ഭദ്രമായി അടുക്കിവെച്ച ഓർമ്മയുടെ കെട്ടുകളിൽ പതുക്കെയൊന്നു തലോടി. വെറുതെ ഒരു കൗതുകം. ഏറെ, വളരെയേറെ പഴക്കമുള്ള ഓർമ്മകൾ. അവയിലലിഞ്ഞു ചേർന്ന കണ്ണീരിന്റെ നനവും, സ്നേഹത്തിന്റെ പരിശുദ്ധിയും, സന്തോഷത്തിന്റെ തിരത്തള്ളലും എന്നെ അസ്വസ്ഥനാക്കി.
ഉത്രാടത്തലേന്ന് ബാങ്കിൽ തിരക്കുണ്ടായിരുന്നു. അടുത്ത രണ്ടു ദിവസം ഓണാവധി. ഉച്ചയ്ക്കു തന്നെ പൊയ്ക്കൊള്ളാൻ മാനേജർ പ്രത്യേക അനുവാദം തന്നു. ഇനി എത്ര ദൂരം യാത്ര ചെയ്താലാണ് വീട്ടിലെത്തുക!
ഒരു മാസം കൊണ്ട് ബാങ്കിലെ ജോലി കുറെയൊക്കെ മനസ്സിലാക്കി. കൂട്ടലുകളും കിഴിക്കലുകളും. ഒടുവിൽ രണ്ടറ്റവും കൂട്ടിമുട്ടണം. ഡെബിറ്റും ക്രെഡിറ്റും. ജീവിതത്തിന്റെ കണക്കു പുസ്തകത്തിൽ എന്തെല്ലാം എഴുതി ച്ചേർക്കാനിരിക്കുന്നു. ഇനിയിപ്പോൾ അതാകാം. പഴയതൊക്കെ മായിക്കണം. പട്ടിണി, ദാരിദ്ര്യം, അപകർഷത, അവഗണന – ഒക്കെ മായിക്കണം.
ദാരിദ്ര്യം ഒരു പാപമല്ലെന്ന് എം ടി യുടെ ‘കാല’ ത്തിൽ കൃഷ്ണൻകുട്ടി സേതുവിനോടു പറയുന്നത് ഓർമ്മയിലെത്തി. ദാരിദ്ര്യം ശാപമായിരിക്കാം. എന്റേത് ആരുടെ ശാപമാകാം? ഭൂതകാലം ചികഞ്ഞെടുത്തു സ്വയം മുറിവേൽപ്പിക്കണ്ട. ഞാനൊരു താത്വികന്റെ മേലങ്കി എടുത്തണിഞ്ഞു.
കാഷ്യറുടെ കൈയ്യിൽ നിന്നു വാങ്ങിയ ആദ്യ ശമ്പളം പാന്റിന്റെ കീശയിൽ സൂക്ഷിച്ചു വെച്ചു. വഴിച്ചെലവിനുള്ളത് ഷർട്ടിന്റെ കീശയിലും. ആദ്യ ശമ്പളം, 981 രൂപ. ബാങ്കിംഗ് സർവീസ് റിക്രൂട്ട്മെന്റ് ബോർഡിന്റെ പരീക്ഷയെഴുതി കിട്ടിയ സ്ഥിരമായ ജോലി. ആരുടെയൊക്കെയോ പുണ്യവും പ്രാർത്ഥനയും. അമ്മയുടെ, അനുജത്തിയുടെ, സുഹൃത്തുക്കളുടെ, ഗുരുക്കന്മാരുടെ… അമ്മ അന്നും ഇന്നും എന്റെ ദൗർബ്ബല്യം. അച്ഛനെക്കുറിച്ച് നേരിയ ഓർമ്മ മാത്രം. അച്ഛനും അമ്മയും എനിക്കൊരാൾ തന്നെ – അമ്മ. അച്ഛൻ എന്തിനു ഞങ്ങളെ ഉപേക്ഷിച്ചു പോയെന്നറിയില്ല. ജീവിതത്തിൽ നിന്ന് ഒരൊളിച്ചോട്ടം. ഞാൻ ചോദിച്ചിട്ടില്ല. അമ്മ പറഞ്ഞിട്ടുമില്ല, കുറ്റപ്പെടുത്തിയിട്ടുമില്ല. അമ്മ ഞങ്ങളെ വളർത്തി വലുതാക്കി, പഠിപ്പിച്ചു. അയൽപക്കങ്ങളിലെ വീട്ടുവേല, കന്നുകാലി വളർത്തൽ…..
