സൈമണ്‍ ഹാരിസ് പാര്‍ട്ടി നേതൃസ്ഥാനവും, പ്രധാനമന്ത്രിപദവും ഏറ്റെടുത്തതിന് പിന്നാലെ Fine Gael-ന്റെ ജനപ്രീതി തുടര്‍ച്ചയായി ഉയരുന്നു. Irish Examiner-ന്റെ ഏറ്റവും പുതിയ സര്‍വേ പ്രകാരം 27% ജനപിന്തുണയുമായി Fine Gael ആണ് നിലവില്‍ അയര്‍ലണ്ടില്‍ ഏറ്റവും ജനപ്രീതിയുള്ള രാഷ്ട്രീയ പാര്‍ട്ടി. 36% പേരുടെ പിന്തുണയുള്ള സൈമണ്‍ ഹാരിസ് രാജ്യത്തെ രാഷ്ട്രീയനേതാക്കളില്‍ ഒന്നാമതായി നില്‍ക്കുന്നുവെന്നും സര്‍വേ വ്യക്തമാക്കുന്നു.
സര്‍ക്കാര്‍ സഖ്യകക്ഷിയായ Fianna Fail ആണ് ജനപ്രീതിയില്‍ രണ്ടാം സ്ഥാനത്ത്. 22% പേരുടെ പിന്തുണയാണ് പാര്‍ട്ടിക്കുള്ളത്. എന്നാല്‍ പ്രധാന പ്രതിപക്ഷമായ Sinn Fein-ന്റെ പിന്തുണ ഗണ്യമായി കുറഞ്ഞ് 18% ആയി. സ്വതന്ത്രര്‍ക്ക് 20 ശതമാനവും സോഷ്യല്‍ ഡെമോക്രാറ്റ്‌സ്, ലേബര്‍ പാര്‍ട്ടി എന്നിവര്‍ക്ക് 3% വീതവും, ഭരണകക്ഷിയായ ഗ്രീന്‍ പാര്‍ട്ടിക്ക് 1 ശതമാനവും ആണ് നിവവിലുള്ള ജനപ്രീതി. 5% പേര്‍ മറ്റുള്ളവരെ പിന്തുണയ്ക്കുന്നു.
രാഷ്ട്രീയനേതാക്കള്‍ക്കുള്ള പിന്തുണയില്‍ രണ്ടാം സ്ഥാനത്ത് ഉപപ്രധാനമന്ത്രിയും, Fianna Fail നേതാവുമായ മീഹോള്‍ മാര്‍ട്ടിനാണ്. 28% പേരുടെ പിന്തുണയാണ് അദ്ദേഹത്തിനുള്ളത്. പ്രതിപക്ഷനേതാവായ Sinn Fein-ന്റെ മേരി ലൂ മക്‌ഡൊണാള്‍ഡിന് 10% പേരുടെ പിന്തുണ മാത്രമാണുള്ളത്.
അതേസമയം തന്റെ പാര്‍ട്ടി അടക്കമുള്ള സര്‍ക്കാര്‍ കക്ഷികള്‍ക്ക് പൊതുവില്‍ ജനപ്രീതി വര്‍ദ്ധിച്ചിരിക്കുന്നത് രാജ്യത്തെ പൊതുതെരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ പ്രധാനമന്ത്രി ഹാരിസില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് ഊഹോപാഹങ്ങളുണ്ട്. മാര്‍ച്ച് വരെയുള്ള മുഴുവന്‍ കാലാവധിയും സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയ ശേഷമേ തെരഞ്ഞെടുപ്പ് ഉണ്ടാകൂ എന്നായിരുന്നു ഹാരിസ് നേരത്തെ പറഞ്ഞത്.