അയര്‍ലണ്ടില്‍ പുതിയ അദ്ധ്യയനവര്‍ഷം തുടങ്ങാനിരിക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള വാടകവീടുമായി ബന്ധപ്പെട്ടുള്ള തട്ടിപ്പുകള്‍ വ്യാപകമായേക്കാമെന്ന മുന്നറിയിപ്പുമായി അധികൃതര്‍. വാടകയ്ക്ക് റൂമോ, വീടോ നല്‍കാമെന്ന് വാഗ്ദാനം നല്കി നടത്തുന്ന തട്ടിപ്പുകള്‍ക്കെതിരെ കാംപെയിനുമായി ഹൗസിങ് ചാരിറ്റി സംഘടനയായ Threshold ആണ് രംഗത്തെത്തിയിരിക്കുന്നത്. ഗാര്‍ഡയും വിദ്യാര്‍ത്ഥികള്‍ക്ക് സമാനമായി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വാടക പരസ്യത്തില്‍ എന്തെങ്കിലും തട്ടിപ്പ് സംശയിച്ചാല്‍ ഉടന്‍ തങ്ങളെ ബന്ധപ്പെടണമെന്ന് Threshold അഭ്യര്‍ത്ഥിച്ചു. ഏകദേശം 250,000-ധികം വിദ്യാര്‍ത്ഥികളാണ് സെപ്റ്റംബര്‍ മാസത്തില്‍ ക്ലാസുകളാരംഭിക്കുമ്പോള് കോളജുകളിലേയ്ക്ക് എത്തുന്നത്. ഇതില്‍ 100,000 പേര്‍ക്കെങ്കിലും പ്രൈവറ്റായ വാടകവീടുകളോ റൂമുകളോ ആവശ്യമായി വരുമെന്നതിനാല്‍ തക്കം പാര്‍ത്ത് തട്ടിപ്പുകാരുമെത്തും.
വാടകയ്ക്ക് റൂം എടുക്കുന്നതിന് മുമ്പായി റൂം/വീട് നേരിട്ട് ചെന്ന് കാണുക, കരാര്‍ ആവശ്യപ്പെടുക, മറ്റുള്ളവരോട് ഉപദേശം തേടുക എന്നിവ നിര്‍ബന്ധമായും ചെയ്യണമെന്ന് Threshold വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശം നല്കുന്നു. ഓണ്‍ലൈനായാണ് റൂം നോക്കുന്നതെങ്കില്‍, വ്യക്തിവിവരങ്ങളോ, സാമ്പത്തിക വിവരങ്ങളോ നല്‍കാതിരിക്കുക. സുരക്ഷിതമല്ലാത്ത മാര്‍ഗ്ഗങ്ങളിലൂടെ പണം കൈമാറുകയുമരുത്. എന്ത് സഹായത്തിനായും തങ്ങളുമായി ബന്ധപ്പെടാമെന്നും Threshold അറിയിച്ചു.
ആദ്യമായി വീട് വാടകയ്ക്ക് എടുക്കുന്നവരോ, ഇംഗ്ലിഷ് പ്രാവീണ്യം ഇല്ലാത്തവരോ ആയ വിദ്യാര്‍ത്ഥികളാണ് മിക്കപ്പോഴും തട്ടിപ്പിന് ഇരയാകപ്പെടുന്നത്. എന്നാല്‍ വെറും 11% പേര് മാത്രമാണ് തട്ടിപ്പിന് ഇരയായ കാര്യം അധികൃതര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. വാടകയ്ക്ക് റൂമോ വീടോ എടുക്കുന്നത് എങ്ങനെയെന്ന് കൃത്യമായി അറിയില്ലെങ്കില്‍ Threshold-മായി ബന്ധപ്പെടാവുന്നതാണ്.
Threshold’s helpline (Monday to Friday 9am- 9pm): 1800 454 454
Webchat: http://www.threshold.ie/get-help/
Website: https://threshold.ie/advocacy-campaign/scamwatch/