിയുമായ ജോ ബൈഡന്‍, അമേരിക്കയില്‍ ഇത്തരം രാഷ്ട്രീയ ആക്രമണങ്ങള്‍ കേട്ടുകേള്‍വിയില്ലാത്തതാണെന്ന് പ്രതികരിച്ചു. ട്രംപുമായി താന്‍ ഫോണില്‍ സംസാരിച്ചതായും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.