അയര്‍ലണ്ടില്‍ എമര്‍ജന്‍സി അക്കോമഡേഷന്‍ വേണ്ടവരുടെ എണ്ണം റെക്കോര്‍ഡായ 14,486-ല്‍ എത്തി. ഇതില്‍ 4,419 പേര്‍ കുട്ടികളാണെന്നും വെള്ളിയാഴ്ച ഹൗസിങ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഓഗസ്റ്റ് അവസാന ആഴ്ചയിലെ കണക്കാണിത്. രാജ്യത്ത് ഇതാദ്യമായാണ് കുടുംബങ്ങള്‍, മുതിര്‍ന്നവര്‍, കുട്ടികള്‍ എന്നിങ്ങനെ ഇത്രയധികം പേര്‍ എമര്‍ജന്‍സി അക്കോമഡേഷന് അപേക്ഷിക്കുന്നത്.
അതേസമയം രാജ്യത്ത് തെരുവോരങ്ങളിലും മറ്റും കഴിയുന്ന ആളുകളുടെ എണ്ണം ഇതില്‍ ഉള്‍പ്പെട്ടിട്ടില്ല. നിലവില്‍ ജയിലുകള്‍, ആശുപത്രികള്‍ എന്നിവിടങ്ങളിലുള്ള ഭവനരഹിതരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. അവരെ കൂടി കൂട്ടിയാല്‍ ഭവനരഹിതരുടെ എണ്ണം ഇനിയും ഉയരും.
2023 ഓഗസ്റ്റ് മാസത്തില്‍ നിന്നും ഒരു വര്‍ഷം പിന്നിടുമ്പോള്‍ രാജ്യത്ത് 1,795 പേരുടെ വര്‍ദ്ധനവാണ് എമര്‍ജന്‍സി അക്കോമഡേഷന്റെ കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. കുടുംബങ്ങളുടെ കാര്യത്തില്‍ 11%, കുട്ടികളുടെ കാര്യത്തില്‍ 14% എന്നിങ്ങനെയും വര്‍ദ്ധനവുണ്ടായി.