അയര്‍ലണ്ടിലെ ലൗത്ത് കൗണ്ടിയിൽ ആദ്യമായി 3D പ്രിന്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച വീടുകളിൽ കുടുംബങ്ങൾ താമസമാരംഭിക്കും. നൂതന ടെക്ക്‌നോളജിയുടെ സഹായത്തോടെ വേഗത്തിലും ചെലവ് കുറഞ്ഞതുമായ രീതിയിൽ നിർമ്മിച്ച ഈ വീടുകൾ, അയര്‍ലണ്ടിലെ ഭവന നിർമ്മാണത്തിന് ഒരു പുതിയ മാതൃക സൃഷ്ടിക്കും.
രണ്ട് നിലകളും മൂന്നു ബെഡ്റൂമുകളും ഉള്ള ടെറസ് വീടുകൾ കോൺക്രീറ്റിംഗ് പ്രക്രിയ സ്വയംപ്രവർത്തനത്തിൽ കൊണ്ടുവരുന്ന കൺസ്ട്രക്ഷൻ പ്രിന്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നിർമ്മിച്ചത്.
ഡണ്ടാല്കിൽ ഒരു ഔദ്യോഗിക ചടങ്ങില്‍ വച്ച്, ഗ്രേഞ്ച് ക്ലോസിലെ വീടുകൾ മുന്‍ ലൗത്ത് കൗണ്ടി കൗണ്‍സിലിന്റെ സാമൂഹ്യഭവന പട്ടികയില്‍ ഉണ്ടായിരുന്ന മൂന്ന് പ്രാദേശിക കുടുംബങ്ങൾക്ക് ഔദ്യോഗികമായി കൈമാറും.
വീടുകളുടെ നിർമ്മാണം നടത്തുന്നതിനായി, ഗാൻട്രിയിൽ 3D കോൺക്രീറ്റ് പ്രിന്റർ സ്ഥാപിച്ച്, ഡിജിറ്റൽ രൂപരേഖ അനുസരിച്ച് കോൺക്രീറ്റ് പൈപ്പ് ചെയ്യാൻ പ്രോഗ്രാമുചെയ്തു. ഈ രീതിയിൽ, കോൺക്രീറ്റ് ബ്ലോക്കുകൾ ഉപയോഗിക്കാതെ, പുതിയതായി കാവിറ്റി ചുമരുകൾ നിർമ്മിക്കപ്പെട്ടു.
മെയ് മുതൽ നവംബർ വരെ ആറുമാസം കൊണ്ടാണ് വീടുകളുടെ നിർമാണം പൂര്‍ത്തീകരിച്ചത്. സാധാരണ കോൺക്രീറ്റ് ബ്ലോക്കുകൾ ഉപയോഗിച്ചുള്ള 44 ദിവസത്തെ നിർമാണ രീതിയേക്കാൾ 60 ശതമാനം വേഗത്തിൽ ഈ വീടുകൾ നിർമ്മിച്ചു. മൊത്തം 132 പ്രവൃത്തിദിവസങ്ങൾകൊണ്ടാണ് നിർമാണം പൂർത്തിയായത്, പരമ്പരാഗത രീതിയിലുള്ള വീടുകള്‍ക്ക് 203 ദിവസം വേണ്ടിവരുമായിരുന്നു. അതായത് 35 ശതമാനം സമയം ലാഭിക്കാൻ കഴിഞ്ഞു. ഓരോ വീടിനും 110 ചതുരശ്ര മീറ്റർ വിസ്തീര്‍ണ്ണമാണുള്ളത്. A2 എനർജി റേറ്റിംഗോടുകൂടിയവയാണ് ഈ വീടുകൾ. നിർമാണ ചെലവ് വാറ്റ് ഉൾപ്പെടുത്താതെ ഏകദേശം €253,000 ആയിരുന്നു, പരമ്പരാഗത ഭവന നിർമ്മാണത്തിനും ഈ ചിലവാണ് വരുന്നത്.
നിര്‍മാണത്തിന് ഉപയോഗിച്ച COBOD 3D കൺസ്ട്രക്ഷൻ പ്രിന്റിംഗ് സാങ്കേതികവിദ്യ, ഓട്ടോമാറ്റിക് കോൺക്രീറ്റിംഗ് ചെയ്യുന്നതിന്റെ ഫലമായി, ഘടനയുടെ ശക്തി മെച്ചപ്പെടുകയും, അവശ്യവസ്തുക്കളുടെ കൂടുതൽ ഫലപ്രദമായ ഉപയോഗവും സാധ്യമായി, കൂടാതെ കുറഞ്ഞ സമയത്തിനുള്ളില്‍ കുറഞ്ഞ ചെലവില്‍ നിര്‍മാണം പൂര്‍ത്തികരിക്കാനായെന്നും പ്രൊജക്റ്റ് ഡെവലപ്പെഴ്സ് പറഞ്ഞു.
.