നൊമ്പരങ്ങൾ തന്റേതു മാത്രമാക്കി ഒതുക്കിവെച്ചു. സ്വാഭിമാനം ആർക്കും തീറെഴുതി കൊടുക്കാതെ ഞങ്ങളെ ഇത്രടമെത്തിച്ച അമ്മയെ തൊഴുകയ്യോടെയല്ലാതെ കാണാനാവില്ല.
അമ്മ പലപ്പോഴും ഓർമ്മിപ്പിച്ചിരുന്നു, നല്ലതു ചിന്തിക്കുക, പ്രവർത്തിക്കുക. ശരിയും തെറ്റും തിരിച്ചറിയുക. അമ്മയുടെ വാക്കുകൾ മനസ്സിൽ കൊണ്ടു നടക്കുന്നു, വേദവാക്യം പോലെ. ചെറിയ പഠിപ്പു മാത്രമുള്ള ഒരാളുടെ വലിയ മൂർച്ചയുള്ള വാക്കുകൾ.
ഞാൻ സുഹൃത്തുക്കളോടു യാത്ര പറഞ്ഞിറങ്ങി.
രവി എന്നെ കാത്തു നിന്നു.
ബാങ്ക് ജോലിയിൽ പ്രവേശിക്കാൻ മലബാറിലെ ഈ മലയോര ഗ്രാമത്തിലെത്തിയ ആദ്യനാൾ മുതൽ രവി എന്റെ ഉറ്റവനും ഉടയോനുമായി. അപരിചിതമായ സ്ഥലത്ത് എല്ലാ സൗകര്യങ്ങളും ഒരുക്കിത്തന്നത് രവി. ഇന്നലെകളിലെ ദുഃഖങ്ങളുടെ ചെപ്പു തുറക്കുമ്പോൾ അതേറ്റുവാങ്ങുകയും പ്രതികരിക്കുകയും ചെയ്യുന്ന ശുദ്ധ മനുഷ്യൻ. ബാങ്ക് സമയം കഴിഞ്ഞാൽ വെറുതെ കുശലം പറഞ്ഞിരിക്കും. അല്ലെങ്കിൽ എങ്ങോട്ടെങ്കിലും യാത്ര. ഗുളികനും വസൂരിയും തീച്ചാമുണ്ഡിയും ഉറഞ്ഞു തുള്ളിയ തെയ്യത്തറകളിൽ, കൊട്ടിയൂർ ക്ഷേത്രത്തിൽ, പറശ്ശിനിക്കടവിൽ….
ബാങ്ക് ജോലിക്കാരന്റെ പ്രൗഢിക്കു ചേരാത്ത ബാഗും തൂക്കി രവി ഒപ്പം നടന്നു.
തലേ രാത്രിയിലെ കനത്ത മഴയിൽ കുതിർന്ന ഭൂമി ഇപ്പോഴും വിറ കൊള്ളുന്നു. സുഖമുള്ളൊരു കുളിരിൽ പുതിയ നാമ്പുകൾ തല നീട്ടുന്നു. തെളിഞ്ഞ ആകാശത്തു വെള്ളിമേഘങ്ങൾ ഘോഷയാത്ര നടത്തുന്നു. പൂ പറിച്ചു നടക്കുന്ന കുസൃതിപ്പിള്ളേർക്കു പിടി കൊടുക്കാതെ ചെമ്പരത്തിപ്പൂക്കൾ വേലിക്കൽ അഹങ്കാരത്തോടെ ഇളകിയാടി. ഓണത്തുമ്പികൾ തൊട്ടും തൊടാതെയും കുന്തളിച്ചു പാറിനടന്നു. വർണ്ണശലഭങ്ങൾ പൂച്ചെത്തിയെ പുൽകാൻ ശ്രമിക്കുകയും ചിലപ്പോഴൊക്കെ പരാജയപ്പെടുകയും ചെയ്തു.
കർക്കിടകത്തിലെ മലവെള്ളപ്പാച്ചിലിൽ ടാറിട്ട റോഡിലാകെ കുഴികൾ രൂപം കൊണ്ടു. പാഞ്ഞു വന്ന വണ്ടികൾ കുഴിയിലെ ചെളിവെള്ളം തെറിപ്പിച്ചു കടന്നു പോയി. ചാലുകൾ കീറി അലസമായൊഴുകിയ ഉറവവെള്ളത്തിൽ കാലുകൾ നനച്ചു ഞാൻ രവിയോടൊപ്പം രണ്ടു ഫർലോങ്ങ് അകലെയുള്ള പേരാവൂർ ബസ് സ്റ്റാൻഡിലേക്കു നടന്നു.
