പെൺകുട്ടികളെ ഓൺലൈൻ വഴി ചൂഷണം ചെയ്യുകയും, 12 വയസുകാരിയെ ആത്മഹത്യയിലേക്ക് നയിക്കുകയും ചെയ്ത പ്രതിക്ക് നോർത്തേൺ അയർലണ്ടിൽ 20 വർഷം തടവ്

ഓണ്‍ലൈന്‍ വഴി പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത പ്രതിക്ക് നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ 20 വര്‍ഷം തടവ്. 12 വയസുകാരിയെ ആത്മഹത്യയിലേയ്ക്ക് നയിച്ചത് അടക്കമുള്ള കുറ്റങ്ങള്‍ക്കാണ് Alexander McCartney എന്ന 26-കാരനെ ബെല്‍ഫാസ്റ്റിലെ ക്രൗണ്‍ കോടതി വെള്ളിയാഴ്ച ശിക്ഷിച്ചത്. 70 കുട്ടികള്‍ ഉള്‍പ്പെടുന്ന 185 ചാര്‍ജ്ജുകളാണ് ഇയാള്‍ക്ക് മേല്‍ ചുമത്തിയത്.

കൗമാരക്കാരിയായ പെണ്‍കുട്ടി എന്ന വ്യാജേനയാണ് ഇയാള്‍ ലോകത്തെ വിവിധ രാജ്യങ്ങളിലുള്ള മറ്റ് പെണ്‍കുട്ടികളുമായി സ്‌നാപ്ചാറ്റ് വഴി സൗഹൃദം സ്ഥാപിച്ചത്. ശേഷം പെണ്‍കുട്ടികളെ ബ്ലാക്ക് മെയില്‍ ചെയ്യുന്നതായിരുന്നു രീതി. യുഎസിലെ വെസ്റ്റ് വിര്‍ജീനിയ സ്വദേശിയായ 12 വയസുകാരി Cimarron Thomas ആണ് പ്രതിയുടെ ബ്ലാക്ക്‌മെയിലിങ് കാരണം ആത്മഹത്യ ചെയ്തത്. McCartney ഓണ്‍ലൈന്‍ വഴി Cimarron-മായി സൗഹൃദം സ്ഥാപിക്കുകയും, ശേഷം കുട്ടിയുടെ ഇളയ സഹോദരിയുമായി ലൈംഗികമായ പ്രവൃത്തികളില്‍ ഏര്‍പ്പെടുകയും ചെയ്യാന്‍ പറയുകയും ചെയ്തിരുന്നു. എന്നാല്‍ Cimarron ഇത് അനുസരിച്ചില്ല. പ്രതി ബ്ലാക്ക്‌മെയിലിങ് തുടര്‍ന്നതോടെ 12 വയസുകാരി ആത്മഹത്യ ചെയ്യുകയായിരുന്നു. 2018-ലായിരുന്നു സംഭവം. 18 മാസങ്ങള്‍ക്ക് ശേഷം മനോവേദനയില്‍ Cimarron-ന്റെ പിതാവ് Ben Thomas-ഉം ആത്മഹത്യ ചെയ്തിരുന്നു. Cimarron-ന്റെ മരണത്തില്‍ നരഹത്യ കുറ്റമാണ് പ്രതിക്ക് മേല്‍ ചുമത്തിയത്.

59 ബ്ലാക്ക്‌മെയില്‍ കേസുകള്‍, കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങളുമായി ബന്ധപ്പെട്ട മറ്റ് ഒട്ടനവധി കേസുകള്‍ എന്നിവയിലാണ് McCartney-യെ പ്രതിയാക്കിയിരിക്കുന്നത്. ഓസ്‌ട്രേലിയ, ന്യൂസിലാന്റ്, യുഎസ് അടക്കം നിരവധി രാജ്യങ്ങളില്‍ നിന്നുള്ള കുട്ടികള്‍ ഇയാളുടെ ഇരകളായിട്ടുണ്ട്.

നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ Co Down-ലുള്ള Newry ആണ് പ്രതിയായ McCartney-യുടെ സ്വദേശം. കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥി എന്ന നിലയിലുള്ള അറിവാണ് കുറ്റകൃത്യങ്ങള്‍ ചെയ്യാനായി ഇയാള്‍ ഉപയോഗിച്ചത്.

( ഓര്‍ക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഇത്തരം പ്രശ്‌നങ്ങളില്‍ പെട്ടാല്‍ ഉടന്‍ തന്നെ അധികൃതരെ ബന്ധപ്പെടുക. വേണ്ട സഹായങ്ങള്‍ ലഭിക്കുന്നതായിരിക്കും.

24 മണിക്കൂര്‍ ഹെല്‍പ്പ് ലൈന്‍ (അയർലണ്ട്)- 116 123
ഇമെയില്‍- jo@samaritans.org
വെബ്‌സൈറ്റ്- http://mentalhealthireland.ie/get-support )

Share this news

Leave a Reply

%d bloggers like this: