അയര്‍ലണ്ടില്‍ സര്‍ക്കാര്‍ സഹായത്തോടെയുള്ള സൌജന്യ IVF ചികിത്സക്ക് അപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ 50% വര്‍ധനവെന്ന് റിപ്പോര്‍ട്ട്.
സര്‍ക്കാറിന്റെ ഫെർട്ടിലിറ്റി ട്രീറ്റ്മെന്റ് (IVF) സേവനം,2023 സെപ്റ്റംബറിൽ ആരംഭിച്ചതിന് ശേഷം, ഏകദേശം 1,700 ദമ്പതികള്‍ ചികിത്സക്കായി റഫർ ചെയ്തതായി HSE അറിയിച്ചു.
തുടക്കത്തിൽ പ്രതിമാസം ഏകദേശം 100 ദമ്പതികള്‍ ആണ് IVF സേവനത്തിനായി അപേക്ഷിചിരുന്നത്. എന്നാൽ 2024-ന്റെ അവസാന ഘട്ടങ്ങളിൽ ഈ എണ്ണം 50% വർദ്ധിച്ച് പ്രതിമാസം 150 ദമ്പതികളായി ഉയർന്നതായി ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവ് (HSE) ന്‍റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
HSE സ്ഥാപിച്ച ആറ് ഫെർട്ടിലിറ്റി ഹബ്ബുകൾക്ക് പ്രതിമാസം 550 റഫറലുകൾ വരെ ലഭിക്കുന്നുണ്ട്. തുടക്കത്തിൽ “വളരെ മന്ദഗതിയിലായിരുന്നു” ഡിമാൻഡ്, പക്ഷേ ഇപ്പോൾ ക്രമേണ വർദ്ധിച്ചുവരുന്നതായി, HSE-യുടെ നാഷണൽ വിമൻസ് ആൻഡ് ഇൻഫന്റ്സ് ഹെൽത്ത് പ്രോഗ്രാമിന്റെ ക്ലിനിക്കൽ ഡയറക്ടർ ഡോ. ക്ലിയോന മർഫി പറഞ്ഞു.
ഈ സേവനത്തിൽ ചേർന്നവർ “വളരെ സന്തുഷ്ടരാണ്” എന്നും രാജ്യത്തെ വിവിധ ഭാഗങ്ങളിൽ സേവനങ്ങൾ ലഭിക്കുന്നതിനാൽ “ഓപ്ഷനുകൾ” ഉണ്ടെന്നും അവർ പറഞ്ഞു. പബ്ലിക് സ്കീമിലെ വിജയനിരക്കുകൾ നിരീക്ഷിക്കപ്പെടുകയും ഈ സേവനത്തിലൂടെ ഗർഭധാരണത്തിന് നല്ല അവസരങ്ങൾ ലഭിക്കുമെന്ന് ആളുകളെ അറിയിക്കാൻ കഴിയുകയും ചെയ്യുന്നത് ഒരു വലിയ നേട്ടമാണെന്നും ഡോ. മർഫി കൂട്ടിച്ചേർത്തു.