ബസ് സ്റ്റാൻഡിലെത്തിയപ്പോൾ മേലാകെ വിയർപ്പിൽ കുളിച്ചു. നടപ്പിന്റെ വേഗത കൊണ്ടാകാം ശരീരത്തിനു ചെറിയൊരു തളർച്ച തോന്നി. പക്ഷേ, ഓണത്തിരക്കിന്റെ ആരവം ആവേശം കൊള്ളിച്ചു. ആൾത്തിരക്കിൽ രവി തന്നെ ആദ്യം ബസ്സിൽ കയറി എനിക്കിരിക്കാൻ സീറ്റൊപ്പിച്ചു. ബാഗ് സീറ്റിനടിയിലും വെച്ചു. യാത്ര പറയുമ്പോൾ അമ്മയേയും അനിയത്തിയേയും അന്വേഷണം അറിയിക്കാൻ രവി പറഞ്ഞു.
പേരാവൂരിൽ നിന്നു തലശ്ശേരി വഴി കോഴിക്കോട് വരെ ബസ്സ് യാത്ര. അവിടെ നിന്നു മറ്റൊരു ബസ്സിൽ ചങ്ങനാശ്ശേരിയിലെത്തണം. ബസ്സ് തലശ്ശേരി വിട്ടപ്പോൾ വലതു വശത്തു കടലും മുക്കുവ കുടിലുകളും കണ്ടു. കടൽക്കാറ്റിന്റെ ഉപ്പുരസത്തിൽ മയങ്ങണമെന്നു തോന്നി. പക്ഷേ, ആഗ്രഹങ്ങളും പ്രതീക്ഷകളും പീലി വിടർത്തിയാടാൻ തുടങ്ങിയപ്പോൾ മയക്കം വഴിമാറി. കരയെ പുൽകാൻ ആർത്തിയോടെ വന്നടുത്ത വമ്പൻ തിരമാലകൾ കടൽഭിത്തിയിൽ തലതല്ലി ചിതറുന്നതു കണ്ടു.
ജോലി കിട്ടിയതിനു ശേഷം ആദ്യമായി നാട്ടിലെത്തുമ്പോഴുള്ള സുന്ദര നിമിഷങ്ങൾ. അമ്മയ്ക്കും അനിയത്തിക്കും ഓണസമ്മാനം. അല്ലെങ്കിൽ വേണ്ട, അതൊക്കെ അമ്മയുടെ ഇഷ്ടം പോലെ ചെയ്തുകൊള്ളട്ടെ. തന്നെ ഉള്ളറിഞ്ഞു സ്നേഹിച്ച സുഹൃത്തുക്കൾക്കും ഗുരുക്കന്മാർക്കും എന്തെങ്കിലുമൊക്കെ ചെയ്യണം. ആദ്യ ശമ്പളം അവർക്കു കൂടി അവകാശപ്പെട്ടതാണ്.
ചങ്ങനാശ്ശേരിയിൽ ഉറക്കച്ചടവോടെ ബസ്സിറങ്ങിയപ്പോൾ പാതിരാ കഴിഞ്ഞു. ബാഗ് തോളിലിട്ട് നടക്കാൻ തീരുമാനിച്ചു. രണ്ടു മൈൽ ദൂരം നടക്കാവുന്നതേയുള്ളൂ. നിരത്തിൽ ആളുകൾ പതിവിലും കൂടുതലുണ്ട്. ഓണനിലാവിൽ കുളിച്ചു നിൽക്കുന്ന രാത്രിയിൽ നിഴലെനിക്കു കൂട്ടായി. ഈ പാടവരമ്പു പിന്നിട്ട്, കൈത്തോടു മുറിച്ചു കടന്ന്, പൊക്കത്തിൽ കാണുന്ന, തിണ്ണയിൽ റാന്തൽ വിളക്കു മുനിഞ്ഞു കത്തുന്ന എന്റെ വീട്ടിലെത്താൻ അധികനേരം വേണ്ട. ഇടവപ്പാതിയിലെ തിമിർപ്പിനു ശേഷവും കൈത്തോട്ടിൽ വെള്ളം കുറഞ്ഞിട്ടില്ല. നിശ്ചലമായി ഒഴുകുന്നെന്നു മാത്രം. പരൽമീനുകൾ തുടിക്കുമ്പോൾ മുകൾപ്പരപ്പിൽ വൃത്തങ്ങൾ വലുതാകുന്നത് നിലാവെളിച്ചത്തിൽ ദൃശ്യമായി. അമ്മ ഉറങ്ങിയിട്ടുണ്ടാവില്ല. ഈ രാത്രിയിൽ എന്നോടൊപ്പം ഉണ്ണാതെ അമ്മ ഉറങ്ങില്ലെന്ന് ഉറപ്പുണ്ടായിരുന്നു. ഞാൻ കൈത്തോട് ചാടിക്കടന്നു. ഷർട്ടിന്റെ കീശയിലുണ്ടായിരുന്ന ചില്ലറത്തുട്ടുകൾ കലപില കൂട്ടിയതു ശ്രദ്ധിച്ചു. പാന്റിന്റെ കീശയിൽ ഭദ്രമായി വെച്ച ആദ്യ ശമ്പളത്തിന്റെ പുത്തൻ നോട്ടുകൾ ഓർമ്മയിൽ തെളിഞ്ഞു. കീശയിൽ കൈയ്യിട്ടപ്പോൾ പണമുണ്ടായിരുന്നില്ല. കീശതന്നെ അറുത്തു മാറ്റിയിരിക്കുന്നു. ബസ്സിലെ തിരക്കിൽ എപ്പഴോ അതു സംഭവിച്ചിരിക്കുന്നു. ഒറ്റ നിമിഷം കൊണ്ട് പീലി വിടർത്തിയാടിയ ആഗ്രഹങ്ങളും പ്രതീക്ഷകളും സ്വപ്നങ്ങളും കരിഞ്ഞു വീണു.
