നോര്‍ത്ത് കൗണ്ടി ഡബ്ലിനില്‍ വേഗപരിശോധനയ്ക്കിടെ ഗാര്‍ഡ ഉദ്യോഗസ്ഥനായ Kevin Flatley വാഹനമിടിച്ച് മരിച്ച സംഭവത്തില്‍ ഇടപെട്ട് ഗാര്‍ഡ കമ്മീഷണര്‍. രാജ്യത്തെ റോഡ് സുരക്ഷാ സമീപനത്തില്‍ കാര്യമായ മാറ്റം വരുത്തണമെന്ന് ഗാര്‍ഡ കമ്മീഷണര്‍ Drew Harris പറഞ്ഞു. ഇന്നലെ ഉച്ചയ്ക്കാണ് നോര്‍ത്ത് കൗണ്ടി ഡബ്ലിനില്‍ വാഹനങ്ങളുടെ വേഗം പരിശോധിക്കുന്നതിനിടെ 49-കാരനായ Kevin Flatley-യെ മോട്ടോര്‍സൈക്കിള്‍ ഇടിച്ചത്. അപകടത്തില്‍ മോട്ടോര്‍സൈക്കിള്‍ ഓടിച്ചയാള്‍ ഗുരുതര പരിക്കോടെ ആശുപത്രിയിലുമാണ്.
റോഡ് നിയമങ്ങള്‍ പരിപാലിക്കുന്നതിനിടെ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാറുണ്ടെന്നും, ഗാര്‍ഡ അംഗങ്ങള്‍ നേരിടുന്ന അപകടങ്ങള്‍ വളരെ വലുതാണെന്നും കമ്മീഷണര്‍ പറഞ്ഞു. ഇത്തരം സംഭവങ്ങളില്‍ കടുത്ത ശിക്ഷ നല്‍കാനുള്ള നിയമങ്ങള്‍ നിലവിലുണ്ടെങ്കിലും, റോഡ് സുരക്ഷയുടെ കാര്യത്തില്‍ കാതലായ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഡ്യൂട്ടിക്കിടെ കൊല്ലപ്പെടുന്ന തൊണ്ണൂറാമത്തെ ഗാര്‍ഡ ഉദ്യോഗസ്ഥനാണ് Kevin Flatley എന്നും കമ്മീഷണര്‍ പറഞ്ഞു.
പ്രസിഡന്റ്, പ്രധാനമന്ത്രി, ഉപപ്രധാനമന്ത്രി, നീതിന്യായവകുപ്പ് മന്ത്രി മുതലായവര്‍ കൊല്ലപ്പെട്ട ഗാര്‍ഡ Kevin Flatley-ക്ക് ആദരാഞ്ജലികളര്‍പ്പിച്ചു.
കഴിഞ്ഞ 26 വര്‍ഷമായി ഗാര്‍ഡയില്‍ പ്രവര്‍ത്തിക്കുന്ന Flatley, 2018 മുതലാണ് റോഡ്‌സ് പൊലീസിങ്ങില്‍ യൂണിറ്റില്‍ എത്തിയത്.