കുറഞ്ഞ വിലയ്ക്ക് ആപ്പുകൾ ലഭിക്കുന്നത് തടഞ്ഞു, പരസ്യങ്ങൾ കാണാൻ നിർബന്ധിച്ചു:ആപ്പിളിനും മെറ്റയ്ക്കും വൻ പിഴയിട്ട് ഇയു കമ്മീഷൻ

ടെക് ഭീമന്മാരായ ആപ്പിളിനും, മെറ്റയ്ക്കും വമ്പന്‍ തുക പിഴയിട്ട് യൂറോപ്യന്‍ കമ്മീഷന്‍. യൂറോപ്യന്‍ യൂണിയനിലെ കോംപറ്റീഷന്‍ നിയമങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയാണ് ആപ്പിളിന് 500 മില്യണ്‍ യൂറോയും, മെറ്റയ്ക്ക് 200 മില്യണ്‍ യൂറോയും പിഴയിട്ടത്.

ആപ്പിളിന്റെ ആപ്പിന് പുറത്തുള്ള അപ്ലിക്കേഷനുകള്‍ കുറഞ്ഞ വിലയ്ക്ക് ലഭിക്കുമെന്നിരിക്കെ അവ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതില്‍ നിന്നും ആപ്പ് ഡെവലപ്പര്‍മാരെ തടഞ്ഞതിന്റെ പേരിലാണ് ആപ്പിളിന് പിഴ ശിക്ഷ. അതേസമയം സബ്‌സ്‌ക്രിപ്ഷന്‍ വാങ്ങാത്ത പക്ഷം ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം എന്നിവയില്‍ പരസ്യങ്ങള്‍ കാണാന്‍ ഉപയോക്താക്കളെ നിര്‍ബന്ധിച്ചതിനാണ് മെറ്റയ്ക്ക് പിഴയിട്ടിരിക്കുന്നത്.

ഉപയോക്താക്കള്‍ക്ക് തെരഞ്ഞെടുപ്പിന് സൗകര്യം നല്‍കാതെ വമ്പന്‍ കമ്പനികള്‍ അപ്രമാദിത്വം കാണിക്കുന്നതിന് തടയിടുന്ന Digital Markets Act (DMA) ആണ് ആപ്പിളും, മെറ്റയും ലംഘിച്ചിരിക്കുന്നതെന്ന് കമ്മീഷന്‍ വ്യക്തമാക്കി.

അതേസമയം യുഎസ്-ഇയു താരിഫ് പ്രതിസന്ധി നിലനില്‍ക്കുന്നതിനിടെ തങ്ങളുടെ രാജ്യത്തെ കമ്പനികള്‍ക്ക് മേല്‍ വലിയ തുകകള്‍ പിഴ ചുമത്തിയത് യുഎസ് സര്‍ക്കാരിനെ ചൊടിപ്പിച്ചേക്കും. ടെക് കമ്പനികളുടെ മേലുള്ള ഇയു നിയമങ്ങള്‍ക്കെതിരെ നേരത്തെ തന്നെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും, അദ്ദേഹം നയിക്കുന്ന സര്‍ക്കാരും എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. കമ്പനികള്‍ക്ക് മേല്‍ ചുമത്തുന്ന പിഴയും ഒരുതരം നികുതിയായാണ് അവര്‍ കാണുന്നത്.

തങ്ങളുടെ മേല്‍ ചുമത്തിയിരിക്കുന്ന പിഴയ്‌ക്കെതിരെ അപ്പീല്‍ പോകുമെന്ന് പറഞ്ഞ ആപ്പിള്‍, കമ്പനിയെ ന്യായരഹിതമായി ലക്ഷ്യമിടുകയാണെന്നും പ്രതികരിച്ചിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: