ഒക്ടോബർ 19-ന് വാട്ടർഫോർഡിൽ വച്ച് വാട്ടർഫോർഡ് ടൈഗേർഡ് ക്രിക്കറ്റ് ക്ലബ് അണിയിച്ചൊരുക്കിയ കുട്ടികളുടെ ക്രിക്കറ്റ് ക്യാമ്പ് വിജയകരമായി പൂർത്തിയായി. സൗത്ത് ഈസ്റ്റ് അയർലണ്ടിൽ തന്നെ പകരംവെക്കാനില്ലാത്ത ക്രിക്കറ്റ് ക്യാമ്പ്, വാട്ടർഫോർഡ് നഗരത്തിന്റെ കായിക രംഗത്തെ തന്നെ ഒരു സുപ്രധാന ഏടായി അടയാളപ്പെടുത്തി. വാട്ടർഫോർഡ് ടൈഗേഴ്‌സ് ക്രിക്കറ്റ് ക്ലബ്, കെവിൻ ഒബ്രിയൻ ക്രിക്കറ്റ് അക്കാദമി, ലിസ്മോർ ക്രിക്കറ്റ് ക്ലബ് എന്നിവർ സഹകരിച്ച് സംഘടിപ്പിച്ച ക്യാമ്പ്, യുവ ക്രിക്കറ്റ് താരങ്ങളെ ഗെയിമിലേക്ക് പരിചയപ്പെടുത്താനും അവർക്ക് ഗുണനിലവാരമുള്ള പരിശീലനം നൽകാനും ലക്ഷ്യമിട്ടു സംഘടിപ്പിച്ചതാണ്. ക്യാമ്പിന് വലിയ രീതിയിലുള്ള പിന്തുണയാണ് ലഭിച്ചത്. ഇതിന് ഉദാഹരണമായി വാട്ടർഫോർഡിൽ നിന്നും കിൽകെന്നി, വെക്‌സ്‌ഫോർഡ് തുടങ്ങിയ സമീപ കൗണ്ടികളിൽ നിന്നും 5 മുതൽ 16 വയസ്സുവരെയുള്ള കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു.

ബാലിഗണ്ണർ ഇൻഡോർ സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 1:30-ന് ആവേശകരമായ ഉദ്ഘാടന ചടങ്ങോടെയാണ് ക്യാമ്പ് ആരംഭിച്ചത്. വാട്ടർഫോർഡ് ടൈഗേഴ്‌സ് ക്രിക്കറ്റ് ക്ലബ്ബ് മാനേജർ ജസ്റ്റിൻ, അയർലണ്ട് ക്രിക്കറ്റ് ഇതിഹാസം കെവിൻ ഒബ്രിയന് വാട്ടർഫോർഡ് ടൈഗേഴ്‌സ് ജേഴ്‌സി നൽകി ക്യാമ്പ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. കെവിൻ, തന്റെ അക്കാദമിയെ പ്രതിനിധീകരിച്ച്, യുവ മനസ്സുകളെ രൂപപ്പെടുത്തുന്നതിലും ടീം വർക്ക്, അച്ചടക്കം തുടങ്ങിയ ജീവിത നൈപുണ്യങ്ങൾ വളർത്തിയെടുക്കുന്നതിലും സ്‌പോർട്‌സിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രചോദനാത്മകമായ വാക്കുകൾ കുട്ടികളുമായി പങ്കിട്ടു. കുട്ടികൾക്കിടയിൽ ക്രിക്കറ്റ് പ്രോത്സാഹിപ്പിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ അഭിനിവേശം പരിശീലത്തിൽ പൂർണമായി പ്രകടമായിരുന്നു.

വ്യത്യസ്‌ത നൈപുണ്യ തലങ്ങൾക്കനുസൃതമായ പരിശീലന സെഷനുകൾ രൂപകൽപ്പന ചെയ്‌ത ക്യാമ്പിന്, ലിസ്മോർ ക്രിക്കറ്റ് ക്ലബിലെ പരിചയസമ്പന്നരായ പരിശീലകരായ ഡാനിയലിന്റെയും നാറ്റിന്റെയും പിന്തുണയോടെ കെവിൻ ഒബ്രിയൻ നേതൃത്വം നൽകി. മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള സെഷനിൽ ഫീൽഡിംഗ്, ബാറ്റിംഗ്, ബൗളിംഗ് ടെക്നിക്കുകൾ, അടിസ്ഥാന നിയമങ്ങൾ തുടങ്ങിയവ കുട്ടികൾക്ക് പകർന്നു നൽകാൻ ക്യാമ്പിന് കഴിഞ്ഞു.

സമാപന ചടങ്ങിൽ കെവിൻ ഒബ്രിയനും, ലിസ്‌മോർ പരിശീലകരും ചേർന്ന് കുട്ടികൾക്ക് മെഡലുകളും സർട്ടിഫിക്കറ്റുകളും നൽകി അഭിനന്ദിച്ചു.
വാട്ടർഫോർഡ് ടൈഗേഴ്‌സ് ക്രിക്കറ്റ് ക്ലബ്ബ്, 2025 ജനുവരിയിൽ തുടർ പരിശീലന സെഷനുകൾ ആരംഭിക്കുന്നതോടെ മേഖലയിൽ യുവജന ക്രിക്കറ്റിനെ പ്രോത്സാഹിപ്പിക്കുന്നത് തുടരാനുള്ള പദ്ധതികൾ ക്യാമ്പിൽ പ്രഖ്യാപിച്ചു. ക്യാമ്പിനോടുള്ള മികച്ച പ്രതികരണവും ഒന്നിലധികം കൗണ്ടികളിൽ നിന്നുള്ള പങ്കാളിത്തവും ക്രിക്കറ്റിൽ വർദ്ധിച്ചുവരുന്ന താൽപ്പര്യത്തിന്റെയും, അതിന്റെ സാധ്യതകളുടെയും തെളിവായിരുന്നു. പ്രദേശത്തെ ഭാവി ക്രിക്കറ്റ് താരങ്ങൾക്കായി ശക്തമായ അടിത്തറ കെട്ടിപ്പടുക്കാനുള്ള ക്ലബ്ബിന്റെ ശ്രമങ്ങളുടെ തുടക്കമായി ഈ പരിപാടി മാറി.