അമേരിക്കയിൽ ഐറിഷ് പൗരത്വം നേടാൻ ആഗ്രഹിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധന : റിപ്പോര്‍ട്ട്‌

അമേരിക്കയിൽ ഐറിഷ് പൗരത്വം നേടാൻ ആഗ്രഹിക്കുന്നവരുടെ എണ്ണം ഗണ്യമായി വർദ്ധിച്ചതായി പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നു. 2023-നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം യുഎസിലെ വിദേശ ജനന രജിസ്ട്രേഷനുകളുടെ എണ്ണം പകുതിയോളം വർദ്ധിച്ചു. വിദേശത്ത് കുടിയേറിയ ഐറിഷ് വംശജർക്ക് പൗരത്വം നേടാൻ അനുമതി നൽകുന്ന പദ്ധതിയായ ഫോറിൻ ബർത്ത്സ് രജിസ്റ്ററിലേക്ക് അപേക്ഷിക്കുന്നവരുടെ എണ്ണം കഴിഞ്ഞ വർഷം കൂടിയതായി വിദേശകാര്യ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം, യുഎസില്‍ അയർലണ്ട് പാസ്പോർട്ടിനായുള്ള അപേക്ഷകളുടെ എണ്ണവും 10% വർദ്ധിച്ചിട്ടുണ്ട്.

2023-ൽ 7,726 ആയിരുന്ന രജിസ്ട്രേഷൻ എണ്ണം 2024-ൽ 11,601 ആയി ഉയർന്നതായി വിദേശകാര്യ വകുപ്പിന്റെ കണക്കുകൾ കാണിക്കുന്നു. കഴിഞ്ഞ വർഷം മൊത്തം വിദേശ ജനന രജിസ്ട്രേഷനുകളിൽ 27% അമേരിക്കയിൽ നിന്നുമാണ് ലഭിച്ചത്. കഴിഞ്ഞ പത്ത് വർഷമായി വിദേശ ജനന രജിസ്ട്രേഷനുകളുടെ ആകെ എണ്ണം സ്ഥിരമായി വർദ്ധിച്ചുകൊണ്ടിരിക്കുന്നു. 2015-ൽ ആകെ 6,116 രജിസ്ട്രേഷനുകൾ ഉണ്ടായപ്പോൾ, 2024-ൽ ഇത് 42,808 ആയി വർദ്ധിച്ചതായാണ് കണക്കുകള്‍.

അതേസമയം, 2024-ൽ ഐറിഷ് പാസ്‌പോർട്ടിനായുള്ള അപേക്ഷകളുടെ എണ്ണം അമേരിക്കയിൽ 10% വർദ്ധിച്ചു. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഐറിഷ് പൗരത്വം നേടാൻ ആഗ്രഹിക്കുന്നവരുടെ എണ്ണം ഗണ്യമായി കൂടിയതിൽ ബ്രിട്ടൻ, അമേരിക്ക, കാനഡ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഏറ്റവും പ്രധാന പങ്ക് വഹിച്ചത്.

അമേരിക്കയിൽ നിന്ന് വരുന്ന ഐറിഷ് പാസ്‌പോർട്ട് അപേക്ഷകൾ മൊത്തം അപേക്ഷകളുടെ വെറും 3.2% മാത്രമാണ്, എന്നാൽ അപേക്ഷകളുടെ എണ്ണം സമീപ വർഷങ്ങളിൽ സ്ഥിരമായി വർദ്ധിച്ചുകൊണ്ടിരിക്കുന്നു. കഴിഞ്ഞ വർഷം അമേരിക്കയിൽ നിന്ന് 31,825 പാസ്‌പോർട്ട് അപേക്ഷകളാണ് ലഭിച്ചത്, ഇത് മുന്‍ വർഷത്തേക്കാൾ ഇരുപത് ശതമാനം അധികം ഉയർന്നതാണ്.

2024 നവംബർ മാസത്തിൽ, യുഎസിൽ നിന്ന് പത്ത് വർഷത്തിനിടെ ഏറ്റവും കൂടുതൽ പാസ്‌പോർട്ട് അപേക്ഷകൾ ലഭിച്ചതായി RTÉ ന്യൂസ് റിപ്പോർട്ട് ചെയ്തു, ആകെ 3,692 അപേക്ഷകൾ ആണ് ലഭിച്ചത്.

അമേരിക്കക്കാർ ഐറിഷ് പൗരത്വം നേടാൻ തിരഞ്ഞെടുക്കുന്നതിന് പല കാരണങ്ങളുണ്ട്. “ചിലർക്ക് അത് അയർലൻഡിനോടുള്ള അഗാധമായ ബന്ധമാണ്. അത് നമുക്ക് അവഗണിക്കാനാവില്ല. മറ്റുചിലർ, പ്രായോഗിക കാരണങ്ങളാൽ ഐറിഷ് പാസ്പോർട്ടിന്റെ മൂല്യം മനസ്സിലാക്കുന്നു. ഇത് യൂറോപ്യൻ യൂണിയനിലേക്കുള്ള ഒരു വാതിൽ പോലെയാണ്… ഉദാഹരണത്തിന്, സാമ്പത്തിക കാരണങ്ങളാൽ അവർക്ക് അയർലൻഡിലെ ഒരു സർവകലാശാലയിൽ പഠിക്കാൻ ആഗ്രഹമുണ്ടാകാം. അയർലൻഡിൽ തേര്‍ഡ് ലെവല്‍  വിദ്യാഭ്യാസം യുഎസിനേക്കാൾ വളരെ കുറഞ്ഞ ചെലവിലാണ്.” ബോസ്റ്റൺ ഐറിഷ് കൾച്ചറൽ സെന്ററിന്റെ പ്രസിഡന്റ് മാർട്ടിന കർട്ടിൻ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: