ഡബ്ലിൻ: അന്തരിച്ച സാമൂഹികപ്രവർത്തകൻ കെ ജെ ബേബിയുടെ അനുസ്മരണവും സുഹൃത്ത് സംഗമവും സംഘടിപ്പിച്ചു. ഡബിളിലെ നോർത്ത് കോൺടാൽകിൻ ലൈബ്രറി ഹാളിൽ വച്ച് സെപ്റ്റംബർ 11-ആം തീയതി ബുധനാഴ്ച വൈകുന്നേരം ഏഴുമണിക്ക് സംഘടിപ്പിച്ച പരിപാടിയിൽ പെഡൽസ് അയർലണ്ട് സംഘാടകൻ ബിനു ഡാനിയേൽ അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ സാമൂഹിക കല സാംസ്കാരിക സാഹിത്യ മേഖലയിൽ പ്രവർത്തിക്കുന്ന വിവിധ വ്യക്തികൾ പങ്കെടുത്ത അനുസ്മരണ യോഗം കെ ജെ ബേബിയുടെ പ്രവർത്തനങ്ങളുടെ മേന്മ വിളിച്ചോതുന്നതായിരുന്നു.
ആദരാഞ്ജലികൾ അർപ്പിച്ച രാജൻ ദേവസ്യ (മലയാളം), കെ ജെ ബേബിയുടെ ‘കനവ്’ ബദൽ വിദ്യാഭ്യാസ സ്ഥാപനത്തിൽ രണ്ടുതവണ പോയ സ്മരണ പങ്കുവെച്ചു. കെ ജെ ബേബിയുടെ സാമൂഹിക ഇടപെടലുകളുടെ സൈദ്ധാന്തികവും അതിൻറെ പരീക്ഷണ പ്രവർത്തന രീതിയും വിവരിച്ചു രാജൻ ചിറ്റാർ സംസാരിച്ചു. വരുംകാല തലമുറ കനവിനെയും കനവ് ബേബിയേയും സാമൂഹിക പരിഷ്കരണത്തിന്റെ പുത്തൻ പതിപ്പായി വിലയിരുത്തുമെന്ന് നിരവധിതവണ കനവ് സന്ദർശിച്ചതിൻ്റെ അനുഭവം പങ്കുവെച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

കെ ജെ ബേബിയുടെ നാട്ടുകാരനായ ജീവൻജിത്ത് നെല്ലിക്കുന്നിൽ തന്റെ പിതാവുമായുള്ള കെ ജെ ബേബിയുടെ സുഹൃത്ത് ബന്ധവും കൂട്ടായ്മ പ്രവർത്തനവും ഓർത്തെടുത്തു. കെ ജെ ബേബിയുടെ വിയോഗത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തി.
പെഡൽസ് അയർലൻഡ് എന്ന സംഘടനയുടെ നേതൃത്വത്തിലാണ് കെ ജെ ബേബിയുടെ അനുസ്മരണം സംഘടിപ്പിച്ചത്. ബിനു ദാനിയൽ, പ്രിൻസ് ചുങ്കത്തറ, യദു ജോൺ ചാക്കോ എന്നിവർ നേതൃത്വം നൽകി.