അയർലണ്ടിൽ തടി കുറയ്ക്കാൻ വ്യാജ മരുന്ന്; മുന്നറിയിപ്പുമായി അധികൃതർ

അയര്‍ലണ്ടില്‍ Ozempic-ന് സമാനമായ അനധികൃത മരുന്നുകള്‍ ഓണ്‍ലൈനായി വില്‍ക്കുന്ന 430 വെബ്‌സൈറ്റുകള്‍ ഈ വര്‍ഷം നിരോധിച്ചതായി Irish Health Products Regulatory Authority (HPRA). കഴിഞ്ഞ വര്‍ഷം നിരോധിച്ച വെബ്‌സൈറ്റുകളെക്കാള്‍ ഇരട്ടിയോളമാണിത്. ജനങ്ങള്‍ക്കിടയില്‍ ഈ മരുന്നിന് ആവശ്യക്കാര്‍ കുത്തനെ ഉയര്‍ന്നത് കാരണമാണ് നടപടി.

Semaglutide എന്ന മരുന്നാണ് Ozempic-ല്‍ അടങ്ങിയിട്ടുള്ളത്. ടൈപ്പ് 2 പ്രമേഹം ഉള്ളവരില്‍ രക്തത്തിലെ പഞ്ചസാരയുടെയും, ഇന്‍സുലിന്റെയും അളവ് നിയന്ത്രിക്കാനാണ് ഇത് ഉപയോഗിക്കുന്നത്. പൊണ്ണത്തടി ഉള്ളവരില്‍ വിശപ്പ് തോന്നിപ്പിക്കാതിരിക്കാനും ഇതുപയോഗിക്കുന്നു. എന്നാല്‍ ശരീരഭാരം കുറയ്ക്കാനായി ആളുകള്‍ വ്യാപകമായി ഈ മരുന്ന് ഉപയോഗിക്കാന്‍ തുടങ്ങിയതോടെ ഇതേ പേരില്‍ അനധികൃതമായി നിരവധി മരുന്നുകളാണ് ഓണ്‍ലൈന്‍ വഴി ലഭ്യമായിത്തുടങ്ങിയത്. ഇന്‍ജക്ഷനായോ, മരുന്നായി കഴിക്കുകയോ ചെയ്യാവുന്നതാണിത്.

പക്ഷേ അനധികൃതമായി നിര്‍മ്മിക്കപ്പെടുന്ന ഇത്തരം ഡ്യൂപ്ലിക്കേറ്റ് മരുന്നുകളിലെ ഘടകങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കാമെന്നും, അവയുടെ ഡോസ് ശരിയായ രീതിയിലായേക്കില്ല എന്നും HPRA മുന്നറിയിപ്പ് നല്‍കുന്നു. ഇത് ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാം. ഓണ്‍ലൈനായി ഈ മരുന്ന് വാങ്ങരുതെന്നും മുന്നറിയിപ്പുണ്ട്. മാത്രമല്ല കടകളില്‍ നിന്നായാലും ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷനോടെ മാത്രമേ ഇത് വാങ്ങി ഉപയോഗിക്കാവൂ.

Ozempic-ന് സമാനമായത് എന്ന പേരില്‍ കഴിഞ്ഞ വര്‍ഷം രാജ്യത്ത് വിറ്റിരുന്ന 1,401 അനധികൃത മരുന്നുകള്‍ പിടിച്ചെടുത്തിരുന്നു. 2022-ല്‍ വെറും 40 യൂണിറ്റുകള്‍ പിടിച്ചെടുത്തില്‍ നിന്നുമാണ് കുത്തനെയുള്ള ഈ വര്‍ദ്ധന.

നിലവില്‍ ഓണ്‍ലൈനായി ഇവ വില്‍ക്കുന്ന വെബ്‌സൈറ്റുകള്‍ക്കെതിരെ നടപടിയെടുക്കുന്നതിന് പുറമെ, ഇവ സ്റ്റോക്ക് ചെയ്തിരിക്കുന്ന കടകളില്‍ അധികൃതര്‍ പരിശോധന നടത്തുന്നതും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

അയര്‍ലണ്ടിന് സമാനമായി ഈ മരുന്ന് വാങ്ങി ശരീരഭാരം കുറയ്ക്കാന്‍ ഉപയോഗിക്കുന്ന ട്രെന്‍ഡ് യുകെ, ഓസ്‌ട്രേലിയ, യുഎസ്എ എന്നിവിടങ്ങളിലും വര്‍ദ്ധിച്ചിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: