University Hospital Limerick’s (UHL)-ല്‍ സമയത്ത് ചികിത്സ കിട്ടാതെ Aoife Johnston എന്ന രോഗി മരിച്ച സംഭവത്തില്‍ ആറ് പേര് അച്ചടക്കനടപടികള്‍ നേരിടുകയാണെന്ന് HSE മേധാവി Bernard Gloster. Aoife-യുടെ കുടുംബത്തോട് മാപ്പ് ചോദിക്കുന്നതായും അദ്ദേഹം ഞായറാഴ്ച പറഞ്ഞു. അച്ചടക്ക നടപടി നേരിടുന്ന നാല് ആശുപത്രി ജീവനക്കാരോട് ഇപ്പോള്‍ ഡ്യൂട്ടിയില്‍ നിന്നും ഒഴിവായി അവധിയില്‍ പോകാന്‍ പറഞ്ഞിരിക്കുകയാണ്. അന്വേഷണവും, മറ്റ് നടപടിക്രമങ്ങളും പൂര്‍ത്തിയായ ശേഷം ബാക്കി കാര്യങ്ങള്‍ അറിയിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം നടപടി നേരിടുന്നത് ആരൊക്കെയാണെന്ന് Gloster വെളിപ്പെടുത്തിയില്ല.
Aoife-യുടെ മരണത്തിന് കാരണം കൃത്യമായ ചികിത്സ, കൃത്യമായ സമയത്ത് ലഭിക്കാത്തതാണെന്ന് വ്യക്തമാക്കുന്ന സ്വതന്ത്ര അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ വെള്ളിയാഴ്ച പുറത്തുവന്നിരുന്നു. ആശുപത്രിയിലെ അമിതമായ തിരക്കാണ് ഇതിലേയ്ക്ക് നയിച്ചതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. UHL-ലെ സ്ഥിതി നിലവില്‍ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നും മുന്‍ ചീഫ് ജസ്റ്റിസായ Frank Clarke തയ്യാറാക്കിയ റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
2022 ഡിസംബര്‍ 17-ന് വൈകുന്നേരമായിരുന്നു sepsis ബാധിച്ച 16-കാരിയായ Aoife-യെ പുറത്തുനിന്നുള്ള ജിപിയുടെ നിര്‍ദ്ദേശ പ്രകാരം UHL എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ 13 മണിക്കൂറുകള്‍ക്ക് ശേഷമാണ് sepsis-ന് വേണ്ട ചികിത്സ അധികൃതര്‍ നല്‍കിയത്. അപ്പോഴേയ്ക്കും സമയം ഏറെ വൈകുകയും, പിന്നാലെ പെണ്‍കുട്ടി മരിക്കുകയും ചെയ്തു. എത്തിച്ച് ഒരു മണിക്കൂറിനുള്ളില്‍ തന്നെ മരുന്ന് നല്കിയിരുന്നെങ്കില് Aoife-യെ രക്ഷിക്കാന്‍ സാധിക്കുമായിരുന്നു.