നിലാവ് അസ്തമിച്ചു. കാലുകൾക്ക് കൂരിരുട്ടിന്റെ കരിമ്പടത്തിൽ ചവുട്ടി നടക്കാനുള്ള ശക്തിയില്ലാതായി.
അമ്മയെ കാണാതെ, അനിയത്തിയെ കാണാതെ തിരികെപ്പോയാലോ എന്നു ചിന്തിച്ചു. പാടില്ലെന്ന് മനസ്സ് ശക്തമായി വാദിച്ചു.
ആളനക്കം കേൾപ്പിക്കാതെ പതുക്കെ കതകിൽ മുട്ടി. ഉറങ്ങാതെ എന്നെ കാത്തിരുന്ന അമ്മ കതകു തുറന്നു. കെട്ടിപ്പിടിച്ചു വിതുമ്പി. എന്റെ മാനസികാവസ്ഥ അമ്മയ്ക്കറിയില്ലല്ലോ. അനിയത്തിയെ ഉണർത്താതെ അമ്മയോടു കാര്യം പറഞ്ഞു. കൈയ്യിലൊന്നുമില്ലാതെ ഓണദിവസങ്ങൾ അവിടെ ചെലവഴിക്കാൻ പറ്റാത്തതിന്റെ ബുദ്ധിമുട്ടുകൾ അമ്മ മനസ്സിലാക്കി. സൂക്ഷിച്ചു വെച്ച മൺകുടുക്ക കൈയ്യിലേൽപ്പിച്ചു കൊണ്ട് അമ്മ പറഞ്ഞു, ഇതിൽ ബസ്സ് കൂലിക്കും അത്യാവശ്യം ചെലവിനും വേണ്ട നാണയങ്ങൾ ഉണ്ടാകും. മോൻ തിരികെ പൊയ്ക്കോളൂ. ഒന്നോർക്കുക, ജീവിതയാത്ര ഇവിടം കൊണ്ടു തീരുന്നില്ല. തളർന്നു പോയാൽ എങ്ങുമെത്തിച്ചേരില്ല.
നിലാവ് മായും മുമ്പേ, നാടുണരും മുമ്പേ, ഉണ്ണികളും പൂത്തുമ്പികളും ഉണരും മുമ്പേ, ചെത്തിയും ചെമ്പരത്തിയും തുമ്പയും കോളാമ്പിയും ഇതൾ വിടർത്തും മുമ്പേ ഞാൻ തിരികെ നടന്നു. മൺകുടുക്കയുടെ ഭാരം അമ്മയുടെ ക്ലേശവും അലിവും സ്നേഹവുമാണെന്ന് എന്നെ ബോധ്യപ്പെടുത്തിക്കൊണ്ടിരുന്നു. അതെന്നെ വഴി നടത്തിച്ചു.
(കേരളപ്പിറവിയുടെ അറുപതാം വാർഷികം പ്രമാണിച്ച് 2016- ൽ മലയാള മനോരമ പ്രവാസികൾക്കു വേണ്ടി നടത്തിയ ഓൺലൈൻ ചെറുകഥാ മത്സരത്തിൽ സമ്മനാർഹമായ കഥകളിൽ ഒന്ന് എന്റെ ഈ ചെറിയ കഥയാണ്. സ്വന്തം അനുഭവത്തിന്റെ ചെറിയൊരംശം ഈ കഥയിലുണ്ട് – രാജൻ ദേവസ്യ വയലുങ്കൽ)