ലണ്ടൻ-കൊച്ചി നേരിട്ടുള്ള വിമാനസർവീസ് നിര്‍ത്താലാക്കാന്‍ എയര്‍ ഇന്ത്യ. മാർച്ച് 28ന് ഗാറ്റ്‍വിക്കിൽ നിന്ന് കൊച്ചിയിലേക്കാണ് അവസാന സർവീസ്. യുകെയിലെ മലയാളി സമൂഹത്തിനു കനത്ത തിരിച്ചടിയാണ് ഈ തീരുമാനം.
ഡയറക്റ്റ് സര്‍വീസ് ഇല്ലാതാകുന്നത് യാത്രാ ചിലവ് വർദ്ധിപ്പിക്കുകയും യാത്രക്കാർക്ക് കൂടുതൽ അസൗകര്യമുണ്ടാക്കുകയും ചെയ്യും. നിലവിൽ എയർ ഇന്ത്യ എല്ലാ ആഴ്ചയും മൂന്ന് സർവീസുകളാണ് കൊച്ചിയിൽ നിന്ന് ലണ്ടൻ ഗാറ്റ്‌വിക്ക് എയർപോർട്ടിലേക്ക് നടത്തുന്നത്. ഈ സർവീസ് അവസാനിപ്പിക്കുന്നതോടെ കേരളത്തിന്റെയും യുകെയുടെയും ഏക നേരിട്ടുള്ള വിമാനസർവീസ് നഷ്ടമാകും. പുതിയ മാറ്റത്തോടെ കൊച്ചിക്കും ലണ്ടനും ഇടയിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് ദില്ലി, മുംബൈ, ബെംഗളൂരു വഴിയുള്ള കണക്ഷൻ ഫ്ലൈറ്റുകൾ പോലെയുള്ള ഇതര മാർഗങ്ങളെ ആശ്രയിക്കേണ്ടി വരും.
ടാറ്റാ ഗ്രൂപ്പിന്റെ കീഴിലുള്ള എയർ ഇന്ത്യ, കൊച്ചി ഒഴികെ അഹമ്മദാബാദ്, അമൃത്സർ, ഗോവ തുടങ്ങിയ നഗരങ്ങളിൽ നിന്നുള്ള ലണ്ടൻ വിമാന സർവീസുകൾ തുടരുമെന്ന് വ്യക്തമാക്കി.
2020ൽ കോവിഡ് കാലത്ത് വന്ദേഭാരത് മിഷന്റെ ഭാഗമായാണ് സർവീസ് ആരംഭിച്ചിരുന്നത്. യാത്രക്കാർ വർധിച്ചതോടെയാണ് ഒരു ദിവസം നടത്തിയിരുന്ന സർവീസ് മൂന്ന് ദിവസമായി വർധിപ്പിച്ചിരുന്നത്. പ്രവാസി മലയാളികൾക്ക് വലിയ ആശ്വാസമായ ഈ സർവീസ് അവസാനിപ്പിക്കുന്നതിൽ വിവിധയിടങ്ങളിൽ പ്രതിഷേധം ഉയർന്നുവരുന്നുണ്ട്.
ലണ്ടൻ-കൊച്ചി നേരിട്ടുള്ള വിമാനസർവീസ് റദ്ദാക്കുന്നത് പ്രവാസി മലയാളികൾക്കിടയിൽ വലിയ ആശങ്കയുണ്ടാക്കിയിരിക്കുകയാണ്. സർവീസ് തുടരണമെന്ന ആവശ്യപ്പെട്ട് യുകെ മലയാളികൾ സോഷ്യൽ മീഡിയയിൽ ക്യാമ്പയിൻ തുടങ്ങിയിട്ടുണ്ട്.
എയർ ഇന്ത്യ കൊച്ചി-ലണ്ടൻ ഡയറക്റ്റ് വിമാനസർവീസ് റദ്ദാക്കാനുള്ള നീക്കത്തിനെതിരെ എറണാകുളം എംപി ഹൈബി ഈഡൻ കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹൻ നായിഡുവിനെ സമീപിച്ചിട്ടുണ്ട്.
യുകെയിൽ ജോലി ചെയ്യുന്ന കേരളത്തിൽ നിന്നുള്ള ധാരാളം നഴ്‌സുമാരാണ് ഈ വിമാന സർവീസിനെ ആശ്രയിക്കുന്നത്. നേരിട്ടുള്ള സർവീസ് നിർത്തലാക്കുന്നത് നഴ്‌സുമാരുൾപ്പെടെയുള്ള പ്രവാസി സമൂഹത്തിനും ബിസിനസ് യാത്രക്കാരെയും വിനോദസഞ്ചാരികൾളെയും പ്രതികൂലമായി ബാധിക്കുമെന്നും എംപി പറഞ്ഞു