2025 സീസണില്‍ ബ്ലൂ ഫ്ളാഗുകളുടെ എണ്ണത്തിന്റെ കാര്യത്തില്‍ റെക്കോര്‍ഡിട്ട് അയര്‍ലണ്ടിലെ ബീച്ചുകളും മറീനകളും. നേരത്തെയുണ്ടായിരുന്ന 85 ബ്ലൂ ഫ്ളാഗുകളുടെ റെക്കോര്‍ഡ് തകര്‍ത്തുകൊണ്ട് ഇത്തവണ 89 ബ്ലൂ ഫ്ളാഗുകളാണ് ബീച്ചുകള്‍ നേടിയിരിക്കുന്നത്. 10 മറീനകള്‍ക്കും ബ്ലൂ ഫ്ളാഗ് ലഭിച്ചിട്ടുണ്ട്.
അയര്‍ലണ്ടിലെ പരിസ്ഥിതി സംരക്ഷണ ഗ്രൂപ്പായ An Taisce ആണ് ബീച്ചുകളിലെയും, മറീനകളിലെയും വിവിധ കാര്യങ്ങളുടെ ഗുണനിലവാരം പരിശോധിച്ച് പ്രശസ്തമായ ബ്ലൂ ഫ്ളാഗുകള്‍ നല്‍കുന്നത്. വെള്ളത്തിന്റെ ഗുണനിലവാരം, ബീച്ച് സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ നല്കല്, പരിസ്ഥിതി സംരക്ഷണ ബോധവല്‍ക്കരണം, സുരക്ഷ മുതലായ കാര്യങ്ങളാണ് പരിഗണിക്കുക.
15 ബ്ലൂ ഫ്ളാഗുകള്‍ ലഭിച്ച കെറിയാണ് കൗണ്ടികളില്‍ ഏറ്റവും മുന്നില്‍. 14 ബ്ലൂ ഫ്ളാഗുകളുമായി ഡോണഗല്‍ തൊട്ടുപിന്നിലുണ്ട്. മുമ്പ് പല തവണ ഫ്ളാഗ് ലഭിക്കാതിരുന്ന പല ബീച്ചുകളും ഇത്തവണ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. Co Mayo-യിലെ Achill Island-ലുള്ള Keel Beach തുടര്‍ച്ചയായി 37-ആം തവണയും ബ്ലൂ ഫ്ളാഗ് കരസ്ഥമാക്കി.
2025-ലെ ‘ഗ്രീന്‍ കോസ്റ്റ്’ അവാര്‍ഡ് നേടിയത് രാജ്യത്തെ 70 ബീച്ചുകളാണ്. കഴിഞ്ഞ വര്‍ഷവും 70 ബീച്ചുകള്‍ ഗ്രീന്‍ കോസ്റ്റ് അവാര്‍ഡ് നേടി റെക്കോര്‍ഡിട്ടിരുന്നു. ബീച്ചുകളുടെ വൃത്തിയുള്ള പരിസരം, മികച്ച ജല ഗുണനിലവാരം, സ്വാഭാവിക സൗന്ദര്യം മുതലായവയാണ് ഈ അവാര്‍ഡിനായി പരിഗണിക്കുന്നത്.
ഇത്തവണ ഗ്രീന്‍ കോസ്റ്റ് അവാര്‍ഡും, ബ്ലൂ ഫ്ളാഗും നേടിയ പത്ത് ബീച്ചുകളാണ് രാജ്യത്തുള്ളത്:
Fountainstown and Inchydoney East beach in Co Cork
Balcarrick, Donabate in Fingal
Salthill and Silverstrand beaches in Galway City
Trá Inis Oírr in Co Galway
Baile an Sceilg in Co Kerry
Bettystown in Co Meath
Enniscrone and Rosses Point beach in Sligo.
ബ്ലൂ ഫ്ളാഗ് ബീച്ചുകളുടെയും, മറീനകളുടെയും വിവരങ്ങള്‍ കാണാന്‍: https://beachawards.ie/blue-flag/sites-2-2/