അയര്‍ലണ്ടിലെ പൊതുതെരഞ്ഞെടുപ്പ് 2024-ല്‍ തന്നെ നടത്താന്‍ ഭരണസഖ്യകക്ഷികളുടെ തീരുമാനം. തിങ്കളാഴ്ച വൈകിട്ട് സര്‍ക്കാരിലെ മൂന്ന് സഖ്യകക്ഷികളുടെയും നേതാക്കന്മാര്‍ നടത്തിയ നീണ്ട ചര്‍ച്ചയിലാണ് തീരുമാനം. പ്രധാനമന്ത്രിയും Fine Gael പാര്‍ട്ടി നേതാവുമായ സൈമണ്‍ ഹാരിസ്, ഉപപ്രധാനമന്ത്രിയും Fianna Fail നേതാവുമായ മീഹോള്‍ മാര്‍ട്ടിന്‍, ശിശുക്ഷേമവകുപ്പ് മന്ത്രിയും ഗ്രീന്‍ പാര്‍ട്ടി നേതാവുമായ Roderic O’Gorman എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.
തെരഞ്ഞെടുപ്പ് 2024-ല്‍ തന്നെ നടത്താമെന്നും, അതിന് മുമ്പായി ഫിനാന്‍സ് ബില്‍ പാസാക്കുന്നതിന് മുന്‍ഗണന നല്‍കാമെന്നും നേതാക്കളുടെ യോഗത്തില്‍ തീരുമാനിച്ചതായി സര്‍ക്കാര്‍ വക്താവ് അറിയിച്ചു. ബില്‍ നവംബര്‍ 5-ന് കമ്മിറ്റിക്ക് മുമ്പില്‍ അവതരിപ്പിക്കും.
തെരഞ്ഞെടുപ്പ് എന്നാകും എന്നത് സംബന്ധിച്ച് ഏതാനും ആഴ്ചകളായി നിരവധി ഊഹാപോഹങ്ങള്‍ ഉയരുന്നുണ്ടായിരുന്നു. ലോക്കല്‍, യൂറോപ്യന്‍ തെരഞ്ഞെടുപ്പുകളില്‍ സര്‍ക്കാര്‍ സഖ്യകക്ഷികളായ Fine Gael, Fianna Fail എന്നീ പാര്‍ട്ടികള്‍ മികച്ച വിജയം നേടിയതോടെ തെരഞ്ഞെടുപ്പ് നേരത്തെ നടത്തിയേക്കാം എന്നും വാദമുയര്‍ന്നിരുന്നു. പ്രതിപക്ഷമായ Sinn Fein-ന് നിലവില്‍ ജനപ്രീതി കുറഞ്ഞത് സര്‍ക്കാര്‍ കക്ഷികള്‍ക്ക് ഗുണകരമാകുമെന്നും അഭിപ്രായമുണ്ട്. അതേസമയം നിലവിലെ സര്‍ക്കാരിന് 2025 മാര്‍ച്ച് വരെ കാലാവധിയുണ്ട്.