ബാങ്ക് ഹോളിഡേ വീക്കെന്‍ഡില്‍ ഗാര്‍ഡ നടത്തിയ റോഡ് പരിശോധനകളുടെ ഭാഗമായി ലഹരി ഉപയോഗിച്ച് വാഹനമോടിച്ചതിന് പിടിയിലായത് 218 പേര്‍. 880 പ്രത്യേക ചെക്ക്‌പോയിന്റുകളാണ് ഡ്രൈവര്‍മാര്‍ ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് അറിയാനായി ഗാര്‍ഡ സ്ഥാപിച്ചിരുന്നത്. വ്യാഴാഴ്ച രാവിലെ 7 മണിക്ക് ആരംഭിച്ച പ്രത്യേക പരിശോധനകള്‍ ഇന്നലെ രാവിലെ 7 മണിക്കാണ് അവസാനിച്ചത്.
ആകെ 2,150 ഡ്രൈവര്‍മാര്‍ അമിതവേഗതയ്ക്കും പിടിയിലായിട്ടുണ്ട്. വിവിധ നിയമലംഘനങ്ങള്‍ കാരണം 512 വാഹനങ്ങള്‍ ഈ പരിശോധനകള്‍ക്കിടെ ഗാര്‍ഡ പിടിച്ചെടുത്തു.
ഡ്രൈവിങ്ങിനിടെ മൊബൈലില്‍ സംസാരിച്ചതിന് 209 പേര്‍, ലൈസന്‍സുള്ള ആള്‍ കൂടെയില്ലാതെ ലേണര്‍ ലൈസന്‍സുമായി വാഹനമോടിച്ചതിന് 200-ലധികം പേര്‍, സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് 75 പേര്‍, ടാക്‌സ് അല്ലെങ്കില്‍ ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനവുമായി യാത്ര ചെയ്തതിന് 375-ലധികം പേര്‍ എന്നിങ്ങനെയും പിടിയിലായതായി ഗാര്‍ഡ അറിയിച്ചു.