യുകെയിലെ മലയാളി സമൂഹത്തിനു ആശ്വാസം നല്‍കുന്ന തീരുമാനവുമായി എയര്‍ ഇന്ത്യ. മാര്‍ച്ച് 31 നു ശേഷം ലണ്ടൻ-കൊച്ചി നേരിട്ടുള്ള വിമാനസർവീസ് നിര്‍ത്താലാക്കാന്‍ ഉള്ള തീരുമാനം പുനഃപരിശോധിക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. എയര്‍ ഇന്ത്യയുടെ കൊച്ചിയില്‍ നിന്ന് ലണ്ടനിലേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ മാര്‍ച്ച് 28ന് അവസാനിപ്പിക്കുമെന്ന അറിയിപ്പ് വന്നതിന് പിന്നാലെ ബ്രിട്ടണിലെ മലയാളികളില്‍ നിന്നും കേരളത്തില്‍ നിന്നും ശക്തമായ എതിര്‍പ്പ് ഉയര്‍ന്നിരുന്നു.
ഇതോടെ കേരള സര്‍ക്കാരിന്‍റെ നിര്‍ദ്ദേശ പ്രകാരം കൊച്ചിന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ (സിയാൽ) മാനേജിങ് ഡയറക്ടര്‍ എസ് സുഹാസും സംഘവും ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ അധികൃതരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ചർച്ചയിൽ, കൊച്ചി-ലണ്ടൻ റൂട്ട് കേരളത്തിന്റെ യുകെയുമായുള്ള കണക്റ്റിവിറ്റിക്ക് വളരെ പ്രധാനമാണെന്ന് സിയാല്‍ അറിയിച്ചു. ചര്‍ച്ചയില്‍ സര്‍വീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച അനുകൂല നിലപാട് ലഭിച്ചെന്നാണ് വിവരം. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ സര്‍വീസ് പുനരാരംഭിക്കുന്ന കാര്യം പുനഃപരിശോധിക്കുമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ ഉറപ്പു നല്‍കിയതായി സിയാൽ അറിയിച്ചു.
കൊച്ചിയിൽ നിന്നുള്ള അന്താരാഷ്ട്ര കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിനും യാത്രക്കാരുടെ ആവശ്യങ്ങൾ പരിഗണിക്കുന്നതിനും ഇരുകക്ഷികളും പ്രതിജ്ഞാബദ്ധരാണെന്ന് സിയാലും എയര്‍ ഇന്ത്യയും അറിയിച്ചു. ഈ സർവീസ് വീണ്ടും ആരംഭിക്കുന്നതിനുള്ള സാധ്യതകൾ വിലയിരുത്തുന്നതിനായി കൂടുതൽ ചർച്ചകൾ നടക്കും. എയർ ഇന്ത്യ, വിമാന ലഭ്യതക്ക് അനുസരിച്ച് ഭാവിയിൽ കൊച്ചിയിൽ നിന്നുള്ള മൊത്തത്തിലുള്ള കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് പരിഗണിക്കുന്നുണ്ടെന്നും ഉറപ്പുനൽകി.