അയര്‍ലണ്ടിലുള്ളവര്‍ക്ക് ശുഭവാര്‍ത്തയുമായി സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് (CSO). രാജ്യത്തെ വാര്‍ഷിക പണപ്പെരുപ്പം മൂന്ന് വര്‍ഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്കായ 1.7 ആയതായി CSO-യുടെ ഓഗസ്റ്റ് മാസത്തെ കണക്കുകള്‍ വ്യക്തമാക്കുന്നു. Consumer Price Index (CPI) ആണ് രാജ്യത്ത് പണപ്പെരുപ്പം അളക്കാനായി ഉപയോഗിക്കുന്നത്.
2021 ജൂണ്‍ മാസത്തിന് ശേഷം ഇതാദ്യമായാണ് വാര്‍ഷിക Consumer Price Index (CPI) 2 ശതമാനത്തിന് താഴെ എത്തുന്നത്. ജൂലൈ വരെയുള്ള ഒരു വര്‍ഷത്തിനിടെ ഇത് 2.2% ആയിരുന്നു.
അതേസമയം ഓഗസ്റ്റ് വരെയുള്ള 12 മാസത്തിനിടെ രാജ്യത്ത് ഏറ്റവുമധികം വില വര്‍ദ്ധിച്ചത് റസ്റ്ററന്റ്, ഹോട്ടല്‍ സര്‍വീസുകള്‍ക്കാണ്- 4.5%. ആല്‍ക്കഹോളിനും, ഭക്ഷ്യവസ്തുക്കള്‍ക്കും വില ഉയര്‍ന്നതാണ് ഇതിന് പ്രധാന കാരണം. മറുവശത്ത് വില ഏറ്റവും കുറഞ്ഞത് വസ്ത്രം, പാദരക്ഷകള്‍ എന്നിവയ്ക്കാണ്- 6.2%. ഹൗസിങ്, വെള്ളം, വൈദ്യുതി, ഗ്യാസ്, മറ്റ് ഇന്ധനങ്ങള്‍ എന്നിവയുടെ വിലയും 1.9% കുറഞ്ഞിട്ടുണ്ട്.
ഒരു വര്‍ഷത്തെ കണക്കെടുക്കുമ്പോള്‍ പണപ്പെരുപ്പം കുറഞ്ഞെങ്കിലും 2024 ജൂലൈ മാസത്തെ അപേക്ഷിച്ച് ഓഗസ്റ്റിലേയ്ക്ക് എത്തുമ്പോള്‍ വിലയില്‍ 0.1% വര്‍ദ്ധന രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ തന്നെ 2.8% വില വര്‍ദ്ധിച്ച വസ്ത്രം, പാദരക്ഷകള്‍ എന്നിവയാണ് മുന്നില്